ഡോ. ലിനി ജി. ആർ

ആഗോള വ്യാപനമായി തീർന്ന നോവൽ കൊറോണ ഡിസീസ് (covid-19) എന്ന മഹാമാരി ലോകത്തിന് പലതരത്തിൽ ഭീഷണി ഉയർത്തി ക്കൊണ്ടിരിക്കുകയാണ്. ഉത്പാദന ശേഷിയുള്ള ഒരു മാനവ വിഭവശേഷി ഏതൊരു സമ്പദ്ഘടനയുടെയും അവിഭാജ്യ ഘടകമാണ്. സാമ്പത്തിക വളർച്ച എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഒരു സമ്പദ് ഘടനയുടെ എല്ലാ മേഖലയിലുമുള്ള സന്തുലിതമായ വളർച്ചയാണ്. അതുകൊണ്ട് തന്നെ വൈജ്ഞാനികവും അനുഭവസമ്പത്തും ഉള്ള ഒരു തൊഴിൽ ശക്തിക്ക് ഉൽപ്പാദന ശേഷി വർധിപ്പിക്കാൻ കഴിയും. എന്നാൽ കോവിഡ് 19 എന്ന മഹാമാരി ലോകത്തിനു മുഴുവനും അതോടൊപ്പം വരും തലമുറയ്ക്കും ഭീഷണി ഉയർത്തുകയാണ്. തീരവ്യാധികളും ശ്വാസകോശസംബന്ധമായ അസുഖങ്ങളും ഭാവി തലമുറയ്ക്ക് ഭീഷണി ഉയർത്തുന്ന തരത്തിൽ പുരുഷന്മാരുടെയും സ്ത്രീകളുടെയും പ്രതുല്പാദന ശേഷിയെപ്പോലും അപകടകാരമായി ബാധിക്കുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നു.

സെൻട്രൽ ഡീസീസ് കണ്ട്രോളിന്റെ പഠനങ്ങൾ പറയുന്നത് കോവിഡുമായി ബന്ധപ്പെട്ടുവരുന്ന അസുഖങ്ങൾ മൂലം ആരോഗ്യസ്ഥിതി കൂടുതൽ മോശമാകുന്നതും മരണപ്പെടുന്നതും കൂടുതലും ഗർഭിണികളായ സ്ത്രീകൾ എന്നതാണ്. അതുപോലെ കോവിഡിന്റെ അനന്തര ഫലമായി പുരുഷൻമാരുടെ പ്രത്യുത്പാദന ശേഷി കുറയുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. അതായത് കോവിഡ് ദേശീയ തലത്തിലും അന്തർദേശീയതലത്തിലും മാരകമായ ഭീഷണി ഉയർത്തുന്ന ഒന്നായി മാറിക്കഴിഞ്ഞു. പ്രത്യേകിച്ചും ആരോഗ്യമേഖലയിൽ.

എപ്പിഡമോളോജിക്കൽ പഠനം തെളിയിക്കുന്നത് ഒരു വയസ്സിന് താഴെ വരുന്ന കുട്ടികൾ, കാലയളവ് പൂർത്തിയാക്കും മുൻപുള്ള പ്രസവം, അബോർഷൻ തുടങ്ങിയവമൂലം മരണംവരെ സംഭവിക്കുവാൻ ഈ വൈറസ് കാരണമാകുന്നു.

ഇത്തരം സാഹചര്യത്തിൽ ക്ലാസിക്കൽ സാമ്പത്തിക ശാസ്ത്രജ്ഞനായ മാൽത്തുസിന്റെ ആശയത്തിന് കൂടുതൽ പ്രസക്തി വരുന്നതായി കരുതാവുന്നതാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ” ജനസംഖ്യ കാർഷിക ഉൽപ്പാദനത്തേക്കാൾ മുകളിലാകുന്ന സാഹചര്യത്തിൽ ഒരു അസന്തുലിതാവസ്ഥ സൃഷ്ടിക്കപ്പെടുന്നു. ആയവ തരണം ചെയ്യാൻ വേണ്ടി ക്ഷാമം, യുദ്ധം, മഹാവ്യാധികൾ പ്രകൃതി ക്ഷോഭം തുടങ്ങിയവമൂലം ജനസംഖ്യ കുറയുകയും ഒരു സന്തുലിതാവസ്ഥ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.

കോവിഡ് മഹാമാരിമൂലം ഉണ്ടാകുന്ന ഇൻഫെർട്ടിലിറ്റി ആധുനിക വൈദ്യശാസ്ത്രത്തിന് നിയന്ത്രണവിധേയമാക്കുവാൻ കഴിയുമോ എന്നുള്ളതും ഭീതി ഉയർത്തുന്നു

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ സന്ദർഭത്തിൽ ആഗോള ഡീ പോപ്പുലേഷൻ എന്നത് ജനസംഖ്യ വിദഗ് ധരെ വിഷമത്തിലാക്കുന്ന സംഗതിയാണ്. കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ജനന നിരക്ക് ഒന്നോ അതിനു താഴെയോ ആണ്. അതു പോലെ യൂറോപ്പിൽ പോപ്പുലേഷൻ ചുരുങ്ങിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് കാണുന്നത്. യുഎസിൽ ഫേർട്ടിലിറ്റി നിരക്ക് റീ പ്ലേസ്‌മെന്റിനും താഴെയാണ്. ഇനിയുള്ള സമയങ്ങളിൽ കോവിഡിന്റെ ആധിക്ക്യം മൂലം ഇനിയും ജനസംഖ്യാ നിരക്ക് കുറയാനാണ് സാധ്യത. കൂടാതെ ലോകത്തിലെ മിക്കവാറുമുള്ള ദരിദ്ര രാഷ്ട്രങ്ങളിലും വളരെ അപ്രതീക്ഷിതമാകും വിധത്തിൽ ജനന നിരക്ക് താഴുന്നതായി കാണുന്നു. ഇന്ത്യൻ ജനസംഖ്യയുടെ ഘടന നോക്കുമ്പോൾ വർക്കിംഗ് പോപ്പുലേഷൻെറ അനുപാതം 2011ൽ 61% ആയിരുന്നത് 2036 ആകുമ്പോൾ 65% ആയി കൂടും എന്നാണ് പ്രതീക്ഷ. അതായത് ഇന്ത്യൻ ജനസംഖ്യയുടെ ഘടന പരിശോധിച്ചാൽ യുവജനങ്ങളുടെ (28%)അനുപാതം കൂടുതലാണ്. ഇത് ഒരേസമയം വെല്ലുവിളിയും എന്നാൽ വൈജ്ഞാനികപ്രദവും അനുഭവസമ്പത്തും ഉള്ള ജനത എന്ന നിലയിൽ ഡെമോഗ്രാഫിക് ഡിവിഡന്റും ആണ്. ഇത്തരം യുവാക്കളുടെ തൊഴിൽ ശക്തിയുടെ പ്രതിഫലം പ്രതീക്ഷിച്ചിരിക്കുന്ന അവസരത്തിലാണ് കോവിഡ് 19 എന്ന മഹാമാരിയുടെ വരവ്. ഇതിന്റെ ആഘാതം ഇന്ത്യയിലെ യുവജനങ്ങളിൽ തൊഴിലില്ലായ്മയുടെ രൂക്ഷത കൂട്ടുകയും നമുക്ക് ഡെമോഗ്രാഫിക് ഡിവിഡന്റ് നഷ്ടപ്പെടുകയും ചെയ്യുന്നു. പോപ്പുലേഷൻ ഫൗണ്ടേഷൻ ഓഫ്‌ ഇന്ത്യ (PFI) യുടെ കണ്ടെത്തൽ അനുസരിച്ച് ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് മിക്ക സംസ്ഥാനങ്ങളിലും കുറഞ്ഞു വരുന്നതായും ഇന്ത്യയുടെ ജനസംഖ്യ സ്ഥിരത കൈവരിക്കുന്നതായും പറയപ്പെടുന്നു.

ജനസംഖ്യ വർധനവ് മൂലം ലോകത്തുണ്ടാകുന്ന പ്രതിസന്ധിയെക്കുറിച്ച് നാമെല്ലാം ബോധവാന്മാരാണ്. എന്നാൽ തുടർച്ചയായി ജനസംഖ്യ കുറഞ്ഞു വരുന്ന ജപ്പാൻ പോലുള്ള രാജ്യങ്ങളിൽ ജനസംഖ്യ ഇനിയും താഴോട്ട് പോകാതെ നിലനിർത്താൻ എന്ത് ചെയ്യണമെന്ന് അറിയാത്ത സ്ഥിതിയാണ്.

കുറഞ്ഞു കൊണ്ടിരിക്കുന്ന ജനസംഖ്യ അതിന്റെതായ പരിണിത ഫലങ്ങൾ ഉണ്ടാക്കും. ഉദാഹരണമായി ജപ്പാൻെറ ജനസംഖ്യ ഇപ്പോഴുള്ളതിൻെറ പകുതി ആകുന്നത് പരിഗണിച്ചാൽ അത് ആ രാജ്യത്ത് ഒരു ശൂന്യത സൃഷ്ടിക്കും.

ആരോഗ്യരംഗത്തും ജനസംഖ്യ നിയന്ത്രണത്തിലും രാജ്യത്തു മുന്നിൽ നിൽക്കുന്ന സംസ്ഥാനമായ കേരളത്തിൽ സമ്പൂർണ ലോക്‌ഡൗൺ മൂലം അപ്രതീക്ഷിതമായി ജി. എസ്. ഡി. പി യും എല്ലാ മേഖലകളിലുമുള്ള തൊഴിലവസരങ്ങളും നഷ്ടമായി. പ്രവാസികളുടെ അപ്രതീക്ഷിതമായ മടങ്ങി വരവിലൂടെ സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസുകളിലൊന്ന് നിലച്ചു. ഇത് കേരളത്തിന്റെ സമ്പദ്ഘടനയിൽ പ്രകടമായ ആഘാതം ഉണ്ടാക്കി.

മേൽ സാഹചര്യത്തിൽ ചുരുങ്ങിക്കൊണ്ടിരിക്കുന്ന ജനസംഖ്യ ലോകത്തിന് ഗുരുതരമായ പല പ്രശ്നങ്ങളും സൃഷ്ടിക്കുന്ന സാഹചര്യത്തിൽ കോവിഡ് 19 നെ തുടർന്ന് ഉണ്ടാകുന്ന ഫെർട്ടിലിറ്റി ഡിക്ലയൻ വ്യതസ്തമായ ഒരു ഭാവി തലമുറയെ സൃഷ്ടിക്കും എന്നതിൽ സംശയമില്ല.

(ഡോ. ലിനി.ജി.ആർ തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിലെ ഡിപ്പാർട്ട്മെന്റ് ഓഫ് എക്കണോമിക്സിൽ  അസിസ്റ്റന്റ് പ്രൊഫസർ ആണ് )