കുടിയേറിയ മണ്ണിൽ വിശ്വാസ ജീവിതത്തിന്റെ പതിനേഴ് സംവത്സരങ്ങൾ പൂർത്തിയാക്കിയ സൗത്തെൻഡ് ഓൺ സീയിലെ സീറോ മലബാർ വിശ്വാസ സമൂഹം ,ചിട്ടയും ക്രമാനുഗതവും ആയ ആ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ് ഡിസംബർ 19 ഞായറഴ്ച്ച 11.30 -ന് നടക്കുന്ന മിഷൻ പ്രഖ്യാപനത്തിലൂടെ .സീറോ മലബാർ എപാർകി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ ഇടയ ശ്രേഷ്ഠൻ , മാർ.ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയെ തുടർന്ന് സെന്റ് അൽഫോൻസാ സീറോ മലബാർ മിഷന്റെ ഔപചാരികമായ ഉൽഘാടനം നിർവഹിക്കപ്പെടും. തുടർന്ന് പാരിഷ് ഹാളിൽ സ്നേഹവിരുന്നും നടത്തപ്പെടും . വെസ്റ്റ് ക്ലിഫ് സെന്റ് ഹെലെൻസ് ചർച്ചിൽ മാസത്തിൽ ഒരിക്കൽ ഉള്ള സീറോ മലബാർ വിശുദ്ധ കുർബാനയോടു കൂടി ആരംഭം കുറിച്ച സൗത്തെന്റിലേ സീറോ മലബാർ വിശ്വാസ കൂട്ടായ്മ 2006 ജൂലൈ മാസം കൂടുതൽ സ്വകാര്യപ്രദമായ ജോൺ ഫിഷർ ചർച്ചിലേക്ക് മാറുകയും സീറോ മലബാർ ലണ്ടൻ കോർഡിനേഷന്റെ കീഴിൽ മാസത്തിൽ മൂന്ന് വിശുദ്ധ കുർബാനകൾ നടക്കുന്ന കുർബാന സെന്റർ ആയി മാറുകയും ചെയ്തു .

2008 ഒക്ടോബർ മാസം സാർവത്രിക സഭ ഭാരതത്തിന്റെ സഹന പുഷ്പം അൽഫോൻസാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചപ്പോൾ ,വിശുദ്ധ അൽഫോൻസാമ്മയുടെ തിരുസ്വരൂപം അന്നത്തെ ജോൺ ഫിഷർ വികാരി ആയിരുന്ന ടോം സാണ്ടേഴ്സിന്റെ അനുമതിയോടെ പള്ളിയിൽ പ്രതിഷ്ഠിക്കുകയും സീറോ മലബാർ യുകെ കോർഡിനേറ്റർ ആയിരുന്ന ഫാദർ തോമസ് പാറയടി M S T യുടെ അനുവാദത്തോടെ സെന്ററിനെ വിശുദ്ധ അൽഫോസായുടെ പ്രത്യേക മധ്യസ്ഥത്തിന് സമർപ്പിക്കുകയും ചെയ്തു .

വിശുദ്ധ അൽഫോസായുടെ സ്വർഗീയ മധ്യസ്ഥതയിൽ അന്നുമുതൽ സെന്റർ ക്രമാനുഗതമായ വളർച്ച പ്രാപിക്കുകയായിരുന്നു .മികച്ച രീതിയിലുള്ള വിശ്വാസ പരിശീലന ക്ലാസ്സുകളും സജീവമായ ചെറുപുഷ്പം മിഷൻ ലീഗും സാവിയോ ഫ്രണ്ട്സും പ്രാർത്ഥന കൂട്ടായ്മയും വിമൻസ് ഫോറവും സെന്ററിന് കൂടുതൽ മിഴിവേകി .വൈദിക ശ്രേഷ്ഠർ ആയ ഫാ .ജോർജ് ചീരം കുഴി (2006 -08 ), ഫാ .തോമസ് പാറയടി (2008 -10 ),ഫാ . ഇന്നസെന്റ് പുത്തൻ തറയിൽ (2010 -13 ),ഫാ .ജോസ് അന്തിയാംകുളം (2013 -19 ), ഫാ. ഷിജോ ആലപ്പാട്ട് (2019),ഫാ .ജോഷി തുമ്പക്കാട്ടിൽ (2019 -21 )കൈക്കാരന്മാരായ ,ജെയ്സൺ ,നോബി ,മേരി ,ബേബി,വിനി,ഡാർലി,ടോജി ,ജോസ്,ജിസ്സ,പ്രദീപ് ,ജിസ് ,നൈസ് ,ജോമിനി ,ഡെയ്സി,ജോയ്,ജോർജ്,അജിത് ,സുബി,ഷിബിൻ ,മനോജ് ,സോണിയ ,ബിനോജ് ,മിനി എന്നിവരും പാരിഷ് കമ്മിറ്റി അംഗങ്ങളും ഈകാലയളവിൽ സെന്ററിന് ധീരമായ നേതൃത്വം നൽകി .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2020 ജനുവരി മാസത്തിൽ നിലവിൽ വന്ന നിലവിലുള്ള പാരിഷ് കമ്മിറ്റിയിൽ കൈക്കാരന്മാരായി സിജോ ജേക്കബ് ,റോയ് മുണ്ടക്ക ൽ ,സുനിത ആച്ചാണ്ടിൽ എന്നിവർ സ്തുത്യർഹമായി സേവനം അനുഷ്ഠിക്കുന്നു .സൗത്തെന്റിലെ വിശ്വാസസമൂഹത്തിന്റെ ദീർഘ നാളത്തെ അഭിലാഷമായിരുന്ന മിഷൻ എന്ന ലക്ഷ്യത്തിലേക്കു ഫാ .ജോഷി തുമ്പക്കാട്ടിന്റെ നേതൃത്വത്തിൽ ഉള്ള വിവിധ പാരിഷ് കമ്മിറ്റികൾ നേതൃത്വം കൊടുത്തു .

2021 ഫെബ്രുവരി മാസം മുതൽ ഫാ .ജോസഫ് മുക്കാട്ട് സെന്ററിന്റെ കോർഡിനേറ്റർ ആയി ചുമതല ഏറ്റെടുക്കുകയും ഒരു പൂർണ മിഷൻ ആകാനുള്ള ക്രമീകരണങ്ങളുടെ ശില്പി ആയി പ്രവർത്തിക്കുകയും ചെയ്യുന്നു . കോവിഡ് കാലത്തു ക്രൈസ്തവ വിശ്വാസത്തിന്റെ അടിത്തറയായ വിശുദ്ധ കുർബാനക്ക് ലോകത്തമാനം തടസ്സങ്ങൾ നേരിട്ടപ്പോൾ ദൈവത്തിന്റെ പ്രത്യേക അനുഗ്രഹം പോലെ എല്ലാ ഞായറഴ്ചകളിലും രണ്ട് വി .കുർബാനകൾ വീതം സൗത്തെന്റിലെ വിശ്വാസി സമൂഹത്തിന് ലഭിച്ചു .

2020 ലെ കോവിഡ് കാലം മുതൽ എല്ലാ ഞാറാഴ്ചകളിലും വിശുദ്ധ കുർബാനയും വിശ്വാസ പരിശീലനവും നടക്കുന്ന കുർബാന സെന്റർ ആയി സൗത്തെൻഡ് മാറി .ഡിസംബർ 19 നു നടക്കുന്ന മിഷൻ ഉൽഘാടനത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയെ അതിന്റെ പൗരസ്ത്യ പാരമ്പര്യങ്ങളിലും പുതിയ തലമുറയെ വിശ്വാസ ജീവിതത്തിനോടുള്ള അഭിമുക്യത്തിലും വളർത്തുവാൻ ശ്രദ്ധാലുവായ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിനൊപ്പം രൂപതയിലെ നിരവധി വൈദികരും അൽമായ പ്രേക്ഷിതരും സന്നിഹിതരായിരിക്കും . അനദി വിദൂര ഭാവിയിൽ പൂർണ ഇടവക ആകുക എന്ന മഹത്തായ ലക്ഷ്യത്തിലേക്കു ഒരു ചുവടു കൂടി അടുക്കുന്ന ഈ അസുലഭ മുഹൂർത്തത്തിലേക്ക് സെന്റ് അൽഫോൻസാ മിഷൻ ഡയറക്ടർ ജോസഫ് മുക്കാട്ടും ,കൈക്കാരൻമാരായ സിജോ ജേക്കബും , റോയ് മുണ്ടക്കലും ,സുനിത ആച്ചാണ്ടിലും പാരിഷ് കമ്മിറ്റി അംഗങ്ങളും വിശ്വാസ സമൂഹത്തെ സഹർഷം സ്വാഗതം ചെയ്യുന്നു .