ബിനോയ് എം. ജെ.

ശാസ്ത്രം എന്നാൽ എന്ത്?പ്രകൃതിയുടെ സഹായത്താൽ പ്രകൃതിയെ ജയിക്കുവാനുള്ള മനുഷ്യന്റെ ഇച്ഛയിൽ നിന്നും ഉരുത്തിരിയുന്ന ആപേക്ഷികജ്ഞാനത്തെ ‘ശാസ്ത്രം’ എന്ന് വിളിക്കാം. ഇതിൽ ഒന്നാം സ്ഥാനം മനുഷ്യന്റെ ഇച്ഛയ്ക്കാണ് കൊടുക്കേണ്ടത്. ഇച്ഛയില്ലാതെ ഇതൊന്നും സാധിക്കുകയില്ല. പ്രകൃതിയെ ജയിക്കുവാനുള്ള ഇച്ഛ മനുഷ്യനിൽ രൂഢമൂലമായി കിടക്കുന്നു. അതാണ് മനുഷ്യന്റെ എല്ലാ പരിശ്രമങ്ങളുടെയും അടിസ്ഥാനം. എന്നാൽ പ്രകൃതിയെ ജയിക്കേണ്ടത് എങ്ങനെയെന്ന് അവന് നല്ല തിട്ടമില്ല. തുടക്കത്തിൽ അവൻ പ്രകൃതിയുടെ സഹായത്താൽ പ്രകൃതിയെ ജയിക്കുവാൻ ശ്രമിക്കുന്നു. പക്ഷേ ഇതൊരു പാഴ് വേല ആകുവാനേ വഴിയുള്ളൂ. ഇത് കോഴിക്ക് കാവൽ കുറുക്കനെ ഏൽപിക്കുന്നത് പോലേ ഉള്ളൂ. പ്രകൃതിയെ നമുക്ക് വിശ്വസിക്കുവാൻ ആവില്ല.

ഇച്ഛാശക്തി മനുഷ്യനേയുള്ളൂ, പ്രകൃതിയ്ക്കതില്ല. മനുഷ്യനിൽതന്നെ പ്രകൃതിയും ഇച്ഛയും കുടികൊള്ളുന്നു. ഇച്ഛ ആത്മവിൽ കൂടികൊള്ളുമ്പോൾ ശരീരവും മനസ്സും ബുദ്ധിയും പ്രകൃതിയുടെ രചനകളാണ്. ആത്മാവിന് മോക്ഷം കിട്ടണമെങ്കിൽ പ്രകൃതിയെ ജയിക്കേണ്ടിയിരിക്കുന്നു. പ്രകൃതിയുടെ സഹായത്താൽ പ്രകൃതിയെ ജയിക്കുക എന്ന ആശയം യുക്തിഹീനമാണ്. അതിൽ നാമൊരിക്കലും വിജയിക്കുവാൻ പോകുന്നില്ല. അതിനാൽതന്നെ ശാസ്ത്രത്തിലൂടെയും ആപേക്ഷികജ്ഞാനത്തിലൂടെയും മോക്ഷം സമ്പാദിക്കുവാൻ നമുക്കാവില്ല. അതിനുള്ള ഓരോ ശ്രമവും നമ്മെ ആശയക്കുഴപ്പത്തിലാക്കുകയേയുള്ളൂ.
ഇതാണ് മനുഷ്യന്റെ പ്രശ്നം.

അപ്പോൾ പിന്നെ പ്രകൃതിയെ എങ്ങനെയാണ് നിയന്ത്രിക്കുകയും ജയിക്കുകയും ചെയ്യേണ്ടത്? ഇച്ഛാശക്തിയെ വേണ്ടവണ്ണം വിനിയോഗിക്കുക. ആത്മാവ് ഇച്ഛിക്കുകയോ കൽപിക്കുയോ ചെയ്താൽ പ്രകൃതി അതനുസരിക്കുവാൻ ബാധ്യസ്തമാണ്. പ്രകൃതി അതനുസരിക്കുകയും ചെയ്യും. ഈ ഇച്ഛാശക്തിയെ വേണ്ടവണ്ണം വിനിയോഗിക്കുവാൻ ആവാതെ വരുമ്പോൾ നമുക്ക് പ്രശ്നങ്ങൾ അനുഭവപ്പെട്ടു തുടങ്ങുന്നു.

അനന്തമായ ഇച്ഛാശക്തി- താനിച്ഛിക്കുന്നതെല്ലാം സംഭവിക്കുമെന്നുള്ള ഉറച്ച വിശ്വാസം- ഇതാണ് അനന്താനന്ദത്തിലേക്കും മോക്ഷത്തിലേക്കുമുള്ള ഏകമാർഗ്ഗം. നമുക്ക് നഷ്ടപ്പെട്ടു പോകുന്നതും ഈയാത്മവിശ്വാസം തന്നെ. താൻ കൽപിക്കുന്നതൊക്കെ എങ്ങനെ സംഭവിക്കുമെന്ന് മനുഷ്യൻ അത്ഭുതപ്പടുന്നു. അവന്റെ ഇച്ഛാശക്തിയും ആത്മവിശ്വാസവും പൂജ്യത്തിൽ കിടക്കുന്നു. പരിശ്രമിച്ചാൽ നമുക്ക് ഇതിനെ വളർത്തിക്കൊണ്ടുവരുവാൻ കഴിയും. ഇച്ഛിക്കുകയും കൽപിക്കുകയുമല്ലാതെ കാര്യങ്ങൾ നേടിയെടുക്കുവാൻ മറ്റെന്തുമാർഗ്ഗമാണ് ആത്മാവിന്റെ പക്കലുള്ളത്? അതുണ്ടെങ്കിൽ പിന്നെ മറ്റെന്തുമാർഗ്ഗമാണ് ആത്മാവിന് വേണ്ടത്?

ശാസ്ത്രത്തിലും ശാസ്ത്രീയ വിജ്ഞാനത്തിലും വലിയ കാര്യമൊന്നുമില്ല. ആ വിജ്ഞാനം എല്ലായിടത്തും തെറ്റുന്നതായാണ് നാം കാണുന്നത്. യഥാർത്ഥ വിജ്ഞാനം ആത്മാവിലാണ് കിടക്കുന്നത്,പ്രകൃതിയിലല്ല! പ്രകൃതിയിൽ നിന്ന് കിട്ടുന്ന വിജ്ഞാനം സത്യത്തിന്റെ ഒരനുകരണം മാത്രമാണ്. അത് സത്യമല്ല. പ്രകൃതിയിൽ നിന്ന് പഠിക്കുക എന്ന ശാസ്ത്രത്തിന്റെ സമീപനം തെറ്റാണ്. അത് നമ്മുടെ പ്രകൃതിയുമായുള്ള ബന്ധനത്തെ ശക്തിപ്പെടുത്തുകയേയുള്ളൂ. പ്രകൃതിയുമായുള്ള ബന്ധനത്തെ ജയിക്കുക എന്നതാണ് മനുഷ്യന്റെ അത്യന്തികമായ ലക്ഷ്യം. അത് സാധിക്കണമെങ്കിൽ ആത്മാവിലേക്കും അതിന്റെ ഇച്ഛാശക്തിയിലേക്കും അനന്തജ്ഞാനത്തിലേക്കും നാം ശ്രദ്ധ തിരിച്ചു വിടേണ്ടിയിരിക്കുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120