ഐപിഎൽ മത്സരത്തിൽ പഞ്ചാബിനെതിരെ ബാംഗ്ലൂർ മോശം പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ വിവാദമായി കമന്റേറ്ററും ഇതിഹാസ താരവുമായ സുനിൽ ഗവാസ്‌കറിന്റെ പരാമർശം. മത്സരത്തിന്റെ കമന്ററി പറയുന്നതിനിടെയാണ് ബാംഗ്ലൂർ നായകൻ വിരാട് കോഹ്‌ലിയുടെ മോശം പ്രകടനത്തെ വിലയിരുത്തി ഗവാസ്‌കർ കോഹ്‌ലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശർമ്മയ്ക്ക് എതിരെ തിരിഞ്ഞത്. ഗാവസ്‌കർ കോഹ്‌ലിയേയും അനുഷ്‌കയേയും ബന്ധപ്പെടുത്തി വിവാദ പരാമർശം നടത്തുകയായിരുന്നു. ലോക്ക്ഡൗൺ സമയത്ത് കോഹ്‌ലി അനുഷ്‌കയുടെ ബൗളിങ്ങ് നേരിടാൻ മാത്രമാണ് പരിശീലിച്ചതെന്നായിരുന്നു ഗാവ്‌സകർ പറഞ്ഞത്. നേരത്തെ, ലോക്ക്ഡൗൺ സമയത്ത് അനുഷ്‌കയ്‌ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന വീഡിയോ കോഹ്‌ലി പങ്കുവെച്ചിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയായിരുന്നു ഗാവാസ്‌കറുടെ പരാമർശം.

അതേസമയം, വിവാദ പരാമർശം നടത്തിയ സുനിൽ ഗാവസ്‌കർക്കെതിരെ അനുഷ്‌ക ശർമ്മ രംഗത്തെത്തിയിട്ടുണ്ട്. കമന്ററി പറയുമ്പോൾ ഓരോ കളിക്കാരന്റേയും സ്വകാര്യ ജീവിതത്തെ ബഹുമാനിക്കുന്ന വ്യക്തിയാണ് ഗാവസ്‌കർ എന്ന് തനിക്ക് ഉറപ്പുണ്ടെന്നും അതുപോലെ തുല്ല്യമായ ബഹുമാനം തിരിച്ചുമുണ്ടായിരിക്കില്ലേ എന്നും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അനുഷ്‌ക ചോദിക്കുന്നു.

‘കഴിഞ്ഞ രാത്രി എന്റെ ഭർത്താവിന്റെ പ്രകടനത്തെ കുറിച്ച് പറയാൻ താങ്കളുടെ മനസിൽ മറ്റ് അനേകം വാക്കുകളുണ്ടായിരുന്നെന്ന് എനിക്ക് അറിയാം. അവിടെ എന്റെ പേര് ഉപയോഗിച്ചാൽ മാത്രമേ നിങ്ങളുടെ വാക്കുകൾ പ്രസക്തമാകൂ എന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഇത് 2020 ആണ്. എന്റെ കാര്യങ്ങളിൽ ഇപ്പോഴും മാറ്റമൊന്നുമില്ല. എപ്പോഴാണ് എന്നെ ക്രിക്കറ്റിലേക്ക് വലിച്ചിഴയ്ക്കുന്നത് അവസാനിക്കുക? എപ്പോഴാണ് ഇത്തരം പ്രസ്താവനകൾ അവസാനിക്കുക? ബഹുമാനപ്പെട്ട ഗാവസ്‌കർ, ഈ മാന്യൻമാരുടെ ഗെയിമിലെ പേരുകളിൽ ഉയരത്തിൽ നിൽക്കുന്ന വ്യക്തിയാണ് താങ്കൾ. അക്കാര്യം പറയുന്നതു കേട്ടപ്പോൾ ഞാൻ ഇത്രയും താങ്കളോട് പറയാൻ ആഗ്രഹിച്ചു’. അനുഷ്‌ക ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെ പ്രതികരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പഞ്ചാബിനെതിരായ മത്സരത്തിൽ കോഹ്‌ലി ബാറ്റിങ്ങിലും ഫീൽഡിങ്ങിലും മോശം പ്രകടനമാണ് പുറത്തെടുത്തത്. ബാഗ്ലൂർ ടീം തന്നെ അമ്പേ പരാജയപ്പെട്ട മത്സരത്തിൽ മികച്ച ഫോമിലുണ്ടായിരുന്ന പഞ്ചാബ് ക്യാപ്റ്റൻ കെഎൽ രാഹുലിനെ ക്യാച്ചിലൂടെ പുറത്താക്കാനുള്ള രണ്ട് അവസരങ്ങൾ കോഹ്‌ലി നഷ്ടപ്പെടുത്തിയിരുന്നു. ഇതുകൂടാതെ, അഞ്ചു പന്തിൽ നിന്ന് വെറും ഒരു റൺ മാത്രമാണ് കോഹ്‌ലി നേടിയത്.

ഗവാസ്‌കറുടെ പരാമർശത്തിനെതിരെ കോഹ്‌ലിയുടേയും അനുഷ്‌കയുടേയും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. കമന്റേറ്റർമാരുടെ പാനലിൽ നിന്ന് ഗാവസ്‌കറെ ഒഴിവാക്കണമെന്നും വീട്ടിൽ ഇരിക്കുന്ന അനുഷ്‌കയെ എന്തിനാണ് ഇതിലേക്ക് വലിച്ചിഴക്കുന്നത് എന്നും ആരാധകർ പ്രതികരിക്കുന്നു.