ഫാ. ബിജു കുന്നയ്ക്കാട്ട്

പ്രെസ്റ്റണ്‍: അമ്പതു ലക്ഷത്തിലധികം വരുന്ന സീറോ മലബാര്‍ വിശ്വാസികളുടെ ആത്മീയ ആചാര്യന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഔദ്യോഗിക സന്ദര്‍ശനത്തിനായി നാളെ യു.കെയിലെത്തുന്നു. രണ്ടു വര്‍ഷം മുന്‍പ് സ്ഥാപിതമായ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ നാല്‍പ്പത്തി അയ്യായിരത്തിലധികം വിശ്വാസികളെ കാണാനും പ്രവാസി ജീവിതസാഹചര്യങ്ങളില്‍ വിശ്വാസജീവിതത്തിനു വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനുമാണ് സഭാതലവന്‍ എത്തുന്നത്. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ വളര്‍ച്ചയുടെ ശ്രദ്ധേയമായ ചുവടുവെയ്പായ ‘മിഷന്‍’ കേന്ദ്രങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനങ്ങളും വിവിധ സ്ഥലങ്ങളില്‍ നടക്കും. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സഭാതലവനെ സന്ദര്‍ശനങ്ങളില്‍ അനുഗമിക്കും.

അതേസമയം, മറ്റന്നാള്‍ മുതല്‍ ആരംഭിക്കുന്ന വിവിധ സ്ഥലങ്ങളിലെ സന്ദര്‍ശനങ്ങളുടെ സമയക്രമം രൂപത പുറത്തിറക്കി. നാളെ വൈകിട്ട് ഗ്ലാസ്‌ഗോയില്‍ വിമാനമിറങ്ങുന്ന മാര്‍ ആലഞ്ചേരി, ഇരുപത്തി മൂന്നാം തിയതി അബര്‍ഡീന്‍ ഹോളി ഫാമിലി ദേവാലയത്തില്‍ ഫാ. ജോസഫ് പിണക്കാട്ടും വിശ്വാസികളുമൊരുക്കുന്ന കൂട്ടായ്മയിലാണ് ആദ്യം സംബന്ധിക്കുന്നത്. ഡിസംബര്‍ ഒന്‍പതു വരെ നീളുന്ന സന്ദര്‍ശനങ്ങളില്‍ ഇരുപതിലധികം സ്ഥലങ്ങളില്‍ അഭിവന്ദ്യ പിതാവ് വി. കുര്‍ബാനയര്‍പ്പിക്കുകയും വചനസന്ദേശം നല്‍കുകയും വിവിധ വി. കുര്‍ബാന സ്ഥലങ്ങള്‍ ഒത്തുചേരുന്ന ‘മിഷന്‍’ കേന്ദ്രങ്ങളുടെ പ്രഖ്യാപനം നടത്തുകയും ചെയ്യും. സഭാതലവനെ എതിരേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് എല്ലായിടത്തും നടന്നുകൊണ്ടിരിക്കുന്നത്. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, വികാരി ജനറാള്‍മാര്‍, വിവിധ സ്ഥലങ്ങളിലെ ശുശ്രുഷകള്‍ക്കു നേതൃത്വം നല്‍കുന്ന വൈദികര്‍,സന്യാസിനികള്‍, മിഷന്‍ ആഡ് ഹോക്ക് കമ്മറ്റികള്‍, വി.കുര്‍ബാന കേന്ദ്രങ്ങളിലെ കമ്മറ്റി അംഗങ്ങള്‍, വിമന്‍സ് ഫോറം, വോളണ്ടിയേഴ്സ് എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രണ്ടു വര്‍ഷം മുന്‍പ്, ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത സ്ഥാപനത്തിനും പ്രഥമ മെത്രാനായി മാര്‍ ജോസഫ് സ്രാമ്പിക്കലിനെ അഭിഷേകം ചെയ്യുന്നതിനായി യൂകെയിലെത്തിയതിനു ശേഷം ഇതാദ്യമായാണ് രണ്ടാഴ്ചയിലധികം നീളുന്ന സന്ദര്‍ശനത്തിന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഈ പ്രവാസി മണ്ണിലെത്തുന്നത്. ഡിസംബര്‍ ഒന്നാം തിയതി ബെര്‍മിംഗ്ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടക്കുന്ന ‘കുട്ടികളുടെ വര്‍ഷത്തിന്റെ സമാപന ചടങ്ങുകളിലും യുവജന വര്‍ഷത്തിന്റെ ആരംഭ’ച്ചടങ്ങുകളിലും മാര്‍ ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിക്കും. ഡിസംബര്‍ എട്ടാം തിയതി ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടക്കുന്ന ‘സെഹിയോന്‍ മിനിസ്ട്രിസ് ഒരുക്കുന്ന ‘രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷ’നിലും കര്‍ദ്ദിനാള്‍ തിരുമേനി പങ്കെടുക്കും.

അനുഗ്രഹദായകമായ ഈ അവസരത്തില്‍, സാധിക്കുന്ന എല്ലാ വിശ്വാസികളും തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കണമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭ്യര്‍ത്ഥിച്ചു. ഈ വര്ഷം യൂറോപ്പ് സാക്ഷ്യം വഹിച്ച ഏറ്റവും വലിയ ബൈബിള്‍ കലോത്സവത്തിനും അഭിഷേകാഗ്‌നി പെയ്തിറങ്ങിയ ബൈബിള്‍ കണ്‍വെന്‍ഷനും ശേഷം ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ആത്മീയ നേതൃത്വം നല്‍കുന്ന ഏറ്റവും വലിയ വിശ്വാസകൂട്ടായ്മയ്ക്കായിരിക്കും അഭിവന്ദ്യ വലിയ പിതാവിന്റെ സന്ദര്‍ശനത്തില്‍ യു.കെ സാക്ഷ്യം വഹിക്കുവാന്‍ പോകുന്നത്. സന്ദര്‍ശനത്തിന്റെ പൂര്‍ണ ലിസ്റ്റ് ചുവടെ: