ലണ്ടന്‍: യുകെ തലസ്ഥാനത്ത് റോഡ് സുരക്ഷ ഉറപ്പാക്കാന്‍ പുതിയ നീക്കവുമായി ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍. വാഹനങ്ങളുടെ വേഗതാ പരിധി മണിക്കൂറില്‍ 20 മൈലാക്കി ചുരുക്കും. നിലവിലുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതാണ് നടപടി. ലണ്ടന്‍ നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം ഈ നിയമം നടപ്പിലാക്കും. അതേസമയം 2020ന്റെ ആരംഭത്തോടെ മാത്രമെ 20 മൈല്‍ വേഗത നിയമം നടപ്പിലാക്കുകയുള്ളുവെന്നും അധികൃതര്‍ അറിയിച്ചു. നടപടിയെ സ്വാഗതം ചെയ്തുകൊണ്ട് റോഡ് സുരക്ഷാ ക്യാംപയിനേഴ്‌സും രംഗത്ത് വന്നു. ലണ്ടന്‍ നഗരത്തിലുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്.
നഗരത്തിലെ തിരക്കേറിയ റോഡുകളിലുണ്ടാകുന്ന അപകടങ്ങളില്‍ സൈക്കിള്‍ യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കുമാണ് ഏറ്റവും കൂടുതല്‍ പരിക്കേല്‍ക്കുന്നത്. പുതിയ വേഗതാ പരിധി കൊണ്ടുവന്നാല്‍ ഇത്തരം അപകടങ്ങളെ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ലണ്ടന്‍ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലുള്ള വേഗതാ നിയന്ത്രണമായിരിക്കും ഇത്. ലണ്ടനിലെ മറ്റു പ്രദേശങ്ങളിലെ വേഗതാ പരിധിയും പുനര്‍നിര്‍ണയിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ വ്യക്തമാക്കിയിട്ടുണ്ട്. മേയര്‍ സാദിഖ് ഖാന്‍ നഗരത്തിലെ റോഡപകടങ്ങള്‍ നിയന്ത്രിക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് പുതിയ നടപടി.
വെസ്റ്റ്മിനിസ്റ്റര്‍ സിറ്റി കൗണ്‍സിലിന്റെ നിയമപ്രകാരം നഗരപരിധിയില്‍ ഓടിക്കാവുന്ന പരമാവധി വേഗത 30 മൈലാണ്. അപകടങ്ങളുടെ തോത് വര്‍ദ്ധിക്കുന്നത് ചൂണ്ടിക്കാണിച്ചായിരുന്നു കൗണ്‍സില്‍ വേഗത നിയന്ത്രണം കൊണ്ടുവന്നത്. ലണ്ടനില്‍ മാത്രം ഒരു വര്‍ഷം 2,000ത്തിലധികം പേര്‍ റോഡപകടങ്ങളില്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുയോ ചെയ്യുന്നുണ്ട്. ഇതില്‍ 80 ശതമാനവും സൈക്കിള്‍, കാല്‍നട യാത്രക്കാരാണ്. ലണ്ടന്‍ നഗരത്തിലെ അപകടങ്ങള്‍ നിയന്ത്രിച്ചേ മതിയാകൂ. ഓരോ മരണങ്ങളും പരിക്കുകളും വലിയ ആഘാതമാണ് കുടുംബങ്ങള്‍ക്ക് ഉണ്ടാക്കുന്നതെന്ന് മേയര്‍ സാദിഖ് ഖാന്‍ പറഞ്ഞു.
Leave a Reply