ആലപ്പുഴ വള്ളികുന്നത്ത് തീവെച്ചു കൊലപ്പെടുത്തിയ വനിതാ പൊലിസ് സൗമ്യയുടെ മൃതദേഹം സംസ്കരിച്ചു. വള്ളികുന്നം പൊലീസ് സ്റ്റേഷനിലും വീട്ടിലും പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ ഒട്ടേറെപ്പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. കൊലപാതകത്തിനിടെ പൊള്ളലേറ്റ് മരിച്ച പ്രതി അജാസിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
ഓച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന സൗമ്യയുടെ മ്യതദേഹം ഇന്നു രാവിലെ വിദേശത്തു നിന്നെത്തിയ ഭർത്താവും മറ്റു ബന്ധുക്കളും ചേർന്നു ഏറ്റുവാങ്ങി. തുടർന്ന് മൃതദേഹം വിലാപയാത്രയായി സൗമ്യ ജോലി ചെയ്തിരുന്ന വള്ളികുന്നം പൊലീസ് സ്റ്റേഷനിലെത്തിച്ചു. ആലപ്പുഴ എസ് പി അടക്കമുള്ളവര്‍ അന്ത്യാഞ്ജലി അർപ്പിച്ചു.സൗമ്യയുടെ ഭർത്താവിന്റെ വള്ളികുന്നത്തെ വീട്ടിലും മൃതദേഹം പൊതുദർശനത്തിവെച്ചു. ഔദ്യോഗിക ബഹുമതികളോടെ വീട്ടു വളപ്പിൽ തന്നെയായിരുന്നു സംസ്കാരം.
കഴിഞ്ഞ ശനിയാഴ്ച്ച വൈകുന്നേരമാണ് പൊലീസ് ഉദ്യോഗസ്ഥനായ അജാസ് അതിക്രൂരമായി സൗമ്യയെ കൊലപ്പെടുത്തിയത്. സ്കൂട്ടറിൽ വരികയായിരുന്ന സൗമ്യയെ അജാസ് കാറുകൊണ്ട് ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടിയും കുത്തിയും പെട്രോൾ ഒഴിച്ച് തീ കൊളുത്തിയും കൊലപ്പെടുത്തുകയായിരുന്നു. വിവാഹിതയും മൂന്നു കുട്ടികളുടെ അമ്മയുമായ സൗമ്യ സൗഹൃദം നിരസിക്കുന്നുവെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് അജാസിന്റെ മരണ മൊഴി. ആലപ്പുഴ മെഡിക്കൽ കോളജില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത ശേഷം അജാസിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കൊച്ചി വാഴക്കാലയിലെ വലിയപള്ളിയിലാണ് ഖബറടക്കും.
Leave a Reply