ന്യൂസ് ഡെസ്ക് മലയാളം യുകെ

വിധിയോട് പടപൊരുതി ഡോക്ടർ റിതേഷ് വിട പറഞ്ഞു. ഡോ. റിതേഷ് മരണം ഏറ്റുവാങ്ങിയത് നീണ്ടകാലം ബ്ലഡ് ക്യാൻസറിനോട് മല്ലിട്ടതിനു ശേഷമാണ്. ഹള്ളില്‍ താമസിക്കുന്ന മലയാളി നേഴ്സ് ലിമയാണ് ഡോക്ടർ റിതേഷിന്റെ ഭാര്യ.

തൻറെ ഭർത്താവ് ഡോ. റിതേഷിന് ബ്ലഡ് ക്യാൻസർ ആണ് എന്ന് തിരിച്ചറിഞ്ഞതിനു ശേഷം അദ്ദേഹത്തിന് ഏറ്റവും മികച്ച ചികിത്സ ലഭിക്കാനും സ്റ്റെം ഡൊണേഷനിലൂടെ ജീവൻ രക്ഷിക്കാനും ലിമ ചെയ്ത പ്രവർത്തനം ആരെയും കണ്ണീരണിയിക്കുന്നതായിരുന്നു.

സ്റ്റെം ഡൊണേഷന് താല്പര്യമുള്ളവരെ കണ്ടെത്താൻ ലിമ യുകെയിൽ അങ്ങോളം ഇങ്ങോളം സഞ്ചരിച്ചു. തന്റെ ഭർത്താവിന് അനുയോജ്യരായ ഡൊണേറ്ററെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. പലപ്പോഴും 10000 – ത്തിൽ ഒരാളുടേത് മാച്ച് ആയാൽ ഭാഗ്യം . പ്രത്യേകിച്ച് ഇന്ത്യൻ എത്തനിക് ഒറിജിനായ ആൾക്കാർ രജിസ്റ്ററിൽ കുറവായതും കടുത്ത വെല്ലുവിളിയാണ് ഉയർത്തിയത്.

സ്റ്റെം ഡൊണേഷിനെ കുറിച്ചും അതിൻറെ പ്രാധാന്യത്തെ കുറിച്ചും ഡൊണേഷൻ ലിസ്റ്റിൽ ഇന്ത്യൻ എത്തനിക് ഒർജിനുള്ള ആൾക്കാരെ കൂടുതൽ ചേർക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും ഈ കാലയളവിൽ ലിമ ഒട്ടേറെ പേരോട് നേരിട്ടും മറ്റ് മാധ്യമങ്ങളിലൂടെയും സംവേദിച്ചു.

ഞങ്ങളുടെ കൂടെ റിനേഷ് ഉണ്ടാവണം എന്ന് ഒത്തിരി ആഗ്രഹമുള്ളതുകൊണ്ടാണ് ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നത്. ഡോ. റിതേഷ് വിടപറഞ്ഞ ഈ അവസരത്തിൽ ലിമയുടെ മുകളിൽ പറഞ്ഞ വാചകം അടങ്ങിയ മെസ്സേജ് കണ്ണീരോടെയാണ് യുകെ മലയാളികൾ പരസ്പരം പങ്കുവയ്ക്കുന്നത്. ഈ അനുഭവം നമ്മളിൽ ആർക്കും എപ്പോൾ വേണമെങ്കിലും വരാം. ഇതിനൊരു പ്രതിവിധി മതിയായ സ്റ്റെം ഡൊണേഷന്റെ രജിസ്റ്റർ ഉണ്ടാകണം എന്ന് ഒരിക്കൽ ലിമ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

പ്രിയ ലിമ നിങ്ങളുടെ പ്രവർത്തനത്തിന്റെ ഫലമായി ഒട്ടേറെ സ്റ്റെം ഡോണേഷന് താല്പര്യമുള്ളവരുടെ വിവരങ്ങൾ രജിസ്റ്ററിൽ തീർച്ചയായും കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ടാവും. ഭർത്താവിൻറെ ജീവൻ രക്ഷിക്കാനായില്ലെങ്കിലും നാളെ ഇതിൻറെ പ്രയോജനം ലഭിക്കുന്നത് നൂറുകണക്കിന് രോഗികൾക്ക് ആയിരിക്കും. ഇതിനായി ലിമ ചെയ്ത പ്രവർത്തനങ്ങൾ ഒരു മലയാളി നേഴ്സിന്റെ അതിജീവനത്തിന്റെ തന്റെ ഭർത്താവിനോടുള്ള സ്നേഹത്തിൻറെ പ്രതീകമായി ചരിത്രത്തിൽ തീർച്ചയായും രേഖപ്പെടുത്തും.

ഡോ. റിതേഷിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.