ന്യൂസ് ഡെസ്ക് മലയാളം യുകെ
യു എസ് :- 180 മില്യൻ വർഷത്തോളം ഭൂമിയിൽ ഉണ്ടായിരുന്ന ദിനോസറുകളുടെ നാശത്തിന് കാരണമായ ആസ്ട്രോയിഡിന്റെ ഉത്ഭവത്തെ സംബന്ധിച്ച് വ്യക്തമായ ധാരണകൾ രൂപപ്പെട്ടതായി വെളിപ്പെടുത്തിയിരിക്കുയാണ് ശാസ്ത്രജ്ഞർ. ആറു മൈൽ വീതിയുള്ള ഈ ആസ്ട്രോയിഡ് ഭൂമിക്കുമേൽ പതിച്ചത് ഏകദേശം 66 മില്യൻ വർഷങ്ങൾക്ക് മുൻപാണ്. ഇന്നത്തെ മെക്സിക്കോയുടെ പ്രദേശമായ യുകാറ്റാൻ പെനിൻസുളയ്ക്കടുത്ത് ഈ ആസ്ട്രോയിഡ് ഭൂമിയിൽ പതിച്ച സ്ഥലത്ത് 180 കിലോ മീറ്റർ വ്യാസത്തിൽ പ്രതിഫലനങ്ങൾ ഉണ്ടായിരുന്നു. ഇതോടൊപ്പംതന്നെ അന്ന് ഭൂമിയിൽ ഉണ്ടായിരുന്ന 75 ശതമാനത്തോളംസസ്യ ജീവ ജാലങ്ങളുടെ നാശത്തിന് ഈ പ്രതിഭാസം കാരണമായി. ‘ചിക്സ്യുലബ് ‘ എന്നാണ് ശാസ്ത്രജ്ഞർ ഈ ആസ്ട്രോയിഡിന് പേര് നൽകിയിരിക്കുന്നത്.
ആസ്ട്രോയിഡ് വീണ പ്രതലത്തിൽ നിന്നും മറ്റും കുഴിച്ചെടുത്ത പാറകളുടെ സാമ്പിളുകളും മറ്റും പരിശോധിച്ച ശാസ്ത്രജ്ഞർ, കാർബണേഷ്യസ് കോണ്ട്രൈറ്റ് അഥവാ സി – കോൺഡ്രൈറ്റ് എന്ന വിഭാഗം മീറ്റിയൊറൈറ്റ് അഥവാ ഉൽക്കശിലയിൽ പെട്ടതാണ് ഈ ആസ്ട്രോയിഡ് എന്ന് കണ്ടെത്തിയിരിക്കുകയാണ് . ഭൂമിയിൽ പതിക്കുന്ന ഉൽക്കകളുടെ മൂന്നു ശതമാനത്തോളം കാർബണേഷ്യസ് കോണ്ട്രൈറ്റ് വിഭാഗത്തിൽപ്പെട്ടവയാണ്. ഇതിന്റെ പേരു പോലെ, ഇത്തരം ഉൽക്കകളിൽ കാർബണിൻെറ തോത് വളരെ കൂടുതലാണ് എന്നതായിരുന്നു മുൻപുണ്ടായിരുന്ന നിഗമനം. എന്നാൽ പിന്നീട് പഠനങ്ങൾ ഇത് തെറ്റാണെന്ന് തെളിയിച്ചു. ഇത്തരം ഉൽക്കകളുടെ രണ്ട് ശതമാനം മാത്രമാണ് കാർബണിന്റെ അളവ് ഉള്ളത്.
നിരവധിതവണ ഇത്തരം ഉൽക്കകൾ ഭൂമിക്കുമേൽ പതിച്ചിട്ടുണ്ടെങ്കിലും, വർഷങ്ങൾക്കു മുൻപ് നടന്ന പ്രതിഭാസത്തിന് കാരണമാകാവുന്ന തരത്തിലുള്ള വലിപ്പമുള്ള ഒന്നുംതന്നെ ഇന്നില്ല എന്നാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്. ചൊവ്വ, വ്യാഴം എന്നീ ഗ്രഹങ്ങൾക്ക് ഇടയിൽ സ്ഥിതി ചെയ്യുന്ന പ്രധാന ആസ്ട്രോയിഡ് ബെൽറ്റിനെ സംബന്ധിച്ച് വളരെയധികം പഠനങ്ങൾ നടന്നു വരികയാണ്. നാസ സൂപ്പർ കമ്പ്യൂട്ടറുകൾ നിരവധി ആസ്ട്രോയിഡുകളുടെ സഞ്ചാരപാത സംബന്ധിച്ച് നിരന്തരമായ നിരീക്ഷണങ്ങൾ നടത്തി വരുന്നു.
Leave a Reply