സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ ഭാര്യ ബെഗോണ ഗോമസിന് കോവിഡ്-19 സ്ഥിരീകരിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്. കൊറോണയെ പിടിച്ചുകെട്ടുന്നതിന് കടുത്ത നടപടികളാണ് സാഞ്ചസ് സർക്കാർ സ്വീകരിച്ചു വരുന്നത്. ഇന്നലെ മുതൽ പതിനഞ്ച് ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
193 പേരാണ് സ്‌പെയിനിൽ കൊറോണ ബാധിച്ച് ഇതുവരെ മരിച്ചത്. ഇറ്റലിക്ക് ശേഷം ഏറ്റവും കൂടുതൽ കൊറോണ മരണങ്ങൾ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ യൂറോപ്യൻ രാജ്യമാണ് സ്‌പെയിൻ. 6250 പേരിൽ രോഗം സ്ഥിരീകരിചിട്ടുണ്ട്. അടുത്ത ആഴ്ചയോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 10,000 കടക്കുമെന്നാണ് കണക്കുകൂട്ടുന്നതെന്ന് പെഡ്രോ സാഞ്ചെസ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. അതുകൊണ്ട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായില്ലെങ്കിൽ അടിയന്തരാവസ്ഥ നീട്ടും. ജനങ്ങളോട് അടിയന്തര സാഹചര്യങ്ങളിൽ ഒഴികെ പുറത്തിറങ്ങരുതെന്നു കർശന നിർദേശം നൽകിയിട്ടുണ്ട്. റെസ്റ്റോറന്റുകളും ബാറുകളും അടക്കം സകല കടകളും അടഞ്ഞു കിടക്കുകയാണ്.
അതേസമയം, ലോകത്താകെ കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നു. ബ്രിട്ടനില്‍ 24 മണിക്കൂറിനിടെ കൊവിഡ് മരണം ഇരട്ടിയായി. വൈറസ് പടർന്നു പിടിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഫ്രാൻസ്, ജർമ്മനി, സ്‌പെയിൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർ ഇന്ത്യയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. ചൈനയില്‍ കൊവിഡ്-19 വ്യാപനത്തില്‍ കുറവുണ്ടായതിനു പിന്നാലെ യൂറോപ്പിലും നോര്‍ത്ത് അമേരിക്കയിലും പശ്ചിമേഷ്യയിലും രോഗം വ്യാപകമായി പടര്‍ന്നുപിടിക്കുകയാണ്. ചൈനയിൽ പോലും ഇപ്പോൾ സ്ഥിരീകരിക്കുന്ന മിക്ക കേസുകളും വിദേശത്ത് നിന്നും ചൈനയിലേക്ക് പോയവരിലാണ്.
Leave a Reply