സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കോവിഡ് 19 രോഗബാധയെ തടയുന്നതിനായി നിരവധി രാജ്യങ്ങൾ ഏർപ്പെടുത്തിയ നിബന്ധനകളിൽ ഇളവുകൾ നൽകി തുടങ്ങിയിരിക്കുകയാണ്. ഞായറാഴ്ചമുതൽ ബ്രിട്ടനിൽ നിന്നുള്ള ടൂറിസ്റ്റുകൾക്ക് സ്പെയിനിൽ ക്വാറന്റൈൻ നിർബന്ധമല്ലാതാക്കി. സ്പെയിൻ വിദേശകാര്യമന്ത്രി ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്പെയിനിലേക്ക് പോകുന്ന ബ്രിട്ടനിൽ നിന്നുള്ള ജനങ്ങൾക്ക് ഇനി മുതൽ ക്വാറന്റൈൻ ആവശ്യം ഇല്ലാതാക്കിയ ഉത്തരവാണ് വിദേശകാര്യമന്ത്രി പുറപ്പെടുവിച്ചത്. എന്നാൽ ബ്രിട്ടണിൽ ഇത്തരം ഇളവുകൾ ഇതുവരെയും അനുവദിച്ചിട്ടില്ല. ബ്രിട്ടനിൽ പ്രവേശിക്കുന്ന ആളുകൾക്ക് 14 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാണ്. എന്നാൽ ഈ നിബന്ധനകളിൽ ഉള്ള അന്തിമതീരുമാനം ജൂൺ 29ന് ബ്രിട്ടീഷ് ഗവൺമെന്റ് ചർച്ച ചെയ്ത് തീരുമാനിക്കും എന്നാണ് റിപ്പോർട്ടുകൾ. നാലുലക്ഷത്തോളം ബ്രിട്ടീഷുകാർക്ക് സ്പെയിനിൽ വീടുകൾ ഉള്ളതിനാലാണ് ഇത്തരത്തിലൊരു ഇളവ് രാജ്യം നൽകിയത് എന്ന് മന്ത്രി വ്യക്തമാക്കി.

എന്നാൽ ആവശ്യമില്ലാത്ത യാത്രകൾ ഒന്നുംതന്നെ നടത്തരുതെന്ന നിർദേശമാണ് ബ്രിട്ടീഷ് വിദേശകാര്യ ഓഫീസ് നൽകുന്നത്. ബ്രിട്ടനിലേക്ക് പോകുന്ന സ്പാനിഷ് ടൂറിസ്റ്റുകൾക്കുള്ള ക്വാറന്റൈൻ നിർത്തലാക്കുന്നത് സംബന്ധിച്ച് ബ്രിട്ടീഷ് ഗവൺമെന്റുമായി ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് സ്പാനിഷ് മന്ത്രി അറിയിച്ചു. ജൂലൈ ആദ്യവാരത്തോടെ ചില ഇളവുകൾ നല്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

എന്നാൽ ജനങ്ങൾ എല്ലാവരും ജാഗ്രത പാലിക്കണമെന്ന നിർദേശമാണ് ബ്രിട്ടീഷ് അധികൃതർ നൽകുന്നത്. ജനങ്ങളുടെ സുരക്ഷയ്ക്കാണ് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകേണ്ടതെന്നുള്ള ഓർമപ്പെടുത്തലാണ് അധികൃതർ നൽകുന്നത്.