ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക പാക്കിസ്ഥാനോട് 49 റണ്‍സിന് തോറ്റു. 309 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. വിജയിച്ചെങ്കിലും 5 പോയിന്റുമായി പട്ടികയിൽ ഏഴാം സ്ഥാനത്താണ് പാക്കിസ്ഥാൻ. ഏഴ് മൽസരങ്ങളിൽ നിന്നും ഒരു വിജയം മാത്രം നേടിയ സൗത്ത് ആഫ്രിക്ക 9ാം സ്ഥാനത്താണ്. ഇതോടെ ഇംഗ്ലിഷ് ലോകകപ്പിലെ ദുരന്തചിത്രമായി ദക്ഷിണാഫ്രിക്ക ലോകകപ്പിനു പുറത്താകുമെന്ന് ഉറപ്പായി.

ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലും ശരാശരിയിലൊതുങ്ങിയ ദക്ഷിണാഫ്രിക്കയെ 49 റൺസിനാണ് പാക്കിസ്ഥാൻ പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാൻ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 308 റൺസാണു നേടിയത്. നിലയുറപ്പിക്കുന്നതിൽ ഒരിക്കൽക്കൂടി ദക്ഷിണാഫ്രിക്കൻ താരങ്ങൾക്കു പിഴച്ചതോടെ അവരുടെ മറുപടി നിശ്ചിത 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 259 റണ്‍സിൽ അവസാനിച്ചു. തോൽവി 49 റൺസിന്. 2003നുശഷം ആദ്യമായാണ് ദക്ഷിണാഫ്രിക്ക നോക്കൗട്ട് കാണാതെ പുറത്താകുന്നത്.

ദക്ഷിണാഫ്രിക്കൻ നിരയിൽ അർധസെഞ്ചുറി നേടിയത് ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസി മാത്രം. 79 പന്തു നേരിട്ട ഡുപ്ലേസി അഞ്ചു ബൗണ്ടറി സഹിതം 63 റൺസാണു നേടിയത്. മികച്ച തുടക്കം ലഭിച്ചെങ്കിലും ഒരിക്കൽക്കൂടി അതു മുതലാക്കാനാകാതെയാണ് ഡുപ്ലേസി മടങ്ങിയത്. ഓപ്പണർ ക്വിന്റൺ ഡികോക്ക് (60 പന്തിൽ 47), വാൻഡർ ദസ്സൻ (47 പന്തിൽ 36), ഡേവിഡ് മില്ലർ (37 പന്തിൽ 31) എന്നിവരും ദക്ഷിണാഫ്രിക്കയ്ക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അവസാന ഓവറുകളിൽ തകർത്തടിച്ച ആൻഡിൽ പെഹ്‌ലൂക്‌വായോ (32 പന്തിൽ പുറത്താകാതെ 46), ക്രിസ് മോറിസ് (10 പന്തിൽ 16) എന്നിവരാണ് ദക്ഷിണാഫ്രിക്കയുടെ തോൽവിഭാരം കുറച്ചത്. പാക്കിസ്ഥാനായി ഷതാബ് ഖാൻ, വഹാബ് റിയാസ് എന്നിവർ മൂന്നും മുഹമ്മദ് ആമിർ രണ്ടും ഷഹീൻ അഫ്രീദി ഒന്നും വിക്കറ്റ് വീഴ്ത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നേരത്തെ ടോസ് നേടി ആദ്യ ബാറ്റിങ് ആരംഭിച്ച പാക്കിസ്ഥാനു വേണ്ടി ഹാരിസ് സുഹൈൽ (59 പന്തിൽ 89), ബാബർ അസം (80 പന്തിൽ 69) എന്നിവരുടെ അർധസെഞ്ചുറികളാണ് മികച്ച സ്കോർ സമ്മാനിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്ഗി എൻഗിഡി 9 ഓവറിൽ 64 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. 10 ഓവറിൽ 41 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത ഇമ്രാൻ താഹിറിന്റെ പ്രകടനവും ശ്രദ്ധേയമായി.

ഓപ്പണർമാരായ ഫഖർ സമാൻ (44), ഇമാം ഉൾ ഹഖ് (44), മുഹമ്മദ് ഹഫീസ് (20), ഇമാദ് വാസിം (23) എന്നിവരും പാക്കിസ്ഥാനായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. വഹാബ് റിയാസ് (നാല്), സർഫ്രാസ് അഹമ്മദ് (പുറത്താകാതെ രണ്ട്), ഷതാബ് ഖാൻ (പുറത്താകാതെ ഒന്ന്) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ദക്ഷിണാഫ്രിക്കയ്ക്കായി ലുൻഗി എൻഗിഡി മൂന്നും ഇമ്രാൻ താഹിർ രണ്ടും എയ്ഡൻ മർക്രം, ആൻഡിൽ പെഹ്‌ലൂക്‌വായോ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.