ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്പിറ്റ് ഫയർ തകർന്ന് പൈലറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ റോയൽ എയർഫോഴ്സ് പുറത്തുവിട്ടു. റോയൽ എയർഫോഴ്സ് പൈലറ്റ് ആയ സ്ക്വാഡ്രൺ ലീഡർ മാർക്ക് ലോംഗ് ആണ് അപകടത്തിൽ മരണമടഞ്ഞത്. അദ്ദേഹം ഒരു നല്ല സുഹൃത്തും സഹപ്രവർത്തകനും മികച്ച വൈമാനികനുമായിരുന്നു എന്ന് വികാരനിർഭരമായ പ്രസ്താവനയിൽ റോയൽ എയർഫോഴ്സ് പറഞ്ഞു.
ദാരുണമായ സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് ഗ്രൂപ്പ് ക്യാപ്റ്റൻ ലീസ് അറിയിച്ചു . വെയിൽസ് രാജകുമാരനും രാജകുമാരിയും നേരത്തെ പൈലറ്റിന് ആദരാഞ്ജലി അർപ്പിച്ചിരുന്നു. ശനിയാഴ്ച ഉച്ചയോടെ കോണിംഗ്‌സ്ബൈയിലെ ഒരു വയലിലാണ് രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടന്റെ അഭിമാനമായിരുന്ന യുദ്ധവിമാനം തകർന്ന് പൈലറ്റ് കൊല്ലപ്പെട്ടത് . ലിങ്കൺ ഷെയറിൽ റോയൽ എയർഫോഴ്സ് സ്റ്റേഷന് സമീപമുള്ള വയലിലാണ് വിമാനം തകർന്നു വീണത്. കോയിൻസ് ബൈ ആസ്ഥാനമായുള്ള ബ്രിട്ടന്റെ യുദ്ധ സ്മാരകത്തിൽ ഉൾപ്പെട്ടിട്ടുള്ളതാണ് തകർന്നുവീണ വിമാനം. സംഭവങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് റോയൽ എയർഫോഴ്സ് അറിയിച്ചിട്ടുണ്ട്.
രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടന്റെ അഭിമാനമായിരുന്നു സ്പിറ്റി ഫയർ യുദ്ധ വിമാനങ്ങൾ. 1940- ലെ യുദ്ധകാലത്ത് ജർമ്മൻ സേനക്കെതിരെ റോയൽ എയർഫോഴ്സിന് ശക്തി പകരുന്നതിൽ പ്രധാനിയായിരുന്നു ഈ ചെറു വിമാനം. ബ്രിട്ടീഷ് എഞ്ചിനീയറിംഗ് മികവിൻ്റെയും യുദ്ധകാലത്തെ പ്രതിരോധശേഷിയുടെയും പ്രതീകമായാണ് സ്പിറ്റ് ഫയർ വിമാനങ്ങൾ അറിയപ്പെടുന്നത്.
Leave a Reply