അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം, ഭൂമിയില്‍ ദൈവ പ്രസാദമുള്ള മനുഷ്യര്‍ക്ക് സമാധാനം

അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം, ഭൂമിയില്‍ ദൈവ പ്രസാദമുള്ള മനുഷ്യര്‍ക്ക് സമാധാനം
December 02 05:18 2018 Print This Article

ഫാ. ഹാപ്പി ജേക്കബ്

ഒരു ക്രിസ്മസ് കൂടി പങ്കുകൊള്ളാന്‍ ഇടയാക്കിയ സര്‍വ്വശക്തന്റെ കൃപയില്‍ ആശ്രയിക്കുകയും ദൈവകൃപയില്‍ നിറഞ്ഞുള്ള അനുഗ്രഹിക്കപ്പെട്ട ഒരു ക്രിസ്മസ് ഏവര്‍ക്കും നേരുകയും ചെയ്യുന്നു. ആര്‍ഭാടത്തിന്റെയും പ്രൗഢിയുടേയും പ്രതീകമായി നാം ഇന്ന് ക്രിസ്മസിനെ കാണുകയും അപ്രകാരമുള്ള ഒരുക്കങ്ങള്‍ നാം നടത്തുകയുെ ചെയ്യുന്നു. അത് മാത്രമാണ് ക്രിസ്മസിനെക്കുറിച്ചുള്ള നമ്മുടെ ധാരണയും. അലങ്കാരങ്ങളും വര്‍ണങ്ങളും ഈ ആഘോഷത്തിന് മാറ്റുകൂട്ടുവാന്‍ നാം ഉപയോഗിക്കുമ്പോള്‍ എപ്പോഴെങ്കിലും നമ്മുടെ ചിന്തയില്‍ വന്നിട്ടുണ്ടോ ഇത് ത്യാഗത്തിന്റെയും വെറുമയാക്കപ്പെട്ടതിന്റെയും പെരുന്നാള്‍ ആണെന്ന്. ഇത് ഇല്ലായ്മയുടെയും ആകുലതയുടേയും ഓര്‍മ്മപ്പെടുത്തലാണെന്ന്. ‘അവന്‍ ദൈവ രൂപത്തിലിരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളണം എന്ന് വിചാരിക്കാതെ ദാസരൂപം എടുത്തു, മനുഷ്യ സാദൃശ്യത്തിലായി തന്നെത്താല്‍ ഒഴിച്ച് വേഷത്തില്‍ മനുഷ്യനായി വിളങ്ങി. തന്നെത്താന്‍ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നെ, അനുസരണയുള്ളവനായി തീര്‍ന്നു’ ഫിലിപ്യര്‍ 2.6-8.

അഞ്ചാം വാക്യത്തില്‍ ഓര്‍ക്കുന്നത് പോലെ ‘ക്രിസ്തു യോശുവിലുള്ള ഭാവം തന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ’ അതാകട്ടെ ഈ വര്‍ഷത്തെ ക്രിസ്മസില്‍ നിന്നും നാം സ്വീകരിക്കേണ്ടത്യ അതിനുവേണ്ടി നമുക്ക് ഒരുങ്ങാം. ഇരുപത്തിയഞ്ച് ദിവസം നോമ്പിലും പ്രാര്‍ത്ഥനയിലുമുള്ള ഒരുക്കം. ഭൗതികമായ ഒരുക്കത്തിനേക്കാള്‍ മനുക്ക് ആത്മീയമായ പുതുക്കം, അതാണ് ക്രിസ്മസ് നമുക്ക് തരുന്നത്. അത്ര നിസാരമല്ല ഈ ത്യാഗം. മനുഷ്യ വര്‍ഗത്തിന്റെ രക്ഷയ്ക്ക് വേണ്ടി ദൈവം തന്റെ ഏക ജാതനായ മനുഷ്യനാകുന്നു.

ദൈവ സ്‌നേഹത്തിന്റെ ഉദാത്തമായ മാര്‍ഗത്തിലേക്കുള്ള കാല്‍വെയ്പ്പ്. കാരണം ക്രിസ്തുവിന്റെ ജനനത്തില്‍ പങ്കാളിയാകാതെ എങ്ങനെ അവന്റെ കുരിശ് മരണത്തിലും പുനരുദ്ധാനത്തിലും നമുക്ക് പങ്കാളിത്വം ലഭിക്കും. ആയതിനാല്‍ ഈ ജനന പെരുന്നാളിലേക്ക് നമുക്ക് ഒരുങ്ങാം. അനുദിന ജീവിതത്തില്‍ ക്രിസ്തുവിന്റെ അതേഭാവം തന്നെ നമ്മില്‍ ഉയരട്ടെ. എന്തായിരുന്നു ആ ഭാവങ്ങള്‍? അതേ ഭാവത്തില്‍ എങ്ങെ ആയിത്തീരും.?

1. ക്രിസ്തു പൂര്‍ണ മുഷ്യനായി നമ്മുടെ ഇടയില്‍ പാര്‍ത്തു.

ചരിത്രത്തിന്റെ ഭാഗമായ വ്യക്തിത്വം. ഒരു സാധാരണക്കാരനെപ്പോലെ ജീവിച്ചുവെങ്കിലും തന്റെ സാന്നിധ്യവും പ്രവര്‍ത്തിയും അനേകര്‍ക്ക് ഉണര്‍വ്വായും പ്രചോദനമായും ഭവിച്ചു. മൂല്ല്യങ്ങള്‍ക്ക് കൈമോശം വരാതെ ജീവിതത്തില്‍ പകര്‍ത്തി.

2. ക്രിസ്തു ധാര്‍മ്മിക ഗുരുവായിരുന്നു

ശത്രുവിനെ സ്‌നേഹിക്കുവാനും അവന് വേണ്ടി പ്രാര്‍ത്ഥിക്കുവാനും, ഒരു ചെകിട്ടത്ത് അടിക്കുമ്പോള്‍ മറു ചെകിട് കാണിച്ചുകൊടുക്കുവാനും അവന്‍ പഠിപ്പിച്ചു. പാലിക്കപ്പെട്ടിരുന്ന പല ആചാരങ്ങളും പ്രവൃത്തികളും തന്റെ ഉത്‌ബോധനം മൂലം മാറ്റം വരുവാന്‍ ഇടയായി. അന്ധകാരം തിന്മയും അല്ല ജീവനും പ്രകാശവുമാണ് പ്രതീകങ്ങളെന്ന തിരിച്ചറിവ് നല്‍കി ലൂക്കോസ് 6:27-38.

3. ക്രിസ്തു ദൈവത്തിന്റെ പ്രവാചകനായിരുന്നു.

സാധാരണ മനുഷ്യരേക്കാള്‍ ഉയര്‍ന്ന ഒരവസ്ഥ. ദൈവത്തില്‍ നിന്നും താന്‍ പ്രാപിച്ച സത്യങ്ങളെ അവന്‍ ജീവിതത്തലൂടെ നല്‍കി. തന്നെ ഒറ്റിക്കൊടുക്കുമെന്നും തന്റെ മരണവുമെല്ലാം ജീവിത കാലത്ത് തന്നെ അവന്‍ അവന്‍ അരുളി ചെയ്തു. കല്ല് കല്ലിന്മേല്‍ ശേഷിക്കയില്ലയെന്നും ഈ മന്ദിരം പൊളിപ്പിന്ഡ മൂന്ന് ദിവസംകൊണ്ട് അതിനെ പണിയുമെന്നൊക്കെ താന്‍ അരുളി ചെയ്തത് പിന്‍പറ്റിയവര്‍ക്ക് പോലും ഉള്‍ക്കൊള്ളുവാന്‍ കഴിയാതെപോയി.

4. ക്രിസ്തു ദൈവ കൃപകളുടെ മൂര്‍ത്തിഭാവം ആയിരുന്നു.

വിശക്കുന്നവര്‍ക്ക് ആഹാരം നല്‍കുകയും രോഗികള്‍ക്ക് സൗഖ്യം നല്‍കുകയും മരിച്ചവരെ ഉയിര്‍പ്പിക്കുകയും ചെയ്തു. അസാധ്യമായതും മാനുഷിക ബലത്തിന് കഴിയാതിരുന്നതുമായ അത്ഭുതങ്ങളെ അവന്‍ നമുക്ക് നല്‍കി.

5. ക്രിസ്തു ദൈവമായിരുന്നു.

പിതാവിന്റെ അതേഭാവത്തില്‍ നിന്നും ധൃതിചലിക്കാതെ അവന്‍ നമ്മുടെ ഇടയില്‍ പാര്‍ത്തു. അവന്‍ സര്‍വ്വ ശക്തനായിരുന്നു. സര്‍വ്വവ്യാപിയായിരുന്നു, രാവും പകലും ആരാധിക്കിപ്പെടേണ്ടവനായിരുന്നു. മരണത്തെപ്പോലും തോല്‍പ്പിച്ച് ഉയിര്‍ത്തതോടെ എല്ലാ പ്രപഞ്ച നിയമങ്ങള്‍ക്കും താന്‍ അധീതനാണെന്ന് തെളിയിച്ചു.

ഇതേ ഭാവങ്ങള്‍ക്ക് അവകാശികളായി നമ്മെ ആക്കുവാനാണ് മാനുഷിക രൂപത്തില്‍ നമ്മുടെ ഇടയില്‍ അവന്‍ വന്നത്. അതായിരുന്നു ദൈവം നമുക്ക് നല്‍കിയ ഏറ്റവും വലിയ സമ്മാനവും. ആയതിനാല്‍ ഈ ക്രിസ്മസ് കാലങ്ങളില്‍ മറ്റെന്തിനേക്കാളും ആത്മീയമായ ഒരുക്കത്താല്‍ നമ്മെത്തന്നെ അലങ്കരിക്കുവാന്‍ നമുക്ക് ശ്രമിക്കാം. പ്രാര്‍ത്ഥനാപൂര്‍വ്വം നമുക്ക് ഒരുങ്ങാം. അല്‍പ്പായുസ്സും അല്‍പ്പസന്തോഷവും പകരുന്ന ഭൗതിക ഒരുക്കങ്ങളേക്കാള്‍ ഉപരിയായി നിത്യതയുടെ അനുഭവങ്ങളെ പ്രാപിക്കുവാന്‍ ഈ ക്രിസ്മസ് ഇടയാക്കട്ടെ.

അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം, ഭൂമിയില്‍ ദൈവ പ്രസാദമുള്ള മനുഷ്യര്‍ക്ക് സമാധാനം.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles