ഫാ. ബിജു കുന്നയ്ക്കാട്ട് പി. ആര്‍. ഓ

പ്രെസ്റ്റണ്‍, ലീഡ്‌സ്: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ പുതിയ ചരിത്രമെഴുതി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ അജപാലനസന്ദര്‍ശനം സമാപിച്ചു. കഴിഞ്ഞ തുടര്‍ച്ചയായ പതിനെട്ടു ദിവസങ്ങളിലായി ഇരുപത്തിമൂന്നു വിവിധ സ്ഥലങ്ങളില്‍ വി. കുര്‍ബാനയര്‍പ്പിക്കുകയും ഇരുപത്തിയെട്ടു മിഷനുകള്‍ സ്ഥാപിക്കുകയും ചെയ്ത കര്‍ദ്ദിനാളിന്റെ മാരത്തോണ്‍ മിഷനറി യാത്രയ്ക്കാണ് ഇന്നലെ ലീഡ്സില്‍ സമാപനമായത്. അതിവിസ്തൃതമായ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ വിവിധങ്ങളായ സ്ഥലങ്ങളിലേക്കുള്ള സുദീര്‍ഘമായ യാത്രകള്‍ കൂടാതെ ഒരു ദിവസം അയര്‍ലണ്ടിലെ ഡബ്ലിനില്‍ സീറോ മലബാര്‍ സഭയുടെ പുതിയ ആസ്ഥാന മന്ദിരം വെഞ്ചരിക്കാനും കര്‍ദ്ദിനാള്‍ സമയം കണ്ടെത്തി. ഈ അജപാലന യാത്രയിലുടനീളം കര്‍ദ്ദിനാളിനെ അനുഗമിച്ചു ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും സെക്രട്ടറി റവ. ഫാ. ഫാന്‍സുവ പത്തിലും ഉണ്ടായിരുന്നു.

അജപാലന സന്ദര്‍ശനത്തിന്റെ സമാപന ദിവസമായിരുന്ന ഇന്നലെ രൂപതയുടെ കത്തീഡ്രലായ പ്രെസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ ദൈവാലയത്തില്‍ രാവിലെ 10. 30 നു മാര്‍ ആലഞ്ചേരി ദിവ്യബലിയര്‍പ്പിച്ചു വചനസന്ദേശം നല്‍കി. തിരുക്കര്‍മ്മങ്ങളുടെ തുടക്കത്തില്‍ കത്തീഡ്രല്‍ കവാടത്തില്‍, വികാരി റവ. ഫാ. മാത്യു ചൂരപൊയ്കയില്‍ കത്തിച്ച തിരി നല്‍കി രൂപതയ്ക്ക് ആദ്യമായി ലഭിച്ച ദൈവാലയത്തിലേക്കു സഭാതലവനെ സ്വീകരിച്ചു. സഹകാര്‍മികരായി, ലങ്കാസ്റ്റര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് പോള്‍ സ്വാര്‍ബ്രിക്ക്, വികാരി ജനറാളും കത്തീഡ്രല്‍ വികാരിയുമായ റവ. ഡോ. മാത്യു ചൂരപൊയ്കയില്‍, ചാന്‍സിലര്‍ വെ. ഫാ. മാത്യു പിണക്കാട്ട്, SMYM രൂപതാ ഡയറക്ടര്‍ റവ. ഡോ. ബാബു പുത്തന്‍പുരക്കല്‍, സെക്രട്ടറി റവ. ഫാ. ഫാന്‍സുവ പത്തില്‍ എന്നിവര്‍ വി. കുര്‍ബാനയില്‍ പങ്കുചേര്‍ന്നു. ദിവ്യബലിക്ക് മുന്‍പായി കര്‍ദ്ദിനാള്‍ കുട്ടികളുമായി സംവദിക്കാന്‍ സമയം കണ്ടെത്തി. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ 2019 വര്‍ഷത്തെ കലണ്ടറിന്റെ പ്രകാശനവും കര്‍ദ്ദിനാള്‍ നിര്‍വ്വഹിച്ചു. നിരവധി വിശ്വാസികള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇന്നലെ ഉച്ചകഴിഞ്ഞു 4. 15 നു ലീഡ്സ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ‘സെന്റ് മേരീസ് മിഷന്‍’ പ്രഖ്യാപിക്കുകയും ദിവ്യബലിയര്‍പ്പിച്ചു വചനസന്ദേശം നല്‍കുകയും ചെയ്തു. ദൈവാലയം നിറഞ്ഞെത്തിയ വിശ്വാസികളുടെ സാന്നിധ്യത്തില്‍ രൂപത ചാന്‍സിലര്‍ റവ. ഡോ. മാത്യു പിണക്കാട്ട് മിഷന്‍ സ്ഥാപന വിജ്ഞാപന പത്രിക (ഡിക്രി) വായിച്ചു. റവ. ഫാ. മാത്യു മുളയോലിക്കു ഡിക്രി നല്‍കി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, മിഷന്‍ ഡയറക്ടര്‍ ആയി നിയമിച്ചു. തുടര്‍ന്ന് നടന്ന ആഘോഷമായ ദിവ്യബലിയര്‍പ്പണത്തിനു കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. മാര്‍ ജോസഫ് സ്രാമ്പിക്കല്‍, വികാരി ജനറല്‍ റവ. ഡോ. മാത്യു ചൂരപൊയ്കയില്‍, ലിതെര്‍ലാന്‍ഡ് സമാധാനരാഞ്ജി പള്ളിവികാരി റവ. ഫാ. ജിനോ അരീക്കാട്ട് MCBS, പ്രെസ്റ്റണ് റീജിയണല്‍ കോ ഓര്‍ഡിനേറ്റര്‍ റവ. ഫാ. സജി തോട്ടത്തില്‍, രൂപത ജുഡീഷ്യല്‍ വികാര്‍ റവ. ഫാ. സോണി കടംതോട്, സെക്രട്ടറി റവ. ഫാ. ഫാന്‍സുവ പത്തില്‍, മിഷന്‍ ഡയറക്ടര്‍ റവ. ഫാ. മാത്യു മുളയോലില്‍ എന്നിവര്‍ തിരുക്കര്‍മ്മങ്ങളില്‍ സഹകാര്‍മ്മികരായി. പ്രെസ്റ്റണിലും ലീഡ്സിലും ഒരുക്കിയിരുന്ന സ്‌നേഹവിരുന്നില്‍ പങ്കുചേര്‍ന്നു വിശ്വാസികള്‍ സന്തോഷം പങ്കുവച്ചു.

രണ്ടു വര്ഷം മുമ്പ് രൂപതാസ്ഥാപനത്തിനും പ്രഥമ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേകത്തിനുമായി വന്നതിനു ശേഷം ആദ്യമായാണ് രണ്ടാഴ്ചയിലധികം നീണ്ടുനില്‍ക്കുന്ന അജപാലന സന്ദര്‍ശനത്തിനായി സഭാതലവന്‍ രൂപതയിലെത്തുന്നത്. നവമ്പര്‍ 22 നു ഗ്ലാസ്‌ഗോയില്‍ വിമാനമിറങ്ങിയതിന്റെ പിറ്റേന്നുമുതല്‍ ഒരു ദിവസം പോലും വിശ്രമമില്ലാതെയാണ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി തന്റെ അജപാലന സന്ദര്‍ശനം ഇന്നലെ ലീഡ്സില്‍ പൂര്‍ത്തിയാക്കിയത്. എല്ലായിടങ്ങളിലും അദ്ദേഹം തന്നെയാണ് മിഷന്‍ സ്ഥാപനം നടത്തിയതും ദിവ്യബലിയര്‍പ്പിച്ചു വചനസന്ദേശം നല്‍കിയതും. ഇന്ന് ഉച്ചയ്ക്ക് മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ നിന്നു അദ്ദേഹം നാട്ടിലേക്ക് യാത്ര തിരിക്കും. ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് മെത്രാന്‍ സംഘത്തിന്റെ തലവനും കര്‍ദ്ദിനാളുമായ വിന്‍സെന്റ് നിക്കോളസ്, അപോസ്റ്റോളിക് നുന്‍സിയോ, വിവിധ ലത്തീന്‍ രൂപത മെത്രാന്മാര്‍ എന്നിവരെയും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഈ ദിവസങ്ങളില്‍ സന്ദര്‍ശിച്ചു. ശൈശവാവസ്ഥയിലായിരിക്കുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയോടുള്ള വാത്സല്യത്തില്‍, ക്ഷീണവും മടുപ്പുമെല്ലാം മാറ്റിവച്ചു പുഞ്ചിരിയുമായി ആത്മീയമക്കളെ കാണാനും നിര്‍ദ്ദേശങ്ങള്‍ തരാനായി വന്ന സഭാതലവന്റെ പിതൃവാത്സല്യത്തിന് മുന്‍പില്‍, നന്ദി നിറഞ്ഞ ഹൃദയത്തോടുകൂടിയാണ് രൂപതാകുടുംബം അദ്ദേഹത്തെ ഇന്ന് യാത്രയാകുന്നത്.

രൂപതാമെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന് ഇത് അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും നിമിഷങ്ങള്‍. വ്യക്തമായ ആസൂത്രണത്തോടെയും ചിട്ടയായ കഠിനാദ്ധ്വാനത്തിലൂടെയും അദ്ദേഹം നല്‍കിയ ശക്തമായ നേതൃത്വമാണ് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ഈ ത്വരിത വളര്‍ച്ചയ്ക്ക് പിന്നില്‍. സെക്രട്ടറി റെവ. ഫാ. ഫാന്‍സുവ പത്തിലിന്റെയും വികാരി ജനറാള്‍മാരുടെയും മിഷന്‍ ഡറക്ടര്മാരുടെയും, മറ്റു വൈദികരുടെയും, കമ്മറ്റി അംഗങ്ങള്‍, കൈക്കാരന്‍മാര്‍, വിമെന്‍സ് ഫോറം, ഭക്തസംഘടനകള്‍, മതാധ്യാപകര്‍, കുട്ടികള്‍, വോളന്റിയേഴ്സ് എന്നിവരുടെയെല്ലാം കഠിനാദ്ധ്വാനവും സഹകരണവുമാണ് ഈ വലിയ ദൈവാനുഗ്രഹത്തിനു പിന്നില്‍. കുട്ടികളുടെ വര്‍ഷത്തിന്റെ സമാപനത്തിനും യൂവജനവര്‍ഷത്തിന്റെ ആരംഭത്തിനുമായി ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററിലും തിങ്ങിനിറഞ്ഞു വിശ്വാസികളെത്തിയിരുന്നു. പതിനെട്ടു ദിവസം നീണ്ട സഭാതലവന്റെ അജപാലന സന്ദര്‍ശനത്തിലൂടെ രൂപതയ്ക്ക് കൈവന്ന സമൃദ്ധമായ ദൈവാനുഗ്രഹത്തിനു നന്ദി പറയുകയാണ് സഭാമക്കളിപ്പോള്‍.