എസ്പിബിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനായി വിജയ് നേരിട്ടെത്തിയിരുന്നു. നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു താരമെത്തിയത്. ഗായകനായി മാത്രമല്ല അഭിനേതാവായും എസ്പിബി എത്തിയിരുന്നു. വിജയ് യുടെ പിതാവായും അഭിനയിച്ചിട്ടുണ്ട് അദ്ദേഹം. താരങ്ങളെല്ലാമായി അടുത്ത സൗഹൃദമാണ് എസ്പിബിക്ക്. എസ്പിബിയുടെ മകനായ എസ്പി ചരണിന് അരികില്‍ നില്‍ക്കുന്ന വിജയ് യുടെ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. അജിത്ത് എസ്പിബിയെ കാണാനെത്തിയില്ലേ എന്ന തരത്തിലുള്ള ചോദ്യങ്ങളുമായാണ് ചിലരെത്തിയത്.
ചരണും അജിത്തും സുഹൃത്തുക്കളാണ്. സഹപാഠികളുമാണ് ഇരുവരും. ചരണിന്റെ ഷര്‍ട്ടും ഷൂവുമൊക്കെ അജിത്ത് ഉപയോഗിക്കാറുണ്ടായിരുന്നു. താന്‍ നിര്‍മ്മിച്ച തെലുങ്ക് ചിത്രത്തിലൂടെയാണ് അജിത്ത് അഭിനയ രംഗത്ത് തുടക്കമിട്ടതെന്നായിരുന്നു മുമ്പ് എസ്പിബി പറഞ്ഞത്. എസ്പിബിയും അദ്ദേഹത്തിന്റെ കുടുംബവുമായും അടുത്ത ബന്ധമുണ്ടായിരുന്നിട്ടും അജിത്ത് എന്താണ് വരാതിരുന്നതെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ വ്യാപകമായതോടെയായിരുന്നു മറുപടിയുമായി ചരണ്‍ എത്തിയത്.
അജിത്ത് വന്നിരുന്നോയെന്നും വിളിച്ചിരുന്നോയെന്നും നിങ്ങള്‍ അറിയേണ്ട കാര്യമില്ല. അജിത് കുമാര്‍ എന്റെ നല്ല സുഹൃത്തുക്കളിലൊരാളാണ്. പിതാവുമായും അദ്ദേഹത്തിന് അടുപ്പമുണ്ടായിരുന്നു. എന്റെ പിതാവിന്റെ വിയോഗത്തില്‍ കുടുംബത്തിനൊപ്പമിരുന്ന് വീട്ടില്‍ വിലപിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അദ്ദേഹം അങ്ങനെ ചെയ്യട്ടെ. അജിത് വന്നിരുന്നോയെന്നുള്ളതല്ല ഇപ്പോഴത്തെ പ്രശ്‌നം. ഞങ്ങള്‍ക്ക് അച്ഛനെ നഷ്ടപ്പെട്ടു, ആരാധകര്‍ക്ക് അവരുടെ പ്രിയഗായകനെ നഷ്ടമായി, അജിത് എന്ത് ചെയ്തുവെന്നല്ല ഇപ്പോള്‍ സംസാരിക്കേണ്ടത്. ഈ വലിയ നഷ്ടത്തില്‍ നിന്നും കരകയറാന്‍ ഞങ്ങള്‍ക്ക് കുറച്ച് സമയം നല്‍കുകയെന്നുമായിരുന്നു ചരണ്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.
Leave a Reply