ഫാ. ബിജു കുന്നയ്ക്കാട്ട് പി. ര്‍. ഓ
ബ്രിസ്റ്റോള്‍, പോര്‍ട്‌സ്മൗത്ത്: ദൈവത്തിന്റെ രക്ഷാകര പദ്ധതി പലപ്പോഴും മനുഷ്യന്‍ വിഭാവനം ചെയ്യുന്നതുപോലെയല്ലന്നും ദൈവിക പദ്ധതികളോട് സഹകരിക്കുമ്പോഴാണ് നാം ദൈവമക്കളായിത്തീരുന്നതെന്നും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. ബ്രിസ്റ്റോളിലും പോര്‍ട്‌സ്മൗത്തിലും സീറോ മലബാര്‍ മിഷനുകള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കവേ, വി. കുര്‍ബാനയിലെ സുവിശേഷഭാഗത്തെ വിശദീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പുത്രന്‍ ജനിക്കുമെന്നു സഖറിയായ്ക്കും എലിസബത്തിനും മാലാഖയില്‍ നിന്നും സന്ദേശം ലഭിച്ചപ്പോള്‍ അവര്‍ അതേക്കുറിച്ചു സംശയിച്ചു. ദൈവിക പദ്ധതിയെ സംശയിക്കാതെ നാം വിശ്വസിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ബ്രിസ്റ്റോള്‍ സെന്റ് ജോസഫ്സ് ദൈവാലയത്തില്‍ രാവിലെ നടന്ന തിരുക്കര്‍മ്മങ്ങളില്‍ മാര്‍ ആലഞ്ചേരി മുഖ്യകാര്‍മ്മികനായിരുന്നു. റവ. ഫാ. ജോയ് വയലില്‍ മിഷന്‍ സ്ഥാപന ഡിക്രി വായിച്ചു. തുടര്‍ന്നു കര്‍ദ്ദിനാള്‍ ‘ബ്രിസ്റ്റോള്‍ സെന്റ് തോമസ് മിഷന്‍’ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തിരുക്കര്‍മ്മങ്ങള്‍ക്കിടയില്‍ സുറിയാനി ഭാഷയില്‍ ഗാനങ്ങള്‍ ആലപിച്ചത് ശ്രദ്ധേയമായി. വി. കുര്‍ബാനയ്ക്കുശേഷം ബ്രിസ്റ്റോളില്‍ ഭാവിയില്‍ പണിയാനുദ്ദേശ്ശിക്കുന്ന ദൈവാലയത്തിന്റെ അടിസ്ഥാനശിലയുടെ ആശീര്‍വാദം കര്‍ദ്ദിനാള്‍ നിര്‍വ്വഹിച്ചു. സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ബ്രിസ്റ്റോള്‍ മിഷന്‍ ഡയറക്ടര്‍ റവ. ഫാ. പോള്‍ വെട്ടിക്കാട്ട് സി.എസ്.ടി, റവ. ഫാ. ജോയ് വയലില്‍ സി.എസ്.ടി, സെക്രട്ടറി റവ. ഫാ. ഫാന്സുവ പത്തില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
പൊട്‌സ്മൗത്ത് സെന്റ് പോള്‍സ് കത്തോലിക് ചര്‍ച്ചില്‍ വൈകിട്ട് നടന്ന തിരുക്കര്‍മ്മങ്ങളില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, ‘Our Lady of the Nativity St. Mary’s Mission’ ഉദ്ഘാടനം ചെയ്തു. റവ. ഫാ. ഫാന്സുവ പത്തില്‍ മിഷന്‍ സ്ഥാപന ഡിക്രി വായിച്ചു. തുടര്‍ന്ന് നടന്ന ഉദ്ഘാടനത്തിന് ശേഷം കേക്കുമുറിച്ചു സന്തോഷം പങ്കുവെച്ചു. റവ. ഫാ. രാജേഷ് ആനത്തില്‍ ആണ് മിഷന്‍ ഡയറക്ടര്‍. പൊട്‌സ്മൗത്ത് മിഷന്റെ പുതിയ ലോഗോയും തദവസരത്തില്‍ പ്രകാശനം ചെയ്തു. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ യുവജന വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി രൂപതയിലുടനീളം പ്രയാണം നടത്തുന്ന മരക്കുരിശ്ശ് മിഷനില്‍ ഏറ്റുവാങ്ങി. ബ്രിസ്റ്റോളിലും പൊട്‌സ്മൗത്തിലും പരിപാടികളില്‍ പങ്കെടുത്തവര്‍ക്കായി സ്‌നേഹവിരുന്ന് ഒരുക്കിയിരുന്നു.
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന മിഷന്‍ സെന്ററുകളുടെ ഉദ്ഘാടനങ്ങളില്‍, ഇന്ന് ബോണ്‍മൗത്തില്‍ മിഷന്‍ ഉദ്ഘാടനം ചെയ്യപ്പെടും. ബോണ്‍മൗത്തിലുള്ള ഹോളി ഫാമിലി കാത്തോലിക് ദൈവാലയത്തില്‍ വൈകിട്ട് 5.30ന് നടക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയാണ് മിഷന്‍ ഉദ്ഘാടനം ചെയ്യുന്നത്. പ്രീസ്‌റ് ഇന്‍ ചാര്‍ജ് റവ. ഫാ. ചാക്കോ പനത്തറ സി.എമ്മിന്റെയും കമ്മറ്റി അംഗങ്ങളുടെയും നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഏവര്‍ക്കും സ്വാഗതം.
Leave a Reply