ഫാ. ബിജു കുന്നയ്ക്കാട്ട് PRO
ലെസ്റ്റര്‍: മിഡ്ലാന്‍ഡ്സിലെ പ്രധാന മലയാളി-ക്രൈസ്തവ കേന്ദ്രമായ ലെസ്റ്ററില്‍ സീറോ മലബാര്‍ മിഷന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. ഭാരത ക്രൈസ്തവര്‍ തങ്ങളുടെ വിശ്വാസപിതാവായ മാര്‍ തോമാശ്ലീഹായുടെ പുതുഞായര്‍ തിരുനാളായി ആചരിച്ച ഏപ്രില്‍ 28 ന് ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ദൈവാലയത്തിലാണ് പുതിയ മിഷന്‍ ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും ലെസ്റ്റര്‍ പ്രദേശമുള്‍ക്കൊള്ളുന്ന നോട്ടിംഗ്ഹാം രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് പാട്രിക് മക്കിനിയും തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. നോട്ടിംഗ്ഹാം, ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതകളിലെ നിരവധി വൈദികരും വന്‍ ജനാവലിയും ചരിത്രനിമിഷങ്ങള്‍ക്കു സാക്ഷികളായി.
തിരുക്കര്‍മ്മങ്ങള്‍ക്ക് മുന്‍പായി പ്രധാനകാര്‍മ്മികരെയും മറ്റു വിശിഷ്ടതിഥികളെയും ദേവാലയത്തിലേക്കു സ്വീകരിച്ചാനയിച്ചു. ഉച്ചകഴിഞ്ഞു നാല് മണിക്ക് ദൈവാലയത്തിലാരംഭിച്ച തിരുക്കര്‍മ്മങ്ങളുടെ തുടക്കത്തില്‍ ഗ്രേറ്റ് രൂപത വികാരി ജനറാളും ലെസ്റ്റര്‍ മിഷന്‍ ഡിറ്റക്ടറുമായ റെവ. ഫാ. ജോര്‍ജ് ചേലക്കല്‍ സ്വാഗതമാശംസിച്ചു. തുടര്‍ന്ന് പുതിയ സീറോ മലബാര്‍ മിഷന്‍ സ്ഥാപിച്ചുകൊണ്ടുള്ള രൂപതാധ്യക്ഷന്റെ കല്പന പ്രോട്ടോസിഞ്ചെല്ലൂസ് റെവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് വായിച്ചപ്പോള്‍ വിശ്വാസികള്‍ ആദരപൂര്‍വം എഴുന്നേറ്റുനിന്നു. തുടര്‍ന്ന് കാഴ്ചവസ്തുക്കളുടെ സ്വീകരണവും ആഘോഷമായ വി. കുര്‍ബാനയും നടന്നു.
വി. കുര്‍ബാനയില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികനായി. വി. കുര്‍ബാനയില്‍ ഗീതങ്ങള്‍ മലയാളത്തിലും പ്രാര്‍ത്ഥനകളും വായനകളും ഇംഗ്ലീഷിലുമായിരുന്നു. ബിഷപ്പ് പാട്രിക് മക്കിനി തിരുവചനവായനക്കു ശേഷം വചനസന്ദേശം നല്‍കി. സീറോ മലബാര്‍ വിശ്വാസികളുടെ ആത്മീയ തീക്ഷ്ണതയെക്കുറിച്ചും പ്രാര്‍ത്ഥനാതാല്പര്യത്തെക്കുറിച്ചും അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. സംശയിക്കുന്ന തോമസില്‍ നിന്ന് വിശ്വാസപ്രഖ്യാപനം നടത്തുന്ന തോമസിലേക്കു മാറാന്‍ കാരണമാക്കിയത് ഈശോയെ തൊട്ടറിയാനുള്ള അവസരമായിരുന്നെന്ന് ബിഷപ്പ് അനുസ്മരിച്ചു. വി. കുര്‍ബാനയില്‍ ഈശോയെ തൊടുന്ന നമ്മളും തോമസിനെപ്പോലെ ഈശോയിലുള്ള അടിയുറച്ച വിശ്വാസത്തിലേക്ക് വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. തന്റെ മെത്രാഭിഷേകാദിനം തോമാശ്ലീഹായുടെ തിരുനാള്‍ ദിവസമായ ജൂലൈ 3 ആയതിനാല്‍, തനിക്കും തോമാശ്ലീഹായോടു വലിയ ആത്മീയ അടുപ്പമുണ്ടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വി. കുര്‍ബാനയുടെ സമാപനത്തില്‍ രണ്ടു മെത്രാന്മാര്‍ക്കും ഇടവകയുടെ ഉപഹാരങ്ങള്‍ സമ്മാനിച്ചു. ബിഷപ്പ് പാട്രിക്കിന്റെ സ്‌നേഹത്തിനും സന്മനസ്സിനും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നന്ദി പ്രകാശിപ്പിച്ചു. ബിഷപ്പ് പാട്രിക്കിന് റെവ. ഫാ. ജോര്‍ജ് ചേലക്കലും, മാര്‍ സ്രാമ്പിക്കലിന് ദൈവജനത്തിന്റെ പ്രതിനിധിയായി സോബിയും ഉപഹാരങ്ങള്‍ കൈമാറി. ഇടവകയുടെ പ്രതിനിധിയായി മി. ബാബുരാജ് ജോസഫ് എല്ലാവര്ക്കും നന്ദി പ്രകാശിപ്പിച്ചു. കമനീയമായി അലങ്കരിച്ചിരുന്ന ദൈവാലയത്തിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് ഗായകസംഘത്തിന്റെ ശ്രുതിമധുരമായ ആലാപനം സ്വര്‍ഗീയ അന്തരീക്ഷം പ്രദാനം ചെയ്തു.
തുടര്‍ന്ന് പാരിഷ് ഹാളില്‍ മിഷന്റെ പുതിയ വെബ്‌സൈറ്റ് ഉദ്ഘാടനം മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വഹിച്ചു. തിരുക്കര്‍മ്മങ്ങള്‍ക്കായി ഒരുക്കങ്ങള്‍ നടത്തിയവരെ രൂപതാധ്യക്ഷന്‍ സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു. എല്ലാവര്‍ക്കുമായി സ്നേഹവിരുന്നും ഒരുക്കിയിരുന്നു.
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത പ്രോട്ടോസിഞ്ചെല്ലൂസ് റെവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, വികാരി ജനറാള്‍ റെവ. ഫാ. ജിനോ അരീക്കാട്ട് ങഇആട, ലെസ്റ്റര്‍ ഡീനറി ഡീന്‍ റെവ. ജോണ്‍ ഹാര്‍ഡി, സെക്രട്ടറി റെവ. ഫാ. ഫാന്‍സ്വാ പത്തില്‍ തുടങ്ങിയവരും ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലും നോട്ടിംഗ്ഹാം രൂപതയിലെ ശുശ്രുഷ ചെയ്യുന്ന നിരവധി മറ്റു വൈദികരും തിരുക്കര്‍മ്മങ്ങളില്‍ സഹകാര്‍മികരായി. ലെസ്റ്ററിലും പരിസരപ്രദേശങ്ങളിലും നിന്ന് വലിയ വിശ്വാസിസമൂഹവും തിരുക്കര്‍മ്മങ്ങളില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം പങ്കുചേര്‍ന്നു.
Leave a Reply