പി. സരിൻ്റെ രാഷ്ട്രീയ നിലപാടുകളുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സരിൻ്റെ ഭാര്യയും ശിശുരോഗവിദഗ്ദ്ധയുമായ ഡോ.സൗമ്യ സരിൻ. സരിൻ പാർട്ടി വിട്ടതിനുപിന്നാലെ സൗമ്യയ്ക്ക് നേരെയും സൈബർ ആക്രമണമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിൽ ഒരു പോസ്റ്റ് സൗമ്യ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ സൗമ്യ ഇരവാദം ഉയർത്തുകയാണെന്ന രീതിയിൽ വിമർശനം ഉയർന്നു. ഇതിനുള്ള മറുപടിയായാണ് പുതിയ വീഡിയോ സൗമ്യ ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്. സൈബർ ബുള്ളിയിങ് തനിക്ക് പുതിയ കാര്യമല്ലെന്നും സരിനും താനും രണ്ട് പൊതുജീവിതമുള്ള വ്യക്തികളാണെന്നും ഇരുവർക്കും സ്വന്തം താത്പര്യത്തിനനുസരിച്ച് തീരുമാനമെടുക്കാനുള്ള വ്യക്തിസ്വാതന്ത്ര്യം അന്യോന്യം നൽകുന്നവരാണെന്നും സൗമ്യ വ്യക്തമാക്കി. സരിൻ്റെ ഇടതുപക്ഷത്തേക്കുള്ള മാറ്റവുമായി ബന്ധപ്പെട്ട് തന്നോട് നിലപാട് ചോദിച്ച മാധ്യമങ്ങളടക്കമുള്ളവർക്കുള്ളവരോട് മറുപടി പറയുകയാണ് വീഡിയോയിലെന്നും സൗമ്യ വ്യക്തമാക്കി.
സൗമ്യ പങ്കുവെച്ച വീഡിയോയിൽ നിന്ന്
കേരളത്തിലെ രാഷ്ട്രീയസാഹചര്യങ്ങളാകെ കലങ്ങിമറിഞ്ഞുകൊണ്ടിരിക്കുകയാണ്. പാലക്കാട്,വയനാട്,ചേലക്കര ഉപതിരഞ്ഞെടുപ്പുകളൊക്കെ വളരെ ചൂട് പിടിച്ചുകൊണ്ടിരിക്കുകയാണ്. അതുമായി ബന്ധപ്പെട്ട് നേരിട്ടല്ലെങ്കില്‍ പോലും ഞാനും ചര്‍ച്ചകളുടെ ഭാഗമാകുകയാണ്. ഡോ.പി.സരിന്‍ എന്റെ ജീവിതപങ്കാളിയായതുകൊണ്ടു തന്നെ രാഷ്ട്രീയത്തിലില്ലെങ്കില്‍ പോലും എന്റെ പേരും ഇതിന്റെയിടയില്‍ വന്നു. അതുമായി ബന്ധപ്പെട്ട് ഞാനൊരു പോസ്റ്റുമിട്ടിരുന്നു. അതിനുശേഷം സരിന്റെ ഭാര്യ എന്ന നിലയില്‍ സൈബര്‍ ബുള്ളിയിങ്ങിനെ കുറിച്ച് പ്രതികരണം വേണമെന്നാവശ്യപ്പെട്ട് മാധ്യമങ്ങള്‍ വിളിക്കുകയും ചെയ്തിരുന്നു. അന്ന് ആ പോസ്റ്റില്‍ പറഞ്ഞതേ പറയാനുള്ളൂ എന്ന് അവരോട് വ്യക്തമാക്കിയതുമാണ്. പക്ഷേ പി.സരിന്‍ മീഡിയയുടെ മുന്നില്‍ നില്‍ക്കുന്ന ആളായത് കൊണ്ട് അദ്ദേഹവും ഈ ചോദ്യത്തിന് മറുപടി പറയാന്‍ നിര്‍ബന്ധിതനാകുമല്ലോ.അപ്പോള്‍ ആളുകള്‍ പറഞ്ഞു സൈബര്‍ ബുള്ളിയിങ് നേരിടുകയാണ് എന്ന് പറഞ്ഞ് ഞാന്‍ ഇരവാദം ഉയര്‍ത്തുകയാണ് എന്ന്.
സൈബര്‍ ബുള്ളിയിങ് എന്നത് പ്രത്യേകിച്ച് സൈബര്‍ ലോകത്ത് നില്‍ക്കുമ്പോള്‍. എന്റെ പേജില്‍ പല കാര്യങ്ങളെകുറിച്ചും എന്റെ അഭിപ്രായങ്ങള്‍ ഒരു ചായ്വുമില്ലാതെ പറയുന്നയാളാണ്. അതുകൊണ്ടുതന്നെ സൈബര്‍ ബുള്ളിയിങ് നേരത്തെയും നേരിടേണ്ടിവന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ എനിക്ക് സൈബര്‍ ബുള്ളിയിങ് ഒരു പുതിയകാര്യമോ പുത്തരിയോ ഒന്നുമല്ല. ഞാന്‍ അത് എങ്ങനെ നേരിടേണമെന്ന് കാലക്രമേണ, സാമൂഹിക മാധ്യമത്തില്‍ നില്‍ക്കാമെന്ന് ഞാന്‍ തീരുമാനമെടുത്തപ്പോള്‍ മുതല്‍ ഞാനുണ്ടാക്കിയെടുത്ത ഒരു പ്രതിരോധമാണെന്ന് പറയാം. അത് എനിക്കുണ്ട്. സൈബര്‍ ബുള്ളിയിങ് വന്നതുകൊണ്ട് ഞാന്‍ കരയുകയോ സങ്കടപ്പെടുകയോ ഒന്നും ഇല്ല. പിന്നെ ഈ പറയുന്ന ഇരവാദം. ഇര എന്നുപറയുന്ന വാക്കിനോട് തന്നെ എനിക്ക് അമര്‍ഷവും പ്രതിഷേധവുമുണ്ട്. സ്ത്രീകള്‍ പീഡനം നേരിടേണ്ടിവരികയാണ്, ഇവിടെയൊക്കെ പറയുന്ന വാക്കാണ് ഇര. ഇര എന്നുപറഞ്ഞാല്‍ വേട്ടക്ക് നിന്നുകൊടുക്കുന്ന നിസ്സഹായായ ഒരു മൃഗമാണ്. നിസ്സഹായതയുടെ പ്രതീകമായാണ് ഇര എന്ന വാക്ക് കാണുന്നത്. അതൊരു കാരണവശാലും സ്ത്രീകളെ ഇര എന്ന് പറഞ്ഞ് നിസ്സാരവത്കരിക്കുന്നതിനോട് എനിക്ക് താത്പര്യമില്ല. ഞാന്‍ എവിടെയും പോയി കരയില്ല.
നന്മയും തിന്മയും എല്ലാ വിഭാഗങ്ങളിലുമുണ്ട്. ഇടതാണെങ്കിലും വലതാണെങ്കിലും ബിജെപിയിലുമുണ്ട്. പാര്‍ട്ടിയുണ്ടാക്കിയത് ആളുകളാണ്. അപ്പോള്‍ അവരുടെ സ്വഭാവസവിശേഷതകള്‍ അവരുടെ പ്രതികരണത്തിലും വരും. ഒരു പാര്‍ട്ടിയേ മാത്രം വിമര്‍ശിക്കുന്നതില്‍ അര്‍ഥം ഇല്ലെന്ന് എനിക്കറിയാം. മൂന്നു നാലു ദിവസം മുന്‍പ് വരെ എന്റെ ഭര്‍ത്താവ് കോണ്‍ഗ്രസിലായിരുന്ന സമയത്ത് ഇടതുപക്ഷത്തിന്റെ സൈബര്‍ ബുള്ളിയിങ് ആയിരുന്നു നേരിട്ടത്. ഇപ്പോള്‍ നേരിടുന്നത് വലതുപക്ഷത്തില്‍ നിന്നുള്ളതാണ് എന്ന് പറയാം. ഇതിനിടയില്‍ കോമണായിട്ട് ബിജെപിക്കാരും. ഇതൊക്കെ എനിക്ക ശീലമാണ്. ഇതിന്റെയൊക്കെ അസ്ഥിരത എനിക്കറിയാം. ഞാന്‍ നിന്നിട്ടല്ല, എന്റെ ഭര്‍ത്താവ് ഒരു ഭാഗത്ത് നില്‍ക്കുന്നത് കൊണ്ടാണ് എന്നെ കല്ലെറിയുന്നതെന്നും എനിക്കറിയാം. എനിക്ക് നേരിട്ട് ബന്ധം പോലുമില്ല. പക്ഷേ ഇങ്ങനെ വരുന്ന വെറുപ്പിനും സ്‌നേഹത്തിനുമൊക്കെ അത്ര ആയുസ്സേ ഉള്ളൂ. നാലുദിവസം മുമ്പ് വരെ സ്‌നേഹിച്ചവരും പിന്തുണച്ചവരുമാണ് ഇന്ന് വെറുപ്പ് കാണിക്കുന്നത്. നാലുദിവസം മുമ്പ് വരെ വെറുപ്പ് കാണിച്ചവരാണ് ഇന്ന് സ്‌നേഹിക്കുന്നത്. ഇതില്‍ സ്ഥിരതയില്ല എന്നത് മനസ്സിലാക്കിയ ആളാണ് ഞാന്‍. ഈ സ്‌നേഹത്തില്‍ എനിക്ക് സന്തോഷവുമില്ല, വെറുപ്പില്‍ സങ്കടവുമില്ല. സോഷ്യല്‍ മീഡിയ എന്റെ ജീവിതത്തിന്റെ ഭാഗമല്ലായെന്ന് വ്യക്തമായി അറിയാം. നാലുദിവസം മുമ്പ് വരെ ഇടതുപക്ഷത്തെ സൈബര്‍ലോകത്തുള്ളവര്‍ എന്നെ വിളിക്കുന്ന ഒരു ഇരട്ടപേരുണ്ടായിരുന്നു. യുഡിസി കുമാരി എന്നായിരുന്നു. എന്റെ സൗഹൃദവലയത്തില്‍ എല്ലാ പാര്‍ട്ടിയില്‍ നിന്നുള്ളവരുമുണ്ട്. കൊടിയുടെ നിറം നോക്കിയല്ല ഞങ്ങള്‍ കാണുന്നത്. ഇങ്ങനെയുള്ള ട്രോളുകളൊക്കെ ഇടതുസുഹൃത്തുക്കളായി ഇരുന്ന് ചിരിക്കാറുണ്ട്. ഇതൊക്കെ ആസ്വദിക്കുന്നയാളാണ് ഞാന്‍ ദയവു ചെയ്ത് ഇരവാദം എന്നത് എന്റേ മേല്‍ ചാരരുത്. എനിക്കിതില്‍ യാതൊരു സങ്കടവുമില്ല. നിര്‍ധനരായ 50 കുട്ടികള്‍ക്ക് സൗജന്യ ഹൃദയശസ്ത്രക്രിയ നല്‍കുന്നു എന്ന വിവരം പങ്കുവെച്ച് കൊണ്ടുള്ള വീഡിയോയുടെ താഴെയാണ് ഇത്തരം മോശം കമന്റുകളിട്ടത്. അതുകൊണ്ട് മാത്രമാണ് ആ പോസ്റ്റിട്ടത്.
വിഷമം പറയുന്ന പ്രതിഷേധം അറിയിക്കുന്നവരും ഉണ്ട്. കോണ്‍ഗ്രസ് അനുഭാവികളായിരിക്കും. സ്‌നേഹം കൊണ്ടും കരുതല്‍ കൊണ്ടും പറയുന്നവരുണ്ട്. ഞങ്ങള്‍ ജീവിതപങ്കാളികളാണ് 2009 മുതല്‍ ഒന്നിച്ച് ജീവിക്കുന്നവരാണ്. എന്റെയും സരിന്റെയും കുടുംബം എന്ന് പറയുന്നത്, ഞങ്ങള്‍ തമ്മിലുള്ള ഡീല്‍ എന്ന് തന്നെ പറയാം വ്യത്യസ്തമായിട്ടുള്ളതാണ്. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും സൗകാര്യജീവിതം പോലെ തന്നെ പൊതുജീവിതവുമുണ്ട്. സരിനെ ഉപദേശിച്ചുകൂടെ എന്ന് എന്നോട് ചോദിച്ചവരുമുണ്ട്. ഞങ്ങളുടെ ജോലിയും വേഷവും നിലപാടുമൊക്കെ വൈരുദ്ധ്യമുള്ളതാണ്. രണ്ട് വ്യത്യസ്ത കാര്യങ്ങള്‍ ഞങ്ങള്‍ക്കിടയിലുണ്ട്. ഡോ.സൗമ്യ സരിന്‍ എന്നൊരു വാല് എനിക്കുണ്ടെങ്കിലും ഞാന്‍ ഡോ സൗമ്യയും അവിടെ ഡോ സരിനുമാണ്. എന്റെ താത്പര്യങ്ങളില്‍ സരിന് അഭിപ്രായം പറയാം പക്ഷേ തീരുമാനം എടുക്കാന്‍ കഴിയില്ല. തിരിച്ചും അങ്ങനെ തന്നെ. അന്തിമതീരുമാനം അത് എടുക്കുന്ന വ്യക്തിയുടേതാണ്. ഞങ്ങള്‍ പ്രാധാന്യം കൊടുക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിനാണ്. ആ തീരുമാനം എടുത്താല്‍ അത് മുന്നോട്ട് കൊണ്ടുപോവാനും അതിലെ തെറ്റും ശരിയും വിലയിരുത്തേണ്ടതും അതേ ആള്‍ തന്നെയാണ്. സരിന്‍ രാഷ്ട്രീയത്തില്‍ ഒരു തീരുമാനം എടുത്തിട്ടുണ്ടെങ്കില്‍ അത് ആലോചിച്ചിട്ടല്ലേ എടുക്കൂ. അത് ഞാന്‍ ബഹുമാനിക്കും. തെറ്റോ ശരിയോ എന്നത് കാലം തെളിയിക്കട്ടെ. എനിക്ക് ഇതാണ് പറയാനുള്ളത്.
Leave a Reply