ഫാ. ബിജു കുന്നയ്ക്കാട്ട് PRO

എയില്‍സ്ഫോര്‍ഡ്: 2019 മേയ് 25ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഈ വര്‍ഷത്തെ എയില്‍സ്ഫോര്‍ഡ് തീര്‍ത്ഥാടനം ശ്രീലങ്കന്‍ ഭീകരാക്രമണ ദുരിതബാധിതരെ സഹായിക്കുമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രത്യേക സര്‍ക്കുലറിലൂടെ അറിയിച്ചു. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ആഗോള സഭയോട് ചേര്‍ന്ന്, വേദനിക്കുന്ന എല്ലാവരോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ഇന്നലെ സീറോ മലബാര്‍ വി. കുര്‍ബാന അര്‍പ്പിച്ച എല്ലാ സ്ഥലങ്ങളിലും ഭീകരാക്രമണത്തില്‍ മരിച്ചവരെയും, പരിക്കേറ്റവരെയും അവരുടെ കുടുംബാംഗങ്ങളെയും പ്രത്യകമായി അനുസ്മരിക്കുകയും ചെയ്തു.

വിശുദ്ധ സൈമണ്‍ സ്റ്റോക്കിന് പരി. മറിയം എയില്‍സ്ഫോഡില്‍ പ്രത്യക്ഷപ്പെട്ട് സംരക്ഷണത്തിന്റെ ഉത്തരീയം നല്‍കിയതിന്റെ അനുസ്മരണത്തില്‍ നടത്തപ്പെടുന്ന ഈ തീര്‍ത്ഥാടനത്തില്‍, ലോകത്തിനു മുഴുവന്‍ ദൈവത്തിന്റെ കരുണ നിറഞ്ഞ സംരക്ഷണം കിട്ടാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് രൂപതാധ്യക്ഷന്‍ അഭ്യര്‍ത്ഥിച്ചു. തീര്‍ത്ഥാടന കമ്മറ്റി കണ്‍വീനറായ റെവ. ഫാ. ടോമി എടാട്ടിന്റെയും കമ്മറ്റി അംഗങ്ങളുടെയും നേതൃത്വത്തില്‍ ഇത്തവണ, രൂപതയിലെ എല്ലാ റീജിയണുകളില്‍ നിന്നും തീര്‍ത്ഥാടകരുടെ പങ്കാളിത്തം ഉണ്ടാകുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് നടക്കുന്നത്.

ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തിന്റെ ചിലവു കഴിഞ്ഞു ലഭിക്കുന്ന മുഴുവന്‍ തുകയും ശ്രീലങ്കയിലെ ഭീകരാക്രമണത്തില്‍ മരണമടഞ്ഞവരുടെ കുടുംബാങ്ങങ്ങളെ സഹായിക്കുന്നതിനായി നല്‍കുമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു. സഭയുടെയും നമ്മുടെയും അമ്മയായ പരി. കന്യകാമറിയത്തിന്റെ സാന്നിധ്യം നിറഞ്ഞുനില്‍ക്കുന്ന എയില്‍ഫോര്‍ഡിലേക്കു നടത്തുന്ന ഈ തീര്‍ത്ഥാടനത്തില്‍ പങ്കുചേരുവാനും അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും ഏവരെയും ക്ഷണിക്കുന്നതായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും തീര്‍ത്ഥാടന കമ്മറ്റി കണ്‍വീനര്‍ റെവ. ഫാ. ടോമി ഏടാട്ടും അറിയിച്ചു.

സര്‍ക്കുലര്‍