ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
വെയിൽസ് : കൊലപാതകക്കുറ്റത്തിന് തെറ്റായി ശിക്ഷിക്കപ്പെട്ട വ്യക്തിയുടെ കുടുംബത്തോട് 70 വർഷത്തിന് ശേഷം മാപ്പ് പറഞ്ഞ് പോലീസ്. നീതിനിഷേധത്തിന് ഇരയായി കൊല്ലപ്പെട്ട മഹ് മൂദ് മട്ടന്റെ കുടുംബത്തോടാണ് സൗത്ത് വെയിൽസ് പോലീസ് ക്ഷമാപണം നടത്തിയത്. ബ്രിട്ടീഷ് സൊമാലിയനും മുൻ നാവികനുമായ മഹ് മൂദ് മട്ടൻ 1952-ൽ കാർഡിഫിലെ കടയിൽ കടയുടമയെ കൊലപ്പെടുത്തിയതിന് തൂക്കിലേറ്റപ്പെട്ടു. എന്നാൽ പോലീസിന്റെ കണ്ടെത്തൽ പിന്നീട് തെറ്റാണെന്ന് തെളിഞ്ഞു. “പിഴവുള്ള കുറ്റാന്വേഷണം കാരണം നീതിനിഷേധത്തിന് ഇരയായി കൊല്ലപ്പെട്ട ആളാണ് മട്ടൻ. 70 വർഷങ്ങൾക്ക് മുമ്പ് സംഭവിച്ച തെറ്റിൽ മട്ടന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നു.” പൊലീസ് പ്രസ്താവനയിൽ പറയുന്നു.
2001- ൽ കുടുംബത്തിന് ഹോം ഓഫീസിൽ നിന്ന് നഷ്ടപരിഹാരം ലഭിച്ചെങ്കിലും ഇതുവരെ പോലീസ് സേന മാപ്പ് പറയാൻ തയ്യാറായില്ല. “ഇത് അക്കാലത്തെ ഒരു കേസാണ്. നീതിന്യായ വ്യവസ്ഥ ഉൾപ്പെടെ സമൂഹത്തിലുടനീളം വംശീയതയും പക്ഷപാതവും മുൻവിധിയും വ്യാപകമാകമായിരുന്നു.” ചീഫ് കോൺസ്റ്റബിൾ ജെറമി വോൺ പറഞ്ഞു. എന്നാൽ ഈ ക്ഷമാപണം ആത്മാർത്ഥതയില്ലാത്തതാണെന്ന് മട്ടന്റെ ആറ് പേരക്കുട്ടികളിൽ ഒരാൾ പറഞ്ഞു.
“ഈ ദുരന്തം നേരിട്ട് ബാധിച്ച ആളുകൾ ഞങ്ങളോടൊപ്പമില്ല. അതിനാൽ ഇത് വൈകിപ്പോയി.” ചെറുമകൾ താന്യ മട്ടൻ പറഞ്ഞു. “അവൻ എല്ലാവരേയും സ്നേഹിച്ചു, എല്ലാവരും അവനെ സ്നേഹിക്കുന്നുവെന്ന് കരുതി. എന്നാൽ ചുറ്റുമുള്ള ശത്രുതകൾ അവന് അറിയില്ലായിരുന്നു. ബ്രിട്ടീഷ് സൊമാലിയൻ ആയതിനാലാണ് അവൻ കൊല്ലപ്പെട്ടത്” – ഒരിക്കൽ മട്ടന്റെ ഭാര്യ ലോറ പറയുകയുണ്ടായി.
Leave a Reply