ഇറ്റലി: മലയാളികളുടെ ഒരുമയും സഹകരണവും ലോകം മുഴുവന്‍ ചര്‍ച്ച ചെയ്ത നാളുകൾ നാം പലപ്പോഴും കണ്ടിട്ടുണ്ട്.. അത് വെള്ളപ്പൊക്കമായാലും നിപ്പ ആയാലും ഇപ്പോൾ വന്ന കോവിഡ്- 19 ആയാലും. നമ്മള്‍ ഒന്നിച്ച് നിന്നാണ് ഈ പ്രതികൂല സാഹചര്യങ്ങളെയും മറികടന്നുകൊണ്ടിരിക്കുന്നത്. ഇത്രയൊക്കെ നാം വളർന്നിട്ടും നമ്മളിൽ ചിലർ നമ്മുടെ മുൻവിധികൾ ഇപ്പോഴും തുടരുന്ന, അല്ലെങ്കിൽ മറ്റുള്ളവരെ അധിക്ഷേപിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നു… അത്തരത്തിൽ പോലീസ് അന്വോഷണം പുരോഗമിക്കുന്ന ഒരു സന്യാസ വിദ്യാർത്ഥിനിയായ ദിവ്യയുടെ മരണവുമായി പ്രചരിക്കുന്ന അപവാദ കഥകൾക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിക്കുകയാണ് സിസ്റ്റർ സോണിയ…

കുറിപ്പ് വായിക്കാം

ഉയരുന്ന അപവാദങ്ങളും നീറുന്ന ഹൃദയങ്ങളും…

സന്യാസത്തെ ആദരിക്കുന്ന വിദ്യാസമ്പന്നരായ കേരളജനതയ്ക്ക് അപമാനമായ ഏതാനും ചില വ്യക്തികളോടും ചില ഗ്രൂപ്പുകളോടും:

‘ആദ്യം നിങ്ങള്‍ ഞങ്ങളെ അമ്മമാരെന്നു വിളിച്ചു… പിന്നീട് ഞങ്ങള്‍ പഠിപ്പിച്ച ഇംഗ്ലീഷിന്റെ പരിഷ്‌കാരം ആയപ്പോള്‍ പെങ്ങന്മാരെന്നും… ഇപ്പോള്‍ നിങ്ങള്‍ ഞങ്ങളെ കേട്ടാല്‍ അറയ്ക്കുന്ന വാക്കുകള്‍ വിളിക്കുന്നു… ‘

‘പിതാവേ, അവരോടു ക്ഷമിക്കണമേ; അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല…’ എന്ന ക്രൂശിതനായ ക്രിസ്തുവിന്റെ പ്രാര്‍ത്ഥനതന്നെ ഇന്ന് ഞങ്ങളും ആവര്‍ത്തിക്കുന്നു…

നിങ്ങളുടെ നിന്ദനങ്ങള്‍ ഞങ്ങളുടെ ഹൃദയങ്ങളെയും മനസ്സിനെയും മുറിപ്പെടുത്തുമ്പോഴും, നിങ്ങളെ നിന്ദിക്കുവാനോ നിങ്ങളോടു വഴക്കടിക്കാനോ ഞങ്ങള്‍ക്ക് സമയമില്ല. കാരണം ഞങ്ങളുടെ കരുതലും സ്‌നേഹവും ശുശ്രൂഷയും കാത്ത് അനേകായിരങ്ങള്‍ ഞങ്ങളുടെ ചുറ്റുമുണ്ട്. അതില്‍ ഭൂരിഭാഗവും നിങ്ങളില്‍ ചിലര്‍ തെരുവിലേക്ക് വലിച്ചെറിഞ്ഞ നിങ്ങളുടെ പിഞ്ചുകുഞ്ഞുങ്ങളും മാതാപിതാക്കളും സഹോദരങ്ങളും ആണ്… അപരനെ ശുശ്രൂഷിക്കാന്‍ ഉള്ള തത്രപ്പാടിനിടയില്‍ സമൂഹത്തില്‍ ഞങ്ങള്‍ക്കെതിരേ ഉയര്‍ന്നിരുന്ന ആരോപണങ്ങളും നിന്ദനങ്ങളും അധികമൊന്നും ഞങ്ങള്‍ അറിഞ്ഞിരുന്നില്ല, അല്ലെങ്കില്‍ വേദനയോടെ അവയെ കണ്ടില്ലെന്ന് നടിച്ചു.

പക്ഷേ, ഇനിയും ഞങ്ങള്‍ മൗനം പാലിച്ചാല്‍ ഞങ്ങളുടെ പ്രിയപ്പെട്ടവരോടും, ഞങ്ങളെ വിശ്വസിച്ച് ഞങ്ങളോടൊപ്പം നില്‍ക്കുന്നവരോടുമുള്ള ഒരു ക്രൂരതയായി അത് മാറും. ഞങ്ങളില്‍ എല്ലാവരും പരിപൂര്‍ണ്ണര്‍ ആണെന്ന് ഞങ്ങള്‍ പറയുന്നില്ല… നിങ്ങളെ പോലെതന്നെ ഞങ്ങളും കുറവുകള്‍ ഉള്ളവരാണ്. പക്ഷേ, നിങ്ങള്‍ക്ക് ഉള്ളതുപോലെ തന്നെ ആത്മാഭിമാനം ഉള്ളവരാണ് ഞങ്ങളും. മനസ്സുകൊണ്ടും വാക്കുകൊണ്ടും കര്‍മംകൊണ്ടും സന്യാസത്തില്‍ നിന്ന് അകലെയാകുകയും നിയമപരമായി പുറത്താക്കപ്പെടുകയും ചെയ്ത ഒരു വ്യക്തിയുടെ ശബ്ദമല്ല ഒരു ലക്ഷത്തോളം വരുന്ന ആത്മാഭിമാനം ഉള്ള ഞങ്ങളുടെ, കത്തോലിക്കാസഭയിലെ സന്യസ്തരുടെ, ശബ്ദം…ഒരു കുടുംബത്തില്‍ അപ്രതീക്ഷിതമായി പ്രിയപ്പെട്ട ഒരു വ്യക്തിയുടെ മരണം നടന്നാല്‍ ആ കുടുംബത്തെ ആശ്വസിപ്പിക്കുവാന്‍ സമയം കണ്ടെത്തുകയാണ് സാധാരണ ഒരു സമൂഹം ചെയ്യുക. എന്നാല്‍ കഴിഞ്ഞ ദിവസം തിരുവല്ലായില്‍ മരണമടഞ്ഞ നോവീസസ് ദിവ്യയുടെ കുടുംബത്തെ ആശ്വസിപ്പിക്കുകയാണോ, അതോ കൂടുതല്‍ മുറിപ്പെടുത്തുകയാണോ, കേരളത്തിലെ ചില സംഘടനകളും ഗ്രൂപ്പുകളും ചെയ്യുന്നത്…? മകളുടെ വേര്‍പാടില്‍ വേദനിച്ചിരിക്കുന്ന ഒരു അമ്മയും കുടുംബവും കഴിഞ്ഞ ദിവസം കേരളാസമൂഹത്തോട് യാചിക്കുന്നുണ്ട് ‘ഞങ്ങളെ സമാധാനത്തില്‍ വിടാന്‍’. എന്നിട്ടും ഇത്രയ്ക്ക് അധ:പതിക്കുവാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയുന്നു?

ആത്മഹത്യ ചെയ്യുന്നവരില്‍ 90 ശതമാനവും തങ്ങള്‍ ആത്മഹത്യ ചെയ്യും എന്ന് നേരത്തെ പദ്ധതികള്‍ തയ്യാറാക്കിയവര്‍ അല്ല. ഒരു നിമിഷത്തെ മാനസികസംഘര്‍ഷം ആണ് മിക്കവരെയും ആത്മഹത്യയില്‍ കൊണ്ട് എത്തിക്കുന്നത്.

സന്യാസ ജീവിതം നയിക്കുന്നവരുടെ മാനസ്സികനില തെറ്റില്ല എന്ന് ചില തെറ്റുധാരണകള്‍ പലപ്പോഴും നമ്മുടെ സമൂഹത്തിന് ഉണ്ട്. എന്നാല്‍ നമ്മുടെ ഒക്കെ ഭവനങ്ങളില്‍ സംഭവിക്കുന്നതുപോലെ തന്നെ സന്യാസഭവനങ്ങളിലും ധാരാളം സന്യസ്തര്‍ മാനസികരോഗത്തിനും ഡിപ്രഷനും അടിപ്പെടാറുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മാനസ്സികരോഗത്തെക്കുറിച്ചുള്ള നമ്മുടെ സമൂഹത്തിന്റെ കാഴ്ചപ്പാട് അപക്വമാണ്. നാം മനസ്സിലാക്കേണ്ട ഒന്നുണ്ട് മാനസിക ആരോഗ്യം എല്ലാവര്‍ക്കും ഒരുപോലെ അല്ല. ചിലര്‍ക്ക് ഒരു ചെറിയ കാര്യം മതി, മനസ്സ് തകരാന്‍. എന്നാല്‍, ചിലര്‍ എന്തുവന്നാലും തളരില്ല.

വീണുപോയ ഒന്നു രണ്ട് വ്യക്തിത്വങ്ങളെ എടുത്തുകാട്ടിയോ 33 വര്‍ഷത്തിനിടയില്‍ സംഭവിച്ച ചില മരണങ്ങള്‍ ചൂണ്ടിക്കാട്ടിയോ ഇന്ത്യയില്‍ത്തന്നെയുള്ള ഒരു ലക്ഷത്തോളം വരുന്ന സന്യാസിനികളെ ഒരളവുകോല്‍ കൊണ്ട് അളക്കാന്‍ ആരാണ് നിങ്ങളെ പഠിപ്പിച്ചത്? ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പേരില്‍ കൂട്ടംകൂടി വിധി നടത്തുകയും
പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യുമ്പോള്‍ നീതി എവിടെയാണ്…? ആര്‍ക്കുവേണ്ടിയാണ് നിങ്ങള്‍ ശബ്ദമുയര്‍ത്തുന്നത്…? ഇങ്ങനെയാണോ നിങ്ങള്‍ സന്യാസിനികളുടെ നവോത്ഥാനം കെട്ടിപ്പടുക്കുന്നത്…? യഥാര്‍ത്ഥത്തില്‍, കന്യാസ്ത്രീകളുടെ നവോഥാനം എന്ന പേരില്‍ ഒരു മതവിഭാഗത്തെ തകര്‍ക്കണം എന്ന നിഗൂഢമായ ലക്ഷ്യങ്ങളോടെ ഇറങ്ങിത്തിരിച്ചിരിക്കുന്ന ആട്ടിന്‍ തോല്‍ അണിഞ്ഞ ചെന്നായ്ക്കള്‍ അല്ലേ നിങ്ങള്‍…?

കത്തോലിക്കാസഭയിലെ സന്യാസിനി സമൂഹത്തില്‍ നിയമ ബിരുദധാരികള്‍ ഒരുപാട് ഉണ്ട്, എഴുത്തുകാരുണ്ട്, തത്വചിന്തകര്‍ ഉണ്ട്, ബിരുദധാരികള്‍ ഉണ്ട്, അഭിനയശേഷിയും കലാപ്രതിഭയും ഉള്ളവര്‍ ഉണ്ട്, സാമൂഹ്യ പ്രവര്‍ത്തകര്‍ ഉണ്ട്, അധ്യാപകരുണ്ട്, ഐടി വിദഗ്ധരുണ്ട്, ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവരും ഉണ്ട്. എങ്കിലും ഇവരില്‍ യഥാര്‍ത്ഥ സന്യാസികള്‍ ആയ ആരും ഒരു മതത്തെയോ വ്യക്തികളെയോ മോശമായി ചിത്രീകരിക്കാന്‍ തുനിയാറില്ല. സര്‍വ്വമേഖലയിലും പ്രഗത്ഭരും കഴിവുള്ളവരുമായ ഒരുപാടുപേര്‍ ഉള്ള ഒന്നാണ് കത്തോലിക്കാസഭയിലെ സന്യാസിനീസമൂഹങ്ങള്‍… സമൂഹമാധ്യമങ്ങളില്‍ കൂടി നിങ്ങളില്‍ ചിലര്‍ പറഞ്ഞു പരത്തുന്ന രീതിയില്‍, തിരിച്ചറിവില്ലാത്ത… ബോധ്യങ്ങളും ഉള്‍ക്കാഴ്ചകളും ഇല്ലാത്ത… വെറും ആള്‍ക്കൂട്ടം അല്ല ക്രൈസ്തവസന്യാസം.

നിങ്ങള്‍ക്ക് വിദ്യപകര്‍ന്നു തന്ന… നിങ്ങള്‍ രോഗികളായിത്തീര്‍ന്നപ്പോള്‍ നിങ്ങളെ ശുശ്രൂഷിച്ച (അന്ന് നിങ്ങള്‍ ഞങ്ങളെ മാലഖമാര്‍ എന്ന് വിളിച്ചു)… നിങ്ങളില്‍ ചിലര്‍ തെരുവില്‍ വലിച്ചെറിഞ്ഞ കുഞ്ഞുങ്ങളെ സ്വന്തം അമ്മമാരെപ്പോലെ മാറോടുചേര്‍ത്ത് കാത്തു പരിപാലിച്ച… നിങ്ങള്‍ക്ക് ഭാരമായിത്തീര്‍ന്ന നിങ്ങളുടെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളെപ്പോലെ കണ്ട് ശുശ്രൂഷിച്ച… ആ സന്യസ്തരെത്തന്നെ നിങ്ങള്‍ ചെളിവാരിയെറിയുമ്പോള്‍ അതിശയിക്കാനൊന്നുമില്ല. കാരണം, ഈ ലോകം നൂറ്റാണ്ടുകളായി ഇങ്ങനെയാണ്.

ക്രൈസ്തവ സന്യാസ സമൂഹത്തിന്റെ നവീകരണത്തിനായി മുതലക്കണ്ണീര്‍ ഒഴുക്കുന്നവരോട് എനിക്ക് പറയുവാനുള്ളത് ഇത് മാത്രം: ‘ആദ്യം നിങ്ങള്‍ നിങ്ങളുടെ ഭവനങ്ങളിലെയും സമൂഹത്തിലെയും അകത്തളങ്ങളില്‍ നിന്ന് ഉയരുന്ന തേങ്ങലുകള്‍ പരിഹരിക്കുവാന്‍ വേണ്ടി ഒരു ചെറുവിരല്‍ എങ്കിലും അനക്കുവാന്‍ നോക്ക്. എന്നിട്ട് മതി കന്യാസ്ത്രീകളുടെ നവോത്ഥാനം… ‘

സ്‌നേഹപൂര്‍വ്വം,

???സി. സോണിയ തെരേസ് ഡി. എസ്. ജെ

[ot-video][/ot-video]