ഹരിഗോവിന്ദ് താമരശ്ശേരി

ബ്രിട്ടനിലെയും കോമൺവെൽത്ത് രാജ്യങ്ങളിലെയും അതുല്യ സേവനത്തിനു ബ്രിട്ടീഷ് രാജകുടുംബം നല്‌കുന്ന ഉന്നത ബഹുമതികളിൽ ഒന്നായ “ബ്രിട്ടീഷ് എമ്പയർ മെഡൽ” കരസ്ഥമാക്കിയിരിക്കുകയാണ് മലയാളിയായ എബി ജോസഫ് . കോവിഡ് കാലത്ത് ബ്രിട്ടനിലെ ആരോഗ്യമേഖലയിൽ കെയർ ഹോം രംഗത്ത് നൽകിയ വിലമതിക്കാനാകാത്ത സേവനത്തിനാണ് എലിസബത്ത് രാജ്ഞിയുടെ പ്രത്യേക അംഗീകാരം എബിയെ തേടി എത്തിയിരിക്കുന്നത്. കോവിഡ് രൂക്ഷമായി ബ്രിട്ടനിൽ പടർന്നിരുന്ന കാലയളവിൽ സ്വന്തം കുടുംബത്തിൽ നിന്നും വിട്ടുമാറി മാസങ്ങളോളം ജോലിസ്ഥലത്തുതന്നെ താമസമാക്കി കോവിഡ് ബാധിതരായ രോഗികൾക്കും ജീവനക്കാർക്കും നൽകിയ സേവനത്തിനാണ് എബിയെ രാജ്യം ആദരിക്കുന്നത്. രാജ്യമൊട്ടാകെ ജീവനക്കാരുടെ ദൗർലഭ്യം നേരിട്ടിരുന്ന സമയത്താണ് തൻ്റെ മൂന്ന് മാസവും, രണ്ടുവയസ്സും പ്രായമുള്ള കുട്ടികളെയും കുടുംബത്തെയും വിട്ടുമാറി എബി കെയർ ഹോമിൽ ആതുര സേവനത്തിനായി താമസമാക്കുന്നത്. ആത്മാർഥ സേവനത്തിനുള്ള അംഗീകാരമായി ബൂപ്പ കെയർ സർവീസ് എബിക്ക് “കെയർഹോം ഹീറോ” അംഗീകാരം നൽകി ആദരിച്ചിരുന്നു. പിന്നീടാണ് രാജ്യത്തിന്റെ ഉന്നത ബഹുമതികളിൽ ഒന്നായ “ബ്രിട്ടീഷ് എമ്പയർ മെഡൽ” എബിയെ തേടിയെത്തുന്നത്. അവാർഡിനൊപ്പം രാജകുടുംബത്തിൻ്റെ ഔദ്യോഗിക വസതികളിൽ ഒന്നായ ബക്കിങ്ഹാം കൊട്ടാരത്തിലെ ഗാർഡൻ പാർട്ടിക്കുള്ള ക്ഷണവും എബിക്ക് ലഭിച്ചിട്ടുണ്ട്. എബി ജോസഫിന് ഇനി സ്വന്തം പേരിനോടൊപ്പം രാജ്യത്തിന്റെ ആദര സൂചകമായി “ബി.ഇ.എം” എന്ന് ഔദ്യോഗികമായി കൂട്ടിച്ചേർക്കാം.

2012 ൽ ബൂപ്പ കെയർ സർവീസിൽ നേഴ്സ് ആയി ജോലി തുടങ്ങി പിന്നീട് ക്ലിനിക്കൽ മാനേജരായും ഹോം മാനേജരായും എബി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കോട്ടയം അമ്മഞ്ചേരി പോങ്ങാനാതടത്തിൽ പരേതനായ ഔസേപ്പച്ചന്റെയും, ആലീസിന്റേയും മകനായ എബി ജോസഫ്, ഭാര്യ ജിനുവിനും, മക്കളായ ഏതൻ (4), ജെയ്ക്ക് (2) എന്നിവരോടൊപ്പം സ്ട്രാറ്റ്ഫോർഡ് അപ്പോൺ അവോണിൽ ആണ് താമസം. നേഴ്സ് ആയി ജോലി ചെയ്യുന്ന ജിനു ജോസ് പൊൻകുന്നം ഇളങ്കുളം-ഇലഞ്ഞിമറ്റത്തിൽ കുടുംബാംഗമാണ്.