രാജേഷ് ജോസഫ്, ലെസ്റ്റര്‍

ദൈവ കുമാരന് വഴിയൊരുക്കുവാന്‍ ലോകസൃഷ്ടിക്കു മുന്‍പേ തെരഞ്ഞെടുക്കപ്പെട്ട വലിയ പദ്ധതിയുടെ പേരാണ് മറിയം. മറിയം എന്ന വാക്കിനര്‍ത്ഥം എനിക്ക് പ്രിയപ്പെട്ടവള്‍ എന്നാണ്. നീ സ്ത്രീകളില്‍ ഭാഗ്യവതി നിന്‍ ഉദര ഫലം അനുഗ്രഹീതം എന്ന എലിസബത്തിന്‍ വാക്കുകള്‍ ആ പദ്ധതിയുടെ പ്രതിധ്വനികളാണ്. മറിയത്തിന് സഭയിലും സമൂഹത്തിലും ഏറെ പ്രസക്തമാകുന്നത് മറ്റൊന്നുമല്ല സൃഷ്ടാവ് അതിന്‍ സൃഷ്ടിയില്‍ ഉരുവായി എന്ന ലോക സത്യമാണ്.

മാറിയത്തിന്‍ നൈര്‍മല്യം നമ്മുടൊയൊക്കെ ജീവിതങ്ങള്‍ക്ക് എന്നും മാതൃക ആകേണ്ടതാണ്. ദൈവ കുമാരന് ജന്മം നല്‍കാന്‍ ദൈവം തെരഞ്ഞെടുത്ത സാധരണക്കാരില്‍ സാധരണക്കാരിയായ യഹൂദ സ്ത്രീ. പരുഷ മേധാവിത്വം അതിന്റെ പൂര്‍ണതയിലുള്ള കാലത്തു തന്‍ കൊച്ചു ജീവിതവുമായി പരിണയപെട്ടു ജീവിച്ച നിഷ്‌കളങ്കിതയായ ഗ്രാമ വിശുദ്ധിയുടെ പ്രതീകമായ എളിയവളെ ദൈവം തന്‍ പ്രിയ പുത്രനുവേണ്ടി തെരഞ്ഞെടുക്കുന്ന സുന്ദരമായ കാഴ്ച. മറിയത്തിന്‍ മഹത്വം എന്ന് പറയുന്നത് അവളുടെ നിസാരതയാണ്. എന്റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്ടം നിറവേറട്ടെ എന്ന് പറഞ്ഞു ദൈവേഷ്ടം ശിരസാ വഹിച്ചവള്‍. തന്‍ ബലഹീനതകളെ ദൈവത്തിന്‍ ഇഷ്ടമാക്കി മാറ്റിയ സ്ത്രീത്വത്തിന്റെ മഹനീയ മാതൃക. ദൈവം എനിക്ക് വലിയ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു എന്ന് സന്തോഷത്തോടെ പറയുവാന്‍ ഇന്നീ ആധുനിക ലോകത്തില്‍ എത്ര പേര്‍ക്ക് സാധിക്കും എന്നുള്ളത് ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു.

പന്ത്രണ്ടു നക്ഷത്ര തലയുള്ള ലോകത്തിന്‍ റാണിയായ മറിയമല്ല മറിച്ച് ചെറിയവരില്‍ ചെറിയവളായി, ദാസിയുടെ താഷ്മയായി, വിനീതരെ ഉയര്‍ത്തുന്ന ദൈവ പദ്ധതിയോടു ചേര്‍ന്ന് നില്‍ക്കുന്ന കരുണാദ്രയായ ‘അമ്മ. തന്‍ ദിവ്യ കുമാരനെ മാറോടു ചേര്‍ത്ത് പിടിച്ചു നസ്രത്തുമുതല്‍ കാല്‍വരി വരെ സന്തോഷങ്ങളിലും, സങ്കടങ്ങളിലും, താങ്ങും തണലുമായി ചേര്‍ന്ന് നിന്ന ഈശോയുടെ സഹയാത്രിക.

ലോക ചരിത്രത്തില്‍ മറ്റൊരു സ്ത്രീക്കും ലഭിക്കാത്ത സ്ഥാനം തന്‍ എളിമകൊണ്ടും, വിധേയത്വം കൊണ്ടും, അനുസരണം കൊണ്ടും നേടി മറിയം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള മറ്റൊരു സ്ത്രീയില്ല. നമ്മുടെ ഈശോയുടെ ‘അമ്മ ദുഖിതരുടെ, പാവങ്ങളുടെ, ഭാരപ്പെടുന്നവരുടെ, സഹയാത്രിക, ഈശോ നമുക്കായി നല്‍കിയ നമ്മുടെ സ്വന്തം ‘അമ്മ. കാനയില്‍ നമുക്കായി സമരസപ്പെട്ട വിശുദ്ധിയുടെ വിളനിലമായ മറിയം നമ്മുടെ ഒഷിഞ്ഞ മണ്‍കുടങ്ങളെ നിറയ്ക്കട്ടെ. മുന്തിയ വീഞ്ഞായി നമ്മെ മാറ്റട്ടേ. നന്മ നിറഞ്ഞവളെ നിനക്ക് സ്വസ്തി.