ഷിബു മാത്യു

ലീഡ് സിലെ പ്രദേശികരുടെ സ്വന്തമായിരുന്ന സെൻ്റ് വിൽഫ്രിഡ് ചർച്ച് ഇനി മുതൽ സെൻ്റ് മേരീസ് ആൻ്റ് സെൻ്റ് വിൽഫ്രിഡ് സീറോ മലബാർ കാത്തലിക് ചർച്ച് എന്നറിയപ്പെടും. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത പ്രസ്തുത ദേവാലയം സ്വന്തമാക്കുമ്പോൾ പ്രാദേശീകരും സഹയാത്രികരായി സീറോ മലബാർ രൂപതയോടൊപ്പമുണ്ടാകുന്നു എന്നത് ശ്രദ്ധേയമാകുന്നു. ഇടവക ദേവാലയത്തിൻ്റെ പുതിയ വിളിപേരിൽ അതു വ്യക്തമാണ്. രൂപതാദ്ധ്യക്ഷൻ അഭി. മാർ. ജോസഫ് സ്രാമ്പിക്കലിൻ്റെ മാതൃകാപരമായ തീരുമാനത്തെ ഇരുകൈകളോടെയാണ് ലീഡ്സ്സ് രൂപത സ്വാഗതം ചെയ്തിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത അഞ്ചാം വർഷത്തിലേയ്ക്ക് കടക്കുമ്പോൾ മൂന്നാമത്തെ ഇടവകയായ ലീഡ്സ്സിൻ്റെ പിറവി മറ്റ് ഇടവകകളിൽ നിന്നും വ്യത്യസ്തമാണ്. സെൻ്റ് അൽഫോൻസാ കത്തീഡ്രൽ ദേവാലയവും ഔവർ ലേഡീഓഫ് ക്വീൻ ഓഫ് പീസ് ലിവർപൂളുമാണ് മറ്റ് രണ്ട് ദേവാലയങ്ങൾ. ഇടവകാംഗങ്ങൾ ഒന്നു ചേർന്ന് പൂർണ്ണമായും പണം മുടക്കി വാങ്ങുന്ന ദേവാലയം എന്നത് മറ്റുള്ള രണ്ട് ദേവാലയങ്ങളിൽ നിന്നും ലീഡ് സിനെ വ്യത്യസ്തമാക്കുന്നു. മൂന്ന് ലക്ഷം പൗണ്ടുകൾ മുടക്കിയാണ് ലീഡ് സുകാർ ദേവാലയം സ്വന്തമാക്കിയത്.

ലീഡ്‌സ് മിഷൻ ഇടവകയാകുന്നതിൻ്റെ സന്തോഷത്തിലാണ് ഇടവകക്കാർ. ഇതുമായി ബന്ധപ്പെട്ട് പുതിയ ഇടവകയുടെ നിയുക്ത വികാരി റവ. ഫാ. മാത്യൂ മുളയോലിൽ മലയാളം യുകെ ന്യൂസിന് നൽകിയ അഭിമുഖത്തിൻ്റെ പ്രസക്ത ഭാഗങ്ങൾ..

 

പ്രവർത്തന ശൈലി ഏറെക്കുറെ ഒന്നാണെങ്കിലും മിഷനും ഇടവകയും തമ്മിലുള്ള പ്രധാന വ്യത്യാസം എന്ത്?

ഉടമസ്ഥാവകാശമാണ് പ്രധാന വ്യത്യാസം. സ്വന്തം ഇടമസ്ഥതയിൽ ഒരു ദേവാലയവും, ഏകദേശം 20 മൈൽ ചുറ്റളവിൽ നൂറോളം കുടുംബങ്ങളും, സ്വന്തമായി ഒരു വൈദികനും ഒപ്പം ചിലവുകൾ സ്വന്തമായി വഹിക്കാനുള്ള സംവിധാനവുമുണ്ടെങ്കിൽ മിഷനെ ഇടവകയായി പ്രഖ്യാപിക്കാൻ സാധിക്കും. നിശ്ചിത പരിധിക്കകത്തുള്ള പ്രപ്പോസൽ മിഷൻ (പ്രാർത്ഥനാ കൂട്ടായ്മകൾ അല്ലെങ്കിൽ കുർബാന സെൻ്ററുകൾ) കൂടുന്നതാണ് മിഷൻ. കൂടുതൽ കുടുംബങ്ങൾ ചേർന്ന് മിഷനായി നിലകൊള്ളുമ്പോൾ സ്വന്തമായി ദേവാലയം വാങ്ങിയോ അല്ലെങ്കിൽ നിർമ്മിച്ചോ ഇടവകയാകുവാനുള്ള സാധ്യതകളേറെയാണ്. ലീഡ് സ് ഇടവക അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. നാൽപ്പതോളം മിഷനുകൾ ഇപ്പോൾ തന്നെ ഗ്രേറ്റ് ബ്രിട്ടൺ രൂപതയ്ക്കുണ്ട്. എഴുപത്തഞ്ചോളം മിഷനുകൾ രൂപീകരിച്ച് കാലക്രമേണ മിഷനുകളെല്ലാം ഇടവകകളാക്കി മാറ്റുകയെന്നുള്ളതാണ് രൂപതയുടെ ലക്ഷ്യം.

2018 ഡിസംബറിൽ ലീഡ് സിനെ മിഷനായി പ്രഖ്യാപിച്ചു. ചുരുങ്ങിയ കാലത്തിനുളളിത്തന്നെ ഇടവകയാക്കി ഉയർത്തുന്നു. എന്തായിരുന്നു പ്രധാന വെല്ലുവിളികൾ.?

സൗകര്യപ്രദമായ ഒരു ദേവാലയം കണ്ടു പിടിച്ച് ചിതറിക്കിടക്കുന്ന കുടുംബങ്ങളെ ഒന്നിച്ചാക്കി ബലിയർപ്പിക്കുക എന്നതായിരുന്നു പ്രധാന വെല്ലുവിളി. ഗ്രേറ്റ് ബ്രിട്ടൺ രൂപത രൂപീകൃതമാകുന്നതിന് വളരെ മുമ്പ് തന്നെ ആ വെല്ലുവിളി എനിക്ക് മുമ്പ് ഉണ്ടായിരുന്ന ബഹു. ഫാ. ജോസഫ് പൊന്നേത്ത് നിർവ്വഹിച്ചു കഴിഞ്ഞിരുന്നു. അച്ചൻ്റെ ദീർഘവീക്ഷണത്തെ നന്ദിയോടെ സ്മരിക്കുന്നു. രൂപത രൂപീകൃതമായി വളരെ പെട്ടെന്നു തന്നെ ലീഡ്സ്സിനെ മിഷനായി പ്രഖ്യാപിച്ചു. തുടർന്ന് സ്വന്തമായി ദേവാലയം വാങ്ങുക എന്ന ചിന്തവന്നു. അത് മിഷനിലെ കുടുംബങ്ങളെ അറിയിക്കുകയും പള്ളിക്കമ്മറ്റിയിൽ ചർച്ച ചെയ്യുകയും ചെയ്തു. ഭൂരിപക്ഷത്തിൻ്റെ താല്പര്യമനുസരിച്ച് ദേവാലയം വാങ്ങുക എന്ന തീരുമാനത്തിലെത്തിച്ചേർന്നു. നിലവിൽ കുർബാന അർപ്പിച്ചു കൊണ്ടിരിക്കുന്ന ദേവാലയം വാങ്ങാൻ ലീഡ്സ് രൂപത അവസരം ഒരുക്കിയതോടെ കാര്യങ്ങൾ കൂടുതൽ എളുപ്പമായി. സാമ്പത്തികമായിരുന്നു അടുത്ത പ്രശ്നം. മിഷനിലെ കുടുംബങ്ങൾ എല്ലാം ഒരുമിച്ച് നിന്നപ്പോൾ അത് വലിയൊരു പ്രശ്നമായിരുന്നില്ല.

കേരളത്തിലെ ഇടവകയും യുകെയിലെ ഇടവകയും തമ്മിൽ താരതമ്യം ചെയ്താൽ..?

സീറോ മലബാർ സഭയ്ക്കുള്ളിൽ ഇടവക സംവിധാനത്തിന് ഒരേ ചിട്ടവട്ടങ്ങളാണുള്ളത്. രാജ്യം മാറുമ്പോൾ അതിന് മാറ്റങ്ങൾ വരാറില്ല. പക്ഷേ, ഇവിടുത്തേതായ രീതിയിൽ വരുമ്പോൾ ഒരു ഇടവകയുടെ കൺസെപ്റ്റ് പൂർണ്ണമായും ഉൾക്കൊള്ളാൻ കഴിഞ്ഞെന്നു വരില്ല. അകലം വലിയൊരു പ്രശ്‌നമാണ്. ഇവിടുത്തെ സംസ്കാരത്തോടും രീതികളോടും ചേർത്ത് വെച്ച് നടത്തിക്കൊണ്ടു പോവുക മാത്രമേ സാധിക്കൂ. യൂറോപ്പിലേയ്ക്ക് മലയാളികൾ കുടിയേറിയിരിക്കുന്നത് ജോലിയെന്ന ചിന്താഗതിയിലാണ്. അതേ സമയം തന്നെ,ആദ്ധ്യാത്മിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് താല്പര്യമുള്ള വലിയൊരു സമൂഹവുമുണ്ട്. ഇടവക രൂപീകരണത്തിൽ അതിനുള്ള സാധ്യതകളേറും. ഒരിടവകയാകുമ്പോൾ എല്ലാ ദിവസവും വിശുദ്ധ കുർബാനയും അനുബന്ധ ശുശ്രൂഷകളുമുണ്ടാകും. ഓരോരുത്തരുടെയും ഒഴിവുകൾ അനുസരിച്ച് വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനുള്ള അവസരമാണ് സൃഷ്ടിക്കപ്പെടുന്നത്.

ലീഡ്സ്സ് ഇടവകയുടെ പരിധിക്കുള്ളിലുള്ള ആറ് വാർഡുകളിലും ക്രമാതീതമായി കത്തോലിക്കാ കുടുംബങ്ങളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ (ഉദാ. സെൻ്റ് അൽഫോൻസാ വാർഡ് കീത്തിലിയിൽ പുതുതായി എത്തിയത് നൂറിൽപ്പരം കുടുംബങ്ങളാണ് ) മിഷനായി ഉയർത്തി എല്ലാ ഞായറാഴ്ച്ചയും വിശുദ്ധ കുർബാന അർപ്പിക്കാനുള്ള സാധ്യതയുണ്ടാകുമോ?

അതെല്ലാം രൂപതയുടെ പോളിസിയാണ്. ഇപ്പോൾ അങ്ങനെയൊരു ചിന്തയുള്ളതായി അറിവില്ല. പക്ഷേ, സാധ്യതകളെ തള്ളിക്കളയാനാവില്ല. അതിവിടെ മാത്രമല്ല. രൂപത വ്യാപിച്ചുകിടക്കുന്ന എല്ലായിടത്തും റീജിയണുകളുടെയും ഇടവകകളുടെയും എണ്ണത്തിൽ മാറ്റം സംഭവിച്ചേക്കാം. എങ്കിലല്ലേ രൂപതയും വിശ്വാസ സമൂഹവും ഒരുമിച്ച് വളരുകയുള്ളൂ..

പുതുതായി പ്രഖ്യാപിക്കാൻ പോകുന്ന ഇടവകയുടെ നിലവിലുള്ള പ്രവർത്തനങ്ങൾ?

രൂപതയിലെ തന്നെ മികച്ച സൺഡേ സ്കൂൾ.

റിസപ്ഷൻ മുതൽ പത്രണ്ട് വരെ ക്ലാസ്സുകളിലായി 200ൽ അധികം കുട്ടികൾ, രണ്ട് പ്രധാന അദ്ധ്യാപകർ ഉൾപ്പെടെ പരിചയസമ്പന്നരായ മുപ്പത്തഞ്ചോളം അദ്ധ്യാപകർ. സീറോ മലബാർ സഭയുടെ വിശ്വാസ പരിശീലന കമ്മീഷൻ പാഠ്യവിഷമാക്കിയ പുസ്തകങ്ങൾ പഠിപ്പിക്കുന്നു. സീറോ മലബാർ ക്രമമനുസരിച്ചുള്ള വിശുദ്ധ കുർബാന ഇംഗ്ലീഷിൽ.കൂടാതെ കുട്ടികളുടെ ക്വയർ ഗ്രൂപ്പും നന്നായി പ്രവർത്തിക്കുന്നു. രൂപതാടിസ്ഥാനത്തിൽ നടക്കുന്ന ബൈബിൾ കലോത്സവത്തിന് ലീഡ്സ്സിലെ കുട്ടികൾ വാരിക്കൂട്ടുന്ന സമ്മാനങ്ങൾക്ക് കണക്കില്ല.

ചെറുപുഷ്പ മിഷൻ ലീഗ്

അഞ്ചാം സ്റ്റാൻഡേർഡ് മുതലുള്ള എല്ലാ കുട്ടികളും മെമ്പറായിട്ടുള്ള ചെറുപുഷ്പ മിഷൻ ലീഗ് നന്നായി പ്രവർത്തിക്കുന്നു. നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കായുള്ള സാവിയോ ഫ്രണ്ട്സിൻ്റെ പ്രവർത്തനം ആരംഭ ദിശയിലാണ്.

വിമൻസ് ഫോറം, സീറോ മലബാർ യൂത്ത് മൂവ്മെൻ്റ് (SMYM) എന്നിവയുടെ പ്രവർത്തനങ്ങളും എടുത്തു പറയേണ്ടതാണ്.

പള്ളിക്കമ്മറ്റി

ഊർജ്ജസ്വലതയോടെ പ്രവർത്തിക്കുന്ന പള്ളിക്കമ്മറ്റിയാണ് ലീഡ് സ് ഒരിടവകയാകുവാൻ കാരണമായത്. സെൻ്റ് അൽഫോൻസാ കീത്തിലി, സെൻ്റ് തോമസ് ഹഡേഴ്സ് ഫീൽഡ്, സെൻ്റ് ചാവറ ലീഡ്സ്, സെൻറ് ജോസഫ് വെയ്ക്ക് ഫീൽഡ് ആൻ്റ് പൊൺണ്ടി ഫ്രാക്ട്, സെൻ്റ് ആൻ്റണി ബ്രാഡ് ഫോർഡ്, സെൻറ് തോമസ്സ് ഹാരോ ഗെറ്റ് തുടങ്ങിയ ആറ് വാർഡുകളിൽ നിന്നായി സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന 12 കൈക്കാരന്മാരും 12 കമ്മറ്റി മെമ്പേഴ്സും ചേർന്ന 24 പേരും കൂടാതെ സൺഡേ സ്കൂൾ മറ്റ് സംഘടകളുടെ പ്രതിനിധികളും ചേർന്ന ഒരു വലിയ ഗ്രൂപ്പ് തന്നെയാണ് നിയുക്ത വികാരി ഫാ. മാത്യൂ മുളയോലിയുടെ നേതൃത്വത്തിൽ പള്ളിക്കമ്മറ്റിയിൽ പ്രവർത്തിക്കുന്നത്.

2016 ജൂലൈ 23 നാണ് ഫാ. മാത്യൂ മുളയോലിൽ ലീഡ് സിലെത്തുന്നത്. 5 വർഷം ചെറുപുഷ്പ മിഷൻ ലീഗിൻ്റെ ഡയറക്ടറായിരുന്ന അദ്ദേഹം തലശ്ശേരി രൂപതയിലെ കല്ല് മുതിരക്കുന്ന് സെൻ്റ് ജൂഡ് ചർച്ച് ഇടവകക്കാരനാണ്. 1999 ഡിസംബർ 30 -തിന് തലശ്ശേരി രൂപതാദ്ധ്യക്ഷൻ അഭി. മാർ. ജോർജ്ജ് വലിയമറ്റം പിതാവിൽ നിന്ന് പട്ടം സ്വീകരിച്ചു. മുളയോലിൽ കുടുംബത്തിൽ തോമസ് അന്നമ്മ ദമ്പതികളുടെ നാല് ആൺമക്കളിൽ രണ്ടാമനാണ്.

സെൻ്റ് മേരീസ് ആൻ്റ് സെൻ്റ് വിൽഫ്രിഡ് സീറോ മലബാർ കാത്തലിക് ചർച്ച് ഇടവക പ്രഖ്യാപനത്തിന് ഇനി രണ്ടുനാൾ. ദേവാലയം സീറോ മലബാർ സഭയ്ക്ക് നൽകിയപ്പോൾ ലീഡ് സ് ബിഷപ്പ്, ബിഷപ്പ് മാർക്കസ് സ്റ്റോകും ദേവാലയത്തിൽ വിശുദ്ധ കുർബാനയ് ക്കെത്തിക്കൊണ്ടിരുന്ന പ്രാദേശികരും ഒരഭ്യർത്ഥന മുന്നോട്ട് വെച്ചു. നിങ്ങൾ ദേവാലയത്തിന് പുതിയ പേര് നൽകുമ്പോൾ നിലവിലുള്ള പേരും അതിനോടൊപ്പം ചേർക്കാമോ എന്ന്? ഇത്രയും കാലം മധ്യസ്ഥം യാചിച്ച് പ്രാർത്ഥിച്ച വിശുദ്ധനോടുള്ള അവരുടെ ആദരവ് അവിടെ പ്രകടമായിരുന്നു. വൈകാരികമായ അവരുടെ അഭ്യർത്ഥനയെ ഗ്രേറ്റ് ബ്രിട്ടൺ രൂപതാദ്ധ്യക്ഷൻ അഭി. മാർ ജോസഫ് സ്രാമ്പിക്കൽ ഇരു കൈയ്യും നീട്ടി സ്വീകരിച്ചതിൻ്റെ ഫലമാണ് സെൻ്റ് മേരീസ് ആൻ്റ് സെൻ്റ് വിൽഫ്രിഡ് സീറോ മലബാർ കാത്തലിക് ചർച്ച് എന്ന പേര് വന്നത്. ആഗോള കത്തോലിക്കാ വിശ്വാസികൾക്ക് അതൊരു മാതൃകയുമായി.

ഞായറാഴ്ച്ച രാവിലെ പത്ത് മണിക്ക് ഗ്രേറ്റ് ബ്രിട്ടൺ രൂപതാദ്ധ്യക്ഷൻ അഭി. മാർ. ജോസഫ് സ്രാമ്പിക്കലിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ഡിക്രി വായിച്ച് ഔദ്യോഗികമായി ലീഡ് സിനെ ഇടവകയായി പ്രഖ്യാപിക്കും. വികാരി ജനറാൾ മോൺ. ജിനോ അരീക്കാട്ട്, മാഞ്ചെസ്റ്റർ റീജിയണൽ ഡയറക്ടർ ഫാ. ജോസ് അഞ്ചാനിക്കൽ, ഫാ. ജോസഫ് മൂലശ്ശേരിൽ വിസി , ഫാ. ജോസഫ് കിഴത്തറക്കാട്ട്, ഫാ. കുര്യാക്കോസ് അമ്പഴത്തിനാൽ, ഡോൺകാസ്റ്ററിൽ നിന്നുള്ള സിസ്റ്റേഴ്സ് തുടങ്ങിയവർ തിരുക്കർമ്മത്തിൽ പങ്ക് ചേരും. സ്നേഹവിരുന്നോടെ തിരുക്കർമ്മങ്ങൾ അവസാനിക്കും.

തിരുക്കർമ്മങ്ങളിൽ പങ്ക് ചേർന്ന് ലീഡ് സ് ഇടവകയുടെ സന്തോഷത്തിൽ പങ്ക് ചേരാൻ എല്ലാ വിശ്വാസികളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് വികാരി ഫാ. മാത്യൂ മുളയോലിൽ അറിയിച്ചു.