വാല്‍സിംഗ്ഹാം: പരിശുദ്ധ കന്യാമറിയത്തിന്റെ പ്രത്യക്ഷീകരണത്തിലൂടെ അനുഗ്രഹീതമായ ഇംഗ്ലണ്ടിലെ വാല്‍സിംഗ്ഹാമിലേക്കു ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ നടത്തിയ രണ്ടാമത് വാല്‍സിംഗ്ഹാം തീര്‍ഥാടനത്തില്‍ ആയിരങ്ങള്‍ പങ്കുചേര്‍ന്നു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ രൂപതയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നും വൈദികരുടെയും സിസ്റ്റേഴ്‌സിന്റെയും അല്‍മായ നേതാക്കളുടെയും നേതൃത്വത്തില്‍ ജപമാല സ്തുതികളും മരിയന്‍ കീര്‍ത്തനങ്ങളുമായി എത്തിയ തീര്‍ഥാടകര്‍ ഇംഗ്ലണ്ടിന്റെ നസ്രത് എന്ന് പുകള്‍പെറ്റ വാല്‍സിംഗ്ഹാമിന് മരിയ ഭക്തിയുടെ പുത്തന്‍ പ്രാര്‍ത്ഥനാനുഭവമാണ് പകര്‍ന്നു നല്‍കിയത്.
രാവിലെ മുതല്‍ ഇടമുറിയാതെ മയിലുകള്‍ താണ്ടി പ്രത്യേക വാഹനങ്ങളില്‍ കൂട്ടായും, ഒറ്റക്കും എത്തിയ തീര്‍ഥാടകര്‍ പരിശുദ്ധ അമ്മയോടുള്ള മാധ്യസ്ഥം യാചിച്ചുകൊണ്ടാണ് കടന്നുപോയത്. രാവിലെ ഒമ്പതുമണിക്ക് സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ നടത്തിയ മരിയന്‍ ധ്യാനത്തോടെയാണ് തീര്‍ഥാടനം ആരംഭിച്ചത്. തുടര്‍ന്ന് സീറോമലബാര്‍ സഭയുടെ പാരമ്പര്യവും തനിമയും പരിശുദ്ധ അമ്മയോടുള്ള ഭക്തിയും വിളിച്ചോതിയ ജപമാല പ്രദക്ഷിണം നടന്നു. തുടര്‍ന്ന് നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കാര്‍മികത്വം വഹിച്ചു.
ശ്ലീഹന്മാരുടെ ശുശ്രൂഷയുടെ ഫലം കൊയ്യുന്ന കാലം ആണ് തിരുസഭ ഇപ്പോള്‍ ആഘോഷിക്കുന്നത്. പാപിയുടെ മാനസാന്തരത്തില്‍ സ്വര്‍ഗം സന്തോഷിക്കുന്നു. തൊണ്ണൂറ്റിയൊമ്പത് ആടുകളെയും ഉപേക്ഷിച്ചു കാണാതെപോയ ഒരാടിനെ തേടിപ്പോകുന്ന ഇടയനെപ്പോലെ നല്ലിടയനായ ഈശോയുടെ തിരിച്ചുവരുവോളം കാത്തിരിക്കുന്ന മനോഭാവത്തോടെ നാം ആയിരിക്കുന്ന ജീവിത സാഹചര്യങ്ങളില്‍ പ്രത്യേകിച്ച് തിരുസഭയിലും, കുടുംബങ്ങളിലും, നമുക്കെല്ലാവര്‍ക്കും ഉണ്ടാകണമെന്നും വചന സന്ദേശത്തില്‍ മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു.
ഈ വര്‍ഷത്തെ തീര്‍ത്ഥാടനം ഏറ്റുനടത്തിയത് ഫാ. ഫിലിപ്പ് പന്തമാക്കലിന്റെ നേതൃത്വത്തിലുള്ള കിങ്സ്ലിനിലെ തിരുക്കുടുംബ കുര്‍ബാന സമൂഹമാണ്.
Leave a Reply