ദുരന്തത്തിന് ഇരയായവര്‍ക്ക് നല്‍കുന്ന ധനസഹായം അടിച്ചു മാറ്റുന്നത് ഒരു ആഗോള പ്രതിഭാസമാണെന്ന് തെളിയിക്കുകയാണ് കെന്‍സിംഗ്ടണില്‍ നിന്നുള്ള സംഭവം. ഗ്രെന്‍ഫെല്‍ ടവര്‍ ദുരന്തത്തിന് ഇരയായവര്‍ക്ക് നല്‍കിയ പ്രീപെയിഡ് കാര്‍ഡുകള്‍ അടിച്ചുമാറ്റി സ്വന്തമായി ചെലവഴിച്ച മുന്‍ കൗണ്‍സില്‍ ഉദ്യോഗസ്ഥ നിയമ നടപടികള്‍ നേരിടുന്നു. ഫിനാന്‍സ് മാനേജറായി പ്രവര്‍ത്തിച്ചിരുന്ന ജെന്നി മക്‌ഡോണ 62,000 പൗണ്ടാണ് ഈ വിധത്തില്‍ അടിച്ചുമാറ്റിയത്. ഇവര്‍ ചെലവേറിയ ഡിന്നറുകള്‍ക്കും ഡിസൈനര്‍ ഹെയര്‍ സ്റ്റൈലിനും ഓണ്‍ലൈന്‍ ചൂതാട്ടത്തിനും ദുബായിലേക്കും ലോസ് ആന്‍ജലസിലേക്കും ഹോളിഡേ യാത്രകള്‍ നടത്താനുമൊക്കെയാണ് പ്രീപെയിഡ് കാര്‍ഡുകള്‍ ഉപയോഗിച്ചത്.

തീ വിഴുങ്ങിയ ഗ്രെന്‍ഫെല്‍ ടവറില്‍ നിന്ന് രക്ഷപ്പെട്ടവരെ സഹായിക്കാന്‍ കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ ധനസഹായമാണ് ഇവര്‍ ദുരുപയോഗം ചെയ്തത്. 72 പേരാണ് തീപ്പിടിത്തത്തില്‍ കൊല്ലപ്പെട്ടത്. തങ്ങളെ സഹായിക്കാന്‍ നിയോഗിക്കപ്പെട്ടയാള്‍ തങ്ങളെ കൊള്ളയടിക്കുകയായിരുന്നുവെന്നാണ് ദുരന്തത്തിന് ഇരയാക്കപ്പെട്ടവര്‍ ഈ സംഭവത്തോട് പ്രതികരിച്ചത്. ജെന്നി മക്‌ഡോണയ്‌ക്കെതിരെ അവര്‍ നേരത്തേ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളിലും തട്ടിപ്പ് നടത്തിയതായി പരാതികളുണ്ടെന്ന് കോടതിയില്‍ വ്യക്തമാക്കപ്പെട്ടു. കെന്റിലെ മെഡ് വേ എന്‍എച്ച്എസ് ട്രസ്റ്റ്, ലണ്ടനിലെ വിക്ടോറിയ ആന്‍ഡ് ആല്‍ബര്‍ട്ട് മ്യൂസിയം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ച സമയത്തെ തട്ടിപ്പുകളിലാണ് ഇവര്‍ അന്വേഷണം നേരിടുന്നത്.

ഒരു കൗണ്‍സില്‍ ഓഫീസര്‍ക്ക് ഇത്രയും വലിയ തുക എങ്ങനെ മോഷ്ടിക്കാനാകും എന്നായിരുന്നു കെന്‍സിംഗ്ടണ്‍ ലേബര്‍ എംപി എമ്മ ഡെന്റ് ഇതില്‍ പ്രതികരിച്ചുകൊണ്ട് ചോദിച്ചത്. ഇവര്‍ അടിച്ചുമാറ്റിയ പ്രീപെയിഡ് കാര്‍ഡുകള്‍ ആരൊക്കെയാണ് കൈകാര്യം ചെയ്തിരുന്നതെന്നും ഇവയുടെ ഓഡിറ്റിംഗിന് ഉത്തരവാദികള്‍ ആരൊക്കെയായിരുന്നുവെന്നുമുള്ള പ്രസക്തമായ ചോദ്യങ്ങളും ഇതിനോടനുബന്ധിച്ച് ഉയരുന്നു. കഴിഞ്ഞ 14 മാസത്തെ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കുമോ എന്നാണ് ജനങ്ങള്‍ തന്നോട് ചോദിക്കുന്നതെന്നും ദുരന്തത്തില്‍ ജീവിതം നശിച്ചവരെ കരുവാക്കിക്കൊണ്ട് സ്വന്തം ജീവിതം ആഡംബരപൂര്‍ണ്ണമാക്കാനാണ് ജെന്നി ശ്രമിച്ചതെന്നും എമ്മ ഡെന്റ് പറഞ്ഞു.