വിശ്വാസം പ്രഘോഷിക്കാനും ദൈവത്തിൻറെ സാന്നിധ്യം ജനങ്ങളിൽ എത്തിക്കുന്നതിനായും യൂറോപ്പിൽ ഒരു പുതിയ ന്യൂസ് ചാനൽ പിറവിയെടുത്തു. ഷെകെയ്ന ന്യൂസ് യൂറോപ്പ് ഉദ്ഘാടനം ചെയ്തത് ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ആണ് .

ഡിസംബർ 9-ാം തീയതി രാവിലെ 10 മണിക്ക് ഏഴു തിരികളുള്ള മെനോറാ ദീപം തെളിയിച്ചാണ് അഭിവന്ദ്യ പിതാവ് ഉദ്ഘാടനം ചെയ്തത്.

മാർ ജോസഫ് സ്രാമ്പിക്കലിനൊപ്പം ബ്രദർ സന്തോഷ് കരുമത്തറ, ഷെകെയ്ന യൂറോപ്പ് കോഡിനേറ്റർ ബ്രദർ വിന്നർ വിവിധ രൂപതാ പ്രതിനിധികളുമാണ് ഉദ്ഘാടന കർമ്മത്തിൽ തിരികൾ തെളിച്ചത്. ഷെകെയ്ന എന്ന പേരു പോലെ ദൈവത്തിൻറെ സാന്നിധ്യമാകാൻ ഷെകെയ്ന ന്യൂസിന് കഴിയട്ടെ എന്ന് മാർ ജോസഫ് സ്രാമ്പിക്കൽ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ആശംസിച്ചു. കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിട്ട് നമ്മുടെ കുഞ്ഞുങ്ങൾക്കും തലമുറകൾക്കും വിശ്വാസത്തിൻറെ അടിത്തറ പകർന്നു നൽകുകയാണ് ഷെകെയ്നയുടെ ഉദ്ദേശലക്ഷ്യമെന്ന് തൻറെ പ്രസംഗത്തിൽ ഷെകെയ്ന ന്യൂസിന്റെ അമരക്കാരനായ സന്തോഷ് കരുമത്തറ പറഞ്ഞു.