ബെര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ദ്വിതീയ ബൈബിള്‍ കണ്‍വെന്‍ഷന്‍ ‘അഭിഷേകാഗ്‌നി 2018’ ബെര്‍മിംഗ്ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ചു. രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്തു. ഈശോമിശിഹയാകുന്ന വചനത്തെ അവഗണിക്കുന്നവര്‍ തങ്ങളുടെ നിത്യജീവനെത്തന്നെയാണ് അവഗണിക്കുന്നതെന്നു മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടന സന്ദേശത്തില്‍ ഉദ്ബോധിപ്പിച്ചു. അട്ടപ്പാടി സെഹിയോന്‍ ശുശ്രൂഷകളുടെ ഡയറക്ടര്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലും ടീമുമാണ് ഗ്രേറ്റ് ബ്രിട്ടണിലെ എട്ടു നഗരങ്ങളില്‍ എട്ടു ദിനങ്ങളിലായി നടക്കുന്ന കണ്‍വെന്‍ഷന്‍ നയിക്കുന്നത്.
സഹനത്തിലൂടെയാണ് ക്രിസ്ത്യാനികള്‍ മഹത്വം നേടേണ്ടതെന്നു ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ വിശ്വാസികളെ ഓര്‍മിപ്പിച്ചു. ‘ഭൂമിയില്‍ ക്രൂശിതനായ ഈശോയോടു താദാത്മ്യം പ്രാപിക്കുന്നവര്‍ സ്വര്‍ഗ്ഗത്തിന്റെ മഹത്വത്തോടാണ് തങ്ങളെ താദാത്മ്യപ്പെടുത്തുന്നത്. തിരുസ്സഭ പരിശുദ്ധാത്മാവിന്റെ വീടാണ്. എല്ലാ നൂറ്റാണ്ടിലും സഭയില്‍ പ്രതിസന്ധി ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം പുതിയ പെന്തക്കുസ്താ അനുഭവം നല്‍കി സഭയെ നയിച്ചത് പരിശുദ്ധാത്മാവാണ്. ഓരോ കാലത്തും സഭയെ നയിക്കാനാവശ്യമായ അഭിഷേകങ്ങളും അഭിഷിക്തരെയും പരിശുദ്ധാതമാവു തരും. തിരുസഭയെ നിരന്തരം നയിക്കുന്നത് പരിശുദ്ധാത്മാവാണ്. ഒരു മനുഷ്യ വ്യക്തിക്കും സഭയെ നവീകരിക്കാനാവില്ല, അത് ദൈവാത്മാവിനേ സാധിക്കു.’ ഫാ. വട്ടായില്‍ കൂട്ടിച്ചേര്‍ത്തു.
കവെന്‍ട്രി റീജിയനില്‍ ശുശ്രുഷ ചെയ്യുന്ന വൈദികര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ സഹകാര്‍മികരായി. റീജിയണല്‍ ഡയറക്ടര്‍ റവ. ഡോ.. സെബാസ്റ്റ്യന്‍ നാമറ്റത്തില്‍ സ്വാഗതം ആശംസിച്ചു. ജനറല്‍ കണ്‍വീനര്‍ റവ ഫാ സോജി ഓലിക്കല്‍, കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ ഫാ. ടെറിന്‍ മുല്ലക്കര, ഡോ. മനോ ജോസഫ് തുടങ്ങിയവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. കുട്ടികള്‍ക്കായി പ്രത്യേക ശുശ്രുഷ ഒരുക്കിയിരുന്നു. രണ്ടാം ദിനമായ ഇന്നലെ സ്‌കോട്‌ലന്‍ഡിലെ മദര്‍ വെല്‍ സിവിക് സെന്ററില്‍ കണ്‍വെന്‍ഷന്‍ നടന്നു.
24 ാം തീയതി ബുധനാഴ്ച പ്രേസ്റ്റണിലെ സെന്റ് അല്‍ഫോന്‍സാ ഓഫ് ഇമ്മാകുലേറ്റ് കണ്‍സെപ്ഷന്‍ കത്തീഡ്രലിലും 25 ാം തീയതി വ്യാഴാഴ്ച നോറിച്ച് സെന്റ് ജോണ്‍ ദ് ബാപ്റ്റിസ്റ്റ് കത്തീഡ്രലിലും 27 ാം തീയതി ശനിയാഴ്ച ബോണ്‍മൗത്ത് ലൈഫ് സെന്ററിലും 28 ാം തീയതി ഞായറായ്ച ചെല്‍ട്ടണം റേസ് കോഴ്‌സിലും നവംബര്‍ 3 ാം തീയതി മാഞ്ചസ്റ്ററിലെ ബൗളേഴ്‌സ് എക്‌സിബിഷന്‍ സെന്റെറിലും നവംബര്‍ 4 ാം തിയതി ഞായറാഴ്ച ലണ്ടനിലെ ക്രൈസ്റ്റ് ചര്‍ച്ച് അവന്യുവിലുള്ള ഹാരോ ലെഷര്‍ സെന്റെറിലും വെച്ചാണ് കണ്‍വെന്‍ഷന്‍ നടത്തപ്പെടുന്നത്. ഓരോ ദിവസവും രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകുന്നേരം 5 മണിക്കാണ് സമാപിക്കുന്നത്. കണ്‍വെന്‍ഷന്‍ ദിവസങ്ങളില്‍ കൂട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകളും ക്രമീകരിച്ചിട്ടുണ്ട്.
Leave a Reply