ലണ്ടന്‍: ചികിത്സാപ്പിഴവിന് ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ട വിവരം മറച്ചുവെച്ച് മറ്റൊരു ആശുപത്രിയില്‍ ജോലിക്ക് കയറിയ മലയാളി നഴ്സിന് ജയില്‍ ശിക്ഷ. ഷെല്‍വി വര്‍ക്കി എന്ന 43കാരനെയാണ് ബ്രിസ്റ്റോള്‍ കോടതി 10 മാസത്തെ തടവിന് വിധിച്ചത്. കെയിന്‍ഷാമിലെ സണ്ണിമീഡ് നഴ്സിംഗ് ഹോമില്‍ പാലിയേറ്റീവ് കെയറിലുണ്ടായിരുന്ന രോഗിക്ക് മരുന്നു നല്‍കുന്നതില്‍ വരുത്തിയ പിഴവിനാണ് ഇയാളെ പുറത്താക്കിയത്. നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ ഇയാള്‍ക്കെതിരെ അന്വേഷണം നടത്തി വരികയായിരുന്നു.

എന്നാല്‍ ഇക്കാര്യം മറച്ചുവെച്ചുകൊണ്ട് സൗത്ത്മീഡ് ഹോസ്പിറ്റലില്‍ നടന്ന ജോബ്സ് ഫെയറില്‍ പങ്കെടുത്ത് ഷെല്‍വി ജോലിയില്‍ പ്രവേശിച്ചു. അന്വേഷണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയില്ലെന്ന് മാത്രമല്ല, രണ്ട് വ്യാജ റഫറന്‍സുകളും ഇയാള്‍ നല്‍കിയിരുന്നു. ഇത് പിടിക്കപ്പെടുകയായിരുന്നു. ഒരു വര്‍ഷത്തോളം ഷെല്‍വി സൗത്ത്മീഡ് ഹോസ്പിറ്റലില്‍ ജോലി ചെയ്തു. അന്വേഷണത്തെക്കുറിച്ചുള്ള വിവരം പുറത്തായതോടെ ഷെല്‍വിയെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2015ലാണ് ഷെല്‍വി ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിപ്പിച്ചത്. നഴ്സുമാരുടെ വാര്‍ഷിക അവലോകനത്തിലാണ് ഇയാള്‍ക്കെതിരെ അന്വേഷണം നടക്കുന്ന കാര്യം വ്യക്തമായത്. പിന്നീട് കൂടുതല്‍ അന്വേഷണങ്ങള്‍ ഇയാള്‍ക്കെതിരെ നടന്നു. മുന്‍ സഹപ്രവര്‍ത്തക മഞ്ജു ഏബ്രഹാം, കുടുംബാംഗമായ ടീന ജോസ് എന്നിവരെയാണ് റഫറന്‍സ് ആയി നല്‍കിയിരുന്നത്. ഇവ വ്യാജമാണെന്ന് വ്യക്തമായി. പിന്നീട് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജോലി ചെയ്ത കാലയളവില്‍ 21,692 പൗണ്ട് ഇയാള്‍ ശമ്പളമായി കൈപ്പറ്റിയിട്ടുണ്ടെന്ന് ആശുപത്രി കോടതിയില്‍ അറിയിച്ചു. അവസാന മൂന്നു മാസത്തെ ശമ്പളം ഇയാളില്‍ നിന്ന് തിരികെപ്പിടിച്ചിട്ടുണ്ട്.

ഷെല്‍വി ചെയ്തത് കബളിപ്പിക്കല്‍ മാത്രമല്ല, പൊതു സമൂഹത്തിലെ ദുര്‍ബലരായവരെ മനപൂര്‍വം വഞ്ചിക്കുക കൂടിയായിരുന്നെന്ന് കോടതി പറഞ്ഞു. ആശുപത്രികളിലെ ഗുണനിലവാരവും സുരക്ഷയും പ്രഥമമായി പരിഗണിക്കുന്ന രാജ്യമാണ് ഇതെന്നും ജഡ്ജി പറഞ്ഞു. വിക്റ്റിം സര്‍ച്ചാര്‍ജ് ആയി 100 പൗണ്ട് അടക്കാനും കോടതി ആവശ്യപ്പെട്ടു.