വീട്ടുകാരുടെ എതിര്‍പ്പ് മൂലം അവര്‍ ഒന്നാകാന്‍ കാത്തിരുന്നത് രണ്ടു ദശകം. ഒടുവില്‍ നിയമസഭാ സ്പീക്കറുടെ സാന്നിദ്ധ്യത്തില്‍ കഴിഞ്ഞ ദിവസം മാംഗല്യഹാരം. 20 കൊല്ലക്കാലം പ്രണയിച്ചു ജീവിച്ച ശേഷം നിയമസഭാ സെക്രട്ടറിയേറ്റിലെ അണ്ടര്‍ സെക്രട്ടറിമാരായ രാമദാസന്‍ പോറ്റിക്കും രജനിക്കുമാണ് ഒടുവില്‍ ശുഭപര്യവസാനിയായ പ്രണയവിജയം കിട്ടിയത്. പ്രണയകഥയറിഞ്ഞ് ഇരുവരെയും ഒന്നിപ്പിച്ചതും വിവാഹത്തിന് പ്രേരിപ്പിച്ചതും സ്പീക്കര്‍ ശ്രീരാമകൃഷ്ണനായിരുന്നു. തിരുവനന്തപുരം സ്വദേശി അമ്പതുകാരനായ രാമദാസന്‍ പോറ്റിയുടെയും 44 കാരി പത്തനംതിട്ട സ്വദേശിനി രജനിയുടേയും പ്രണയകഥ സിനിമയെ വെല്ലും. 1996 ജൂലൈയില്‍ നിയമസഭാ സെക്രട്ടറിയേറ്റില്‍ അസിസ്റ്റന്റുമാരായി ജോലിയില്‍ കയറിയ ഇരുവര്‍ക്കും അക്കൗണ്ട്‌സ് വിഭാഗത്തിലായിരുന്നു നിയമനം. ഏറെ താമസിയാതെ ഇരുവര്‍ക്കുമിടയില്‍ പ്രണയം വന്നെത്തി. പതിവുപോലെ തന്നെ സമുദായവും ജാതിയുമെല്ലാം തടസ്സമായപ്പോള്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പ്. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമെല്ലാം വിവാഹത്തിന് നിര്‍ബ്ബന്ധിച്ചെങ്കിലും സ്വപ്നങ്ങള്‍ പങ്കുവെച്ച് അവര്‍ കാത്തിരുന്നു. എല്ലാം അവസാനിക്കുമെന്ന് വിചാരിച്ച് 20 വര്‍ഷം കടന്നുപോയി. ഇതിനിടയില്‍ കുടുംബപരമായ ബാദ്ധ്യതകളെല്ലാം ഇരുവരും ഏറെക്കുറെ നിറവേറ്റി. കാലം കടന്നുപോയതോടെ വീട്ടുകാരുടെ നിലപാടുകളിലും മാറ്റം വന്നു തുടങ്ങി. ഒടുവില്‍ അസാധാരണ പ്രണയകഥയറിഞ്ഞ സ്പീക്കറുടെ നിര്‍ബ്ബന്ധം കൂടിയായതോടെ ഒടുവില്‍ ഇരുവരും ഒരുമിച്ചു ജീവിക്കാനുള്ള തീരുമാനത്തില്‍ എത്തുകയായിരുന്നു. അങ്ങിനെ വ്യാഴാഴ്ച ആ വിവാഹത്തില്‍ പങ്കെടുക്കാന്‍ മുട്ടുവേദനയ്ക്ക് ചികിത്സയില്‍ ആയിരുന്ന സ്പീക്കറും തലസ്ഥാനത്ത് വന്നെത്തി. വ്യാഴാഴ്ച അച്ഛന്റെയും അമ്മയുടെയും കൈപിടിച്ചാണ് രജനി കതിര്‍മണ്ഡപത്തില്‍ എത്തിയത്. വരണമാല്യം എടുത്തു നല്‍കിയത് സ്പീക്കറായിരുന്നു.
Leave a Reply