സ്വന്തം ലേഖകൻ 

യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ റീജിയനിൽ ദേശീയ നേതൃത്വം ഏകപക്ഷീയമായി നടത്തുന്ന പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ച് യുക്മയുടെ സൗത്ത് ഈസ്റ്റ് റീജിയണൽ കമ്മറ്റി രാജി വച്ചു. ഒക്ടോബർ 26 ശനിയാഴ്ച റീജിയണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്താനിരിക്കുന്ന കലാമേളയ്ക്ക് ബദലായി ഒരു വ്യക്തി നടത്തുന്ന കലാമേളയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദേശീയ ഭാരവാഹികൾ പങ്കെടുക്കുകയും ചെയ്തതിൽ പ്രതിഷേധിച്ചാണ് രാജി. പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ച് റീജിയനിൽ ഒരു കലാമേള എന്ന റീജിയണൽ കമ്മറ്റിയുടെ നിർദ്ദേശത്തോട് നേതൃത്വം വഴങ്ങാതെ വന്നതോടെ രാജി വച്ചു പുറത്തു പോകുന്നതാണ് അഭികാമ്യം എന്ന് റീജിയണൽ കമ്മറ്റി തീരുമാനിക്കുകയായിരുന്നു.


ഒരു റീജിയനിൽ രണ്ടു കലാമേളകൾ പ്രഖ്യാപിച്ചതോടെ ബുദ്ധിമുട്ടിലായ അസോസിയേഷനുകൾ തങ്ങളുടെ കുട്ടികളെ കലാമേളയ്ക്ക് അയക്കാൻ വൈമനസ്യം കാണിച്ചതോടെ അംഗ അസോസിയേഷനുകളുമായും യുക്മ പ്രതിനിധികളുമായും റീജിയണൽ കമ്മറ്റി ചർച്ച നടത്തുകയും അഭിപ്രായം ആരായുകയും ചെയ്തിരുന്നു. തങ്ങൾ തെരഞ്ഞെടുത്ത റീജിയണൽ കമ്മറ്റിയെ പ്രവർത്തിക്കാൻ അനുവദിക്കാത്ത യുക്മ ദേശീയ നേതൃത്വം
ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണെന്ന് അസോസിയേഷനുകൾ അഭിപ്രായപ്പെട്ടു. യുകെ മലയാളികൾ പടുത്തുയർത്തിയ യുക്മ എന്ന പ്രസ്ഥാനത്തെ കേവലം ചില വ്യക്തികളുടെ സ്വാർത്ഥതാല്പര്യങ്ങൾക്കു വേണ്ടി ദുരുപയോഗം ചെയ്യുന്ന പ്രവണത യുക്മയെ ശിഥിലമാക്കുമെന്നു റീജിയന്റെ ഭാരവാഹികൾ കുറ്റപ്പെടുത്തി.


യുക്മയുടെ ഏറ്റവും ശക്തവും 24 അംഗ അസോസിയേഷനുകൾ ഉള്ളതുമായ സൗത്ത് ഈസ്റ്റ് റീജിയണിലെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട കമ്മറ്റിയെ അംഗീകരിക്കാൻ നാഷണൽ കമ്മറ്റി നാളിതുവരെ തയാറായിട്ടില്ല. റീജിയന്റെ സെക്രട്ടറി പലതവണ അയച്ച ഇമെയിലുകൾക്ക് മറുപടി അയക്കാനോ, ചർച്ച നടത്തി പ്രശ്നം പരിഹരിക്കാനോ തയാറാകാത്ത ദേശീയനേതൃത്വത്തിന്റെ ധിക്കാരപരമായ സമീപനം തങ്ങളെയും തങ്ങളെ തെരഞ്ഞെടുത്തവരെയും വെല്ലുവിളിക്കുന്നതാണ്. യുക്മയുടെ ഭരണഘടനയിൽ ഒരിടത്തും പരാമർശിച്ചിട്ടില്ലാത്ത റീജിയണൽ ഭാരവാഹികളുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ചു പ്രശ്നങ്ങൾ ഉണ്ടാക്കിയ ഇപ്പോഴത്തെ ദേശീയ പ്രസിഡന്റും വൈസ് പ്രസിഡന്റുമാണ് റീജിയന്റെ പ്രവർത്തനങ്ങളെ ഇത്രയധികം താറുമാറാക്കിയത് എന്ന് ഭാരവാഹികൾ കുറ്റപ്പെടുത്തി.

റീജിയണൽ കമ്മറ്റി കൂടി പ്രസിഡന്റ് മാറിനിന്ന് വൈസ് പ്രസിഡന്റ് താത്കാലിക ചുമതലയേറ്റു ചിട്ടയായ പ്രവർത്തനങ്ങളുമായി റീജിയൻ മുന്നോട്ടു പോയപ്പോൾ വിറളി പൂണ്ട നേതൃത്വം തോറ്റ സ്ഥാനാർത്ഥിയെ മുൻ നിർത്തി ബദൽ കലാമേള നടത്തിയതാണ് റീജിയണൽ കമ്മറ്റിയെ ചൊടിപ്പിച്ചത്. രണ്ടുകലാമേളകൾ ഒഴിവാക്കി ഒരു കലാമേള സംയുക്തമായി നടത്തുവാൻ മധ്യസ്ഥർ വഴി നിരവധി ചർച്ചകൾ നടത്തിയെങ്കിലും റീജിയണൽ ഭാരവാഹികളെ അംഗീകരിക്കുവാനോ റീജിയന്റെ പ്രവർത്തനങ്ങളോട് സഹകരിക്കുവാനോ തങ്ങൾ തയ്യാറല്ലെന്ന് ദേശീയഭാരവാഹികൾ അറിയിക്കുകയായിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കാത്തപക്ഷം യുക്മയുടെ പരിപാടികളിൽ നിന്നും വിട്ടുനിൽക്കുമെന്നു പല അംഗ അസോസിയേഷനുകളും അഭിപ്രായപെട്ടിട്ടും യാതൊരുവിധ നീക്കങ്ങളും ദേശീയനേതൃത്വത്തിൽ നിന്നും ഉണ്ടാകാത്തത് വലിയ പ്രതിഷേധമാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ യുക്മയിൽ നിന്നും പുറത്തുപോരുമെന്നു കാണിച്ചു റീജിയണിലെ പ്രബലമായ അസോസിയേഷനുകൾ നേതൃത്വത്തിന് കത്തെഴുതിക്കഴിഞ്ഞു.

ഭൂരിപക്ഷം വരുന്ന അംഗ അസോസിയേഷനുകളുടെ സഹകരണത്തോടെ കായികമേളയും ഓൾ യുകെ ക്രിക്കറ്റ് ടൂർണമെന്റും നടത്തി തങ്ങളുടെ പ്രവർത്തനമികവ് തെളിയിച്ച റീജിയണൽ കമ്മറ്റിയാണ് ഇപ്പോൾ പടിയിറങ്ങുന്നത്. ഇതുവരെയുള്ള റീജിയന്റെ പ്രവർത്തനങ്ങളിൽ സഹകരിച്ച എല്ലാ അസോസിയേഷനുകളോടും യുക്മ പ്രതിനിധികളോടും ഭാരവാഹികൾ നന്ദി അറിയിച്ചു. ഭാരവാഹിത്വത്തിൽനിന്നും പുറത്തുപോവുകയാണെങ്കിലും യുക്മയുടെ വളർച്ചക്കും ശാക്തീകരണത്തിനും എന്നും യുക്മയ്ക്കൊപ്പം ഒറ്റക്കെട്ടായി തങ്ങൾ ഉണ്ടായിരിക്കും. യുക്മയിൽ രാക്ഷ്ട്രീയവും മറ്റു നിഷിപ്തതാല്പര്യങ്ങളും കയറിക്കൂടുന്നത് യുക്മ എന്ന മഹാപ്രസ്ഥാനത്തിന്റെ നാശത്തിനുകാരണമാകുമെന്നും ഇത്തരം ദുഷ് പ്രവണതകളെ ഒഴിവാക്കി എല്ലാവർക്കും പ്രവർത്തിക്കാനുള്ള വേദി സൃഷ്ടിക്കാൻ യുക്മയെ സ്നേഹിക്കുന്ന എല്ലാവരും തയ്യാറാകണമെന്ന് രാജി പ്രഖ്യാപനവേളയിൽ റീജിയണൽ ഭാരവാഹികൾ അറിയിച്ചു.

ആക്ടിങ് പ്രസിഡന്റ് – ജോമോന്‍ ചെറിയാന്‍
സെക്രട്ടറി- ജിജോ അരയത്ത്
ട്രഷറര്‍- ജോഷി ആനിത്തോട്ടത്തില്‍
ജോയിന്റ് സെക്രട്ടറി – ലിറ്റോ കോരത്ത്
ജോയിന്റ് ട്രഷറര്‍- വരുണ്‍ ജോണ്‍
നാഷണല്‍ എക്‌സിക്യൂട്ടിവ് – ലാലു ആന്റണി
നോമിനേറ്റഡ് അംഗങ്ങള്‍
ചാരിറ്റി കോര്‍ഡിനേറ്റര്‍ – ബിബിന്‍ എബ്രഹാം
സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ – ബിനു ജോസ്
ആര്‍ട്‌സ് കോര്‍ഡിനേറ്റര്‍ – സജി ലോഹിദാസ്
നേഴ്‌സസ് ഫോറം കോര്‍ഡിനേറ്റര്‍ – സോജന്‍ ജോസഫ്
പി.ആര്‍.ഒ – സാം തോമസ് എന്നിവർ അടങ്ങുന്ന റീജിയണൽ കമ്മറ്റിയാണ് രാജി വച്ചത് .