ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്.ഒ
പ്രെസ്റ്റണ്: നവമായ ഒരു പ്രേഷിത മുന്നേറ്റം ലക്ഷ്യം വച്ചുകൊണ്ട് ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപതയില്‍ ഒരുക്കിയിരിക്കുന്ന വലിയനോമ്പുകാല ധ്യാനം ‘ഗ്രാന്‍ഡ് മിഷന്’ ഇന്ന് ആരംഭിക്കുന്നു. ഓരോ റീജിയണിലും ഇടവക/ മിഷന്/ വി. കുര്‍ബാന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായി നടക്കുന്ന ധ്യാനങ്ങള്‍ക്കു ഒരുക്കമായുള്ള ‘ഹോം മിഷന്’ ഭവന സന്ദര്‍ശനങ്ങളും നടന്നു വരുന്നു. ധ്യാനത്തിലേക്കു കുടുംബങ്ങളെ പ്രത്യേകമായി ക്ഷണിക്കാനും പ്രാര്‍ത്ഥിച്ചു ഒരുക്കാനുമായാണ് ഹോം മിഷന് സന്ദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
വി. പോള്‍ ആറാമന്‍ മാര്‍പാപ്പ ഇറ്റലിയിലെ മിലാനില്‍ ആര്‍ച്ചുബിഷപ്പായിരിക്കെയാണ് ആദ്യമായി ‘ഗ്രാന്‍ഡ് മിഷന്’ പരിപാടി വിജയകരമായി നടപ്പാക്കിയത്. ഗ്രേറ്റ് ബ്രിട്ടണ് രൂപതയിലെ വിവിധ ഇടവക/ മിഷന്/ വി. കുര്‍ബാന കേന്ദ്രങ്ങളിലായി നടക്കുന്ന ധ്യാനങ്ങളില്‍ പ്രശസ്തരായ പതിനഞ്ചിലധികം വചനപ്രഘോഷകരാണ് സുവിശേഷപ്രഘോഷണം നടത്തുന്നത്. വാരാന്ത്യങ്ങള്‍ ഉള്‍പ്പെടുന്ന മൂന്നു ദിവസങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ധ്യാനങ്ങളില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ഹ്രസ്വ സന്ദര്‍ശനവും സന്ദേശവും ഉണ്ടായിരിക്കുന്നതാണ്.
ഇന്ന് ആരംഭിക്കുന്ന ധ്യാന ശുശ്രുഷകള്‍ ഏപ്രില്‍ 28 നാണ് സമാപിക്കുന്നത്. ധ്യാനത്തിന്റെ പൊതുവായ നടത്തിപ്പിനായി എല്ലാ ഇടവക/ മിഷന്/ വി. കുര്‍ബാന കേന്ദ്രങ്ങളിലും ജനറല്‍ കോ ഓര്‍ഡിനേറ്ററും ഹോം മിഷന് സന്ദര്‍ശനങ്ങളുടെ ക്രമീകരണത്തിനായി കുടുംബ കൂട്ടായ്മ പ്രതിനിധിയും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഓരോ സ്ഥലത്തെയും ഗാന ശുശ്രുഷകള്‍ക്ക് അതാതു സ്ഥലത്തെ ഗായക സംഘം നേതൃത്വം നല്‍കും. ഓരോ സ്ഥലത്തെയും വികാരി/മിഷന് ഡയറക്ടര്‍/ പ്രീസ്റ് ഇന്‍ ചാര്‍ജ് വൈദികരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
ദൈവം നമുക്കുവേണ്ടി ഒരുക്കുന്ന കൃപയുടെ ദിനങ്ങളാണ് ഇതെന്നും വിശ്വാസത്തിന്റെ ആഘോഷവും കൈമാറ്റവും ലക്ഷ്യം വച്ചാണ് ഗ്രാന്‍ഡ് മിഷന് സംഘടിപ്പിച്ചിരിക്കുന്നതെന്നും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. ഗ്രാന്‍ഡ് മിഷന് വഴി ദൈവം രൂപതയിലെ എല്ലാ വിശ്വാസികളുടെയും ഹൃദയങ്ങള്‍ തുറക്കട്ടെയെന്നും അതുവഴി രൂപത നല്ല ദൈവ ഭവനമായി മാറട്ടെയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ധ്യാനത്തിന്റെ വിജയത്തിനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും എല്ലാവരുടെയും സജീവ പങ്കാളിത്തം ഗ്രാന്‍ഡ് മിഷന് ഉണ്ടാകണമെന്നും മാര്‍ സ്രാമ്പിക്കല്‍ അഭ്യര്‍ത്ഥിച്ചു.
Leave a Reply