ന്യൂസ് ഡെസ്ക് മലയാളം യുകെ
ജൊഹാനസ്ബർഗ്: വർണവിവേചനത്തിനെതിരെ സധൈര്യം പോരാടിയ ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടുവിന് (90) ദക്ഷിണാഫ്രിക്കയുടെ കണ്ണീരിൽക്കുതിർന്ന അന്ത്യാഞ്ജലി. ഇന്നലെ കേപ്ടൗണിലെ സെയ്‌ന്റ് ജോർജ് ആംഗ്ലിക്കൽ കത്തീഡ്രലിൽ സംസ്കാരം നടന്നു. വർണവിവേചനത്തിനും വംശീയതയ്‌ക്കുമെതിരെ പൊരുതിയ ടുട്ടു കഴിഞ്ഞ ഞായറാഴ്ചയാണ് അന്തരിച്ചത്. വിപ്ലവകാരിയായ ബിഷപ്പിന്റെ വേർപാടിൽ രാജ്യം ഒരാഴ്ച ദുഃഖമാചരിച്ചു. ക്രിസ്‌തീയ പുരോഹിതൻ, അധ്യാപകൻ, പ്രഭാഷകൻ, മനുഷ്യാവകാശ പ്രവർത്തകൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ടുട്ടു മനുഷ്യത്വത്തിന്റെ ആഗോളമുഖമായിരുന്നു.
“നമ്മുടെ പുതിയ രാഷ്ട്രത്തിന്റെ ആത്മീയ പിതാവ്” എന്നാണ് പ്രസിഡന്റ് സിറിൽ റാംഫോസ തന്റെ അനുസ്മരണ പ്രസംഗത്തിൽ ടുട്ടുവിനെ വിശേഷിപ്പിച്ചത്. ടുട്ടുവിന്റെ ആഗ്രഹം പോലെ ശവസംസ്കാര ചടങ്ങുകൾ വളരെ ലളിതമായാണ് നടന്നത്. ഏറ്റവും വില കുറഞ്ഞ ശവപ്പെട്ടിയാണ് തനിക്ക് നൽകേണ്ടതെന്ന് ടുട്ടു നേരത്തെ തന്നെ പറഞ്ഞിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ കാരണം ക്ഷണിക്കപ്പെട്ട നൂറ് അതിഥികൾ മാത്രമാണ് സംസ്കാര ശുശ്രൂഷയിൽ പങ്കെടുത്തത്. എന്നാൽ പ്രായഭേദമെന്യേ ഒട്ടേറെപ്പേർ കത്തീഡ്രലിലെത്തി അദ്ദേഹത്തിനായി പുഷ്പാർച്ചന നടത്തിയിരുന്നു.
എലിസബത്ത് രാജ്ഞി, ഫ്രാൻസിസ് മാർപാപ്പ, യു.എസ്. മുൻ പ്രസിഡന്റ് ബരാക് ഒബാമ തുടങ്ങി ഒട്ടേറെ പ്രമുഖർ ടുട്ടുവിന് ആദരാഞ്ജലിയർപ്പിച്ചു. 1948 മുതൽ ’90-കളുടെ തുടക്കംവരെ ദക്ഷിണാഫ്രിക്കയിൽ വെള്ളക്കാരുടെ ന്യൂനപക്ഷസർക്കാർ നടപ്പാക്കിയ വർണവിവേചനത്തിനെതിരെ അഹിംസാമാർഗത്തിലൂടെ പോരാടിയ ടുട്ടുവിന് 1984-ൽ നൊബേൽ പുരസ്കാരം ലഭിച്ചിരുന്നു. മണ്ടേല കഴിഞ്ഞാൽ കറുത്ത വർഗ്ഗക്കാർക്കായുള്ള പോരാട്ടത്തിൽ ലോകം ഏറ്റവുമധികം കേട്ട പേര് ഡെസ്‌മണ്ട് ടുട്ടുവിന്‍റേതായിരുന്നു.
Leave a Reply