ന്യൂസ് ഡെസ്ക് മലയാളം യുകെ

സമീപഭാവിയിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കുമോ? സ്വന്തമായി വീട് വാങ്ങാൻ ആഗ്രഹിക്കുന്ന യുകെ മലയാളികൾ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന വാർത്തയാണിത്. നിലവിൽ 5.25 ശതമാനമാണ് പലിശ നിരക്ക്.പണപ്പെരുപ്പവും വിലക്കയറ്റവും നിയന്ത്രണ വിധേയമായതിനാൽ പലിശ നിരക്ക് കുറയ്ക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഏറ്റവും പുതിയ യോഗത്തിൽ നടന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു.

എന്നാൽ ബാങ്കിൻറെ പോളിസി കമ്മിറ്റിയിൽ പലിശ നിരക്ക് വെട്ടികുറയ്ക്കുന്നതിനോട് അനുബന്ധിച്ച് ഏകാഭിപ്രായം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ഒരാൾ പലിശ നിരക്ക് 5% ആക്കാൻ വോട്ട് ചെയ്തപ്പോൾ രണ്ട് അംഗങ്ങൾ നിരക്ക് 5.5 % ആയി ഉയർത്തണമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ബാക്കിയുള്ള 6 അംഗങ്ങൾ നിരക്ക് മാറ്റമില്ലാതെ നിലനിർത്തണമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. 2008 -ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ആദ്യമായാണ് നിരക്കുകൾ കൂട്ടണോ കുറയ്ക്കണോ അതോ മാറ്റമില്ലാതെ തുടരണോ എന്ന കാര്യത്തിൽ അംഗങ്ങളുടെ ഇടയിൽ ഇത്രയും ഭിന്നാഭിപ്രായം രൂപപ്പെടുന്നത്. എന്നാൽ നിരക്കുകൾ കുറയ്ക്കാൻ പണപ്പെരുപ്പം നിയന്ത്രണവിധേയമാണോ എന്ന കാര്യത്തിൽ കൂടുതൽ തെളിവുകൾക്കായി കാത്തിരിക്കുകയാണെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവർണർ ആൻഡ്രൂ ബെയ്ലിപറഞ്ഞു.

നിലവിൽ യുകെയിലെ ശരാശരി മോർട്ട്ഗേജ് നിരക്കുകൾ രണ്ടു വർഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് . 2021 നവംബറിനു ശേഷം ആദ്യമായാണ് മോർട്ട്ഗേജുകളുടെ ശരാശരി പലിശ നിരക്ക് ഇത്രയും കുറയുന്നത്. നേരത്തെ 5.34 ആയിരുന്ന മോർട്ട്ഗേജ് നിരക്ക് കുറഞ്ഞ് 5.25 ശതമാനമായത് വായ്പ എടുക്കാനിരിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് പ്രയോജനപ്രദമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മോർട്ട്ഗേജ് നിരക്കുകൾ കുറഞ്ഞത് ഭവന വിപണിയിൽ പുത്തൻ ഉണർവിന് കാരണമായിട്ടുണ്ട് . പുതിയതായി ലോൺ എടുക്കാനിരിക്കുന്നവരെ കൂടാതെ റീ മോർട്ട്ഗേജ് ചെയ്യുന്നവർക്കും പലിശ നിരക്കിലെ കുറവ് പ്രയോജനം ചെയ്തതായാണ് കണക്കുകൾ കാണിക്കുന്നത്. റീ മോർട്ട്ഗേജ് നടത്തിയവരുടെ എണ്ണം നവംബറിൽ 25,700 ആയിരുന്നത് ഡിസംബറിൽ 30,800 ആയി ഉയർന്നത് ഇതിന്റെ സൂചനയാണ്. അതേസമയം മോർട്ട്ഗേജ് നിരക്കുകൾ കുറഞ്ഞത് കൂടുതൽ ആളുകൾ ഭവന വിപണിയിൽ പ്രവേശിക്കുന്നതിനും അതേ തുടർന്ന് വീടുകളുടെ വില വർധനവിനും കാരണമാകുമെന്ന വിലയിരുത്തലുകളും വിദഗ്ധർ പങ്കു വയ്ക്കുന്നുണ്ട്.


വീട് വാങ്ങുന്നവരെ സഹായിക്കാനുള്ള പദ്ധതികൾ പുതിയ ബഡ്ജറ്റിൽ ഉണ്ടാകുമെന്നുള്ള വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു . ആദ്യമായി വീട് വാങ്ങുന്നവർക്ക് 99% മോർട്ട്ഗേജ് നൽകാനുള്ള വിപ്ലവകരമായ തീരുമാനം സർക്കാർ പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ്. ഇതിൻ പ്രകാരം വെറും ഒരു ശതമാനം മാത്രമാണ് വീട് വാങ്ങുന്നവർ നിക്ഷേപം നടത്തേണ്ടതുള്ളൂ. ആവശ്യമായ ഗ്യാരന്റി സ്വീകരിച്ചുകൊണ്ട് 99 ശതമാനം പണവും ലോണായി നൽകുന്ന ഈ പദ്ധതി വൻ ജനസ്വീകാര്യത ലഭിക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. യുകെയിൽ ശരാശരി 290,000 എന്ന വിലയ്ക്ക് ഒരു വീട് വാങ്ങാൻ ആഗ്രഹിക്കുന്ന വ്യക്തി പുതിയ സ്കീമിന്റെ കീഴിൽ 2900 പൗണ്ട് മാത്രം ആദ്യം ചെലവഴിച്ചാൽ മതിയാകും . എന്നാൽ നിലവിൽ ബാങ്കുകൾക്കും ബിൽഡിങ് സൊസൈറ്റികൾക്കും ഇപ്പോൾ കുറഞ്ഞത് 10 ശതമാനം നിക്ഷേപം ആവശ്യമാണ്.

ഇതുവരെ സ്വന്തമായി വീട് ഇല്ലാത്ത യുവ വോട്ടർമാരെ പുതിയ പദ്ധതിയിലൂടെ ആകർഷിക്കാൻ കഴിയുമെന്നാണ് പ്രധാനമന്ത്രി ഋഷി സുനകും ചാൻസിലർ ജെറമി ഹണ്ടും പ്രതീക്ഷിക്കുന്നത്. എന്നാൽ പുതിയ പദ്ധതി വീടുകളുടെ വിലയിൽ വൻ കുതിച്ചു ചാട്ടത്തിന് കാരണമാകുമെന്നാണ് കരുതപ്പെടുന്നത്. വമ്പിച്ച ഭവന ക്ഷാമം പരിഹരിക്കാതെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ഒട്ടേറെ പേർ വിപണിയിൽ വീട് വാങ്ങാൻ ശ്രമിക്കുന്നത് മൂലം വീടുകളുടെ വിലയിൽ വൻവർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രോപ്പർട്ടി വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ് .