ബിനു ജോര്‍ജ്
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആത്മീയ വളര്‍ച്ചക്ക് പുത്തന്‍ ഉണര്‍വേകിയ മിഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ അനുദിനം മുന്നേറുമ്പോള്‍ കെന്റിലെ സീറോ മലബാര്‍ വിശ്വാസ സമൂഹത്തിന് ഇത് സ്വപ്നസാഫല്യം. ജില്ലിങ്ഹാം, മെയ്ഡ്‌സ്റ്റോണ്‍, സൗത്ത്ബോറോ കുര്‍ബാന സെന്ററുകള്‍ സംയോജിപ്പിച്ചു രീപീകരിച്ച സെന്റ് പാദ്രെ പിയോ മിഷന്റെ ഔദ്യോഗിക പ്രഖ്യാപനവും ഉദ്ഘാടനവും ഫെബ്രുവരി 17 ഞായറാഴ്ച ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് നിര്‍വഹിക്കും.
പരിശുദ്ധ കന്യാമറിയത്തിന്റെ പ്രത്യക്ഷീകരണത്താല്‍ അനുഗ്രഹപൂരിതമായ എയ്ല്‍സ്ഫോഡിലെ ഡിറ്റണ്‍ കമ്യൂണിറ്റി ഹാളില്‍ രാവിലെ 9.30ന് രൂപതാധ്യക്ഷന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന വിശുദ്ധകുര്‍ബാന മദ്ധ്യേ മിഷന്റെ ഔദ്യോഗികമായ പ്രഖ്യാപനവും സ്ഥാപന ഡിക്രി വായനയും നടക്കും. റവ ഫാ. ടോമി ഏടാട്ടും, റവ. ഫാ. ഫാന്‍സ്വാ പത്തിലും സഹകാര്‍മ്മികരായിരിക്കും. കേരള സഭാമക്കള്‍ ഭക്ത്യാദരപൂര്‍വ്വം വണങ്ങുന്ന ധീരരക്തസാക്ഷി വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളും ഇതോടനുബന്ധിച്ചു ആചരിക്കും.
പുതിയ മിഷന്റെ ട്രസ്റ്റിമാരായ അനൂപ് ജോണ്‍, ജോബി ജോസഫ്, ജോഷി ആനിത്തോട്ടത്തില്‍, ബിജോയ് തോമസ്, ദീപ മാണി, എലിസബത്ത് ബെന്നി, കണ്‍വീനര്‍മാരായ ടോമി വര്‍ക്കി, ജോസഫ് കുര്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രഖ്യാപനവുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും പുരോഗമിക്കുന്നതായി മിഷന്‍ ഡയറക്ടര്‍ ഫാ. ടോമി എടാട്ട് അറിയിച്ചു. കെന്റിലെ മൂന്നു കുര്‍ബാന സെന്ററുകളുടെയും കൂട്ടായ പരിശ്രമത്തിന്റെയും തീക്ഷ്ണമായ പ്രാര്‍ത്ഥനയുടെയും ഫലമാണ് പുതുതായി പ്രഖ്യാപിക്കപ്പെടുന്ന സെന്റ് പാദ്രെ പിയോ മിഷന്‍. എല്ലാ വിശ്വാസികളെയും അന്നേ ദിവസം എയ്ല്‍സ്ഫോര്‍ഡിലേക്കു സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി കമ്മറ്റിയംഗങ്ങള്‍ അറിയിച്ചു.
Leave a Reply