ലണ്ടന്‍: മുന്‍ ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ജീവിതം സാമ്പത്തികവും ആരോഗ്യപരവുമായ ഉന്നതിയില്‍ അല്ലെന്ന് സര്‍വ്വേ. 1970കളില്‍ 11-പ്ലസ് പാസായവരിലാണ് ഗവേഷണം നടത്തിയിരിക്കുന്നത്. പഠനത്തില്‍ പ്രധാനമായും വിദ്യാര്‍ത്ഥികളുടെ ജീവിത ആരോഗ്യനിലവാരത്തെയാണ് താരതമ്യം ചെയ്തിരിക്കുന്നത്. ഗ്രാമര്‍ സ്‌കൂളില്‍ പഠിച്ചവരും അവര്‍ക്ക് എതിരാളികളായ മറ്റു വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ ഓരേ സമയത്തോ വ്യത്യസ്ഥ കാലഘട്ടങ്ങളിലോ പഠനം പൂര്‍ത്തിയാക്കിയവരുമായിട്ടാണ് താരതമ്യം നടന്നത്. ഇതില്‍ നിന്നും ഗ്രാമര്‍ സ്‌കൂള്‍ അലുമീനി വിദ്യാര്‍ത്ഥികള്‍ ആരോഗ്യപരവും സാമ്പത്തികപരമായ ഉയര്‍ച്ച നേടിയിട്ടില്ലെന്ന് വ്യക്തമാവുകയായിരുന്നു.

1970 കളാണ് യു.കെയിലെ വിദ്യാഭ്യാസ മേഖല വലിയ ഉയര്‍ച്ച നേടിയ കാലഘട്ടം എന്നറിയപ്പെടുന്നത്. ഈ കാലഘട്ടം മുതല്‍ തന്നെ ഗ്രാമര്‍ സ്‌കൂള്‍ പഠനത്തിന് ശേഷം വലിയൊരു ശതമാനം പേര്‍ എ ലെവല്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന രീതി നിലനിന്നിരുന്നു. ബിരുദ കോഴ്‌സുകള്‍ ലക്ഷ്യം വെച്ച് മുന്നോട്ടുപോകുന്നവരും കുറവല്ല. യു.കെയിലെ വിദ്യാഭ്യാസ മേഖലയില്‍ ഏറ്റവും പ്രചാരം നിലനില്‍ക്കുന്നതാണ് ഗ്രാമര്‍ സ്‌കൂളുകള്‍. പഠന മേഖലയില്‍ ഉയരങ്ങള്‍ എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന കുട്ടികള്‍ക്ക് ഗ്രാമര്‍സ്‌കൂളിലെ സീറ്റ് നിര്‍ബന്ധമാണെന്ന് പലരും കരുതുന്നു. മാതാപിതാക്കള്‍ ഏറെ പണിപ്പെടുന്ന ആദ്യഘട്ടവും ഒരുപക്ഷേ ഗ്രാമര്‍ സ്‌കൂള്‍ പ്രവേശനമായിരിക്കും.

യൂണിവേഴ്‌സിറ്റി ഓഫ് യോര്‍ക്കാണ് പഠനം നടത്തിയിരിക്കുന്നത്. സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കുവാനും, മനുഷ്യര്‍ തമ്മില്‍ സമ്പത്തിന്റെ അന്തരം വികസിക്കപ്പെടുവാനും ഗ്രാമര്‍ സ്‌കൂള്‍ പോലുള്ള കാര്യങ്ങള്‍ കാരണമാകുന്നുവെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഇംഗ്ലണ്ടില്‍ മാത്രം 163 ഗ്രാമര്‍ സ്‌കൂളുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇനി പുതിയ സ്ഥാപനങ്ങള്‍ തുറക്കാന്‍ അധികൃതര്‍ നിയമതടസം സൃഷ്ടിച്ചിരിക്കുകയാണ്. ഇല്ലെങ്കില്‍ കൂടുതല്‍ സ്‌കൂളുകള്‍ പ്രത്യക്ഷപ്പെട്ടേനെ. കഴിഞ്ഞ വര്‍ഷം യു.കെ സര്‍ക്കാര്‍ 50 മില്യണ്‍ പൗണ്ട് ഗ്രാമര്‍ സ്‌കൂളുകളുടെ ഉന്നമനത്തിനായി വിനിയോഗിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മെറിറ്റ് അടിസ്ഥാനപ്പെടുത്തിയുള്ള വിദ്യഭ്യാസ രീതിയെ പ്രോത്സാഹിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ധനസഹായം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.