ഇനിമുതല്‍ ഭൂമിയില്‍ മാത്രമല്ല അവധിക്കാലം ആഘോഷിക്കാന്‍ കഴിയുക. ബഹിരാകാശത്തും ഹോളിഡേ ഹോമുകള്‍ നിര്‍മ്മിക്കാന്‍ തയ്യാറെടുക്കുകയാണ് ഓറിയോണ്‍ സ്പാന്‍ എന്ന കമ്പനി. പദ്ധതി 2022ഓടെ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഭൂമിയില്‍ നിന്ന് 200 മൈല്‍ അകലെ നിര്‍മ്മിക്കാന്‍ പോകുന്ന ഹോളിഡേ ഹോം പദ്ധതിയുമായി ഇതാദ്യമാണ് ഒരു കമ്പനി രംഗതത്ത് വരുന്നത്. ബഹിരാകാശത്തെ ഏറ്റവും മികച്ച അനുഭവം പകര്‍ന്നു നല്‍കാന്‍ നല്‍കുന്ന സെന്ററായിരിക്കും നിര്‍മ്മിക്കുകയെന്നാണ് കമ്പനിയുടെ അവകാശവാദം. പക്ഷേ കോടിപതികള്‍ക്ക് മാത്രമെ ഈ അനുഭവം സാധ്യമാകൂവെന്നതാണ് വാസ്തവം. 12 ദിവസം ബഹിരാകാശത്ത് താമസിക്കാന്‍ ഏതാണ്ട് 6.7 മില്യണ്‍ പൗണ്ട് നല്‍കേണ്ടി വരും. യാത്രയ്ക്ക് അനുമതി ലഭിച്ചവര്‍ 56,000 പൗണ്ട് നല്‍കി യാത്ര ബുക്ക് ചെയ്യാം.

3 മാസത്തെ പരിശീലനത്തിന് ശേഷമായിരിക്കും സഞ്ചാരികള്‍ക്ക് ബഹിരാകാശ ടൂറിസ്റ്റ് കേന്ദ്രത്തിലെത്താന്‍ കഴിയുക. ടെക്‌സസിലെ ഹൂസ്റ്റണിലായിരിക്കും പരിശീലനം നടക്കുക. അസാധാരണമായ ജീവിതം നിങ്ങള്‍ സാധ്യമാണെന്ന് വിശ്വസിക്കുന്നുവെങ്കില്‍ 12 ദിവസത്തെ ബഹിരാകാശ അനുഭവത്തിനായി തയ്യാറെടുക്കുവെന്ന് ഓറിയോണ്‍ സ്പാന്‍ പ്രസ്താവനയില്‍ പറഞ്ഞു. സ്‌പേസ് ടൂറിസ്റ്റ് സെന്ററിലെ അനുഭവം ജീവിതത്തെ മാറ്റി മറിക്കാന്‍ കഴിവുള്ളതായിരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ബഹിരാകാശത്ത് നിന്ന് നോര്‍ത്തേണ്‍ ലൈറ്റ് കാണാനും ബഹിരാകാശ നടത്തത്തിനുമൊക്കെ അവസരം ലഭിക്കും. ദീര്‍ഘകാല പദ്ധതിയായതിനാല്‍ അവിടെത്തന്നെ ഭക്ഷ്യോല്‍പ്പനങ്ങള്‍ കൃഷിചെയ്യാനാകുമോ എന്ന കാര്യവും പരിശോധിക്കും. ആകാശ അനുഭവങ്ങളുടെ വ്യത്യസ്ത തലം തിരിച്ചറിയാന്‍ ടൂറിസ്റ്റുകള്‍ക്ക് കഴിയുമെന്നും കമ്പനി വ്യക്തമാക്കുന്നു.

 

ബഹിരാകാശത്ത് ജീവിതം സാധ്യമാക്കുകയെന്നതാണ് കമ്പനിയുടെ ദീര്‍ഘകാല വീക്ഷണമെന്ന് സിഇഒ ഫ്രാങ്ക് ബങ്കര്‍ പറയുന്നു. ബഹിരാകാശ കേന്ദ്രങ്ങളിലേക്കുള്ള യാത്രകള്‍ ലോക സഞ്ചാരികളുടെ സ്വപ്‌നങ്ങളിലൊന്നാണ്. നിരവധി പേരാണ് ഇത്തരം യാത്രകള്‍ക്ക് താത്പര്യം പ്രകടിപ്പിച്ച് കമ്പനിയെ സമീപിച്ചിരിക്കുന്നത്. വളരെയധികം ചിലവേറിയ യാത്രയാണിതെന്നതാണ് പലരെയും ബുദ്ധിമുട്ടിലാക്കുന്ന പ്രശ്‌നം. വരും കാലങ്ങളില്‍ ഈ യാത്ര ചെലവുകളുടെ കാര്യത്തില്‍ കുറവുണ്ടാകുമെന്നാണ് കരുതുന്നത്.