നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതകള്‍ നിറച്ച് പുതിയ വെളിപ്പെടുത്തലുകള്‍. ശ്രീദേവിയുടെ മരണ സമയത്ത് ഭര്‍ത്താവ് ബോണി കപൂര്‍ അരികിലില്ലായിരുന്നുവെന്നും ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് ദുബൈ ജുമെരിയ എമിരേറ്റ്സ് ടവര്‍ ഹോട്ടലിലെ ജീവനക്കാരനാണെന്നുമാണ് പുതിയ വെളിപ്പെടുത്തല്‍.

ഇന്ത്യന്‍ മാധ്യമമായ മിഡ് ഡേ ആണ് ഇതുവരെ പുറത്ത് വന്ന വാര്‍ത്തകള്‍ക്ക് വിരുദ്ധമായ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. ജുമെരിയ എമിറേറ്റ്സിലെ ജീവനക്കാരനെ ഉദ്ധരിച്ചാണ് മിഡ് ഡേ ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. പേര് വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയിലാണ് ഹോട്ടല്‍ ജീവനക്കാര്‍ മിഡ് ഡേയ്ക്ക് വിവരങ്ങള്‍ കൈമാറിയത്.

മരണ ദിവസം രാത്രി പത്തരയോടെ ശ്രീദേവി റൂം സര്‍വീസില്‍ വിളിച്ച് കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. പതിനഞ്ച് മിനിട്ടിനകം ജീവനക്കാരന്‍ റൂമിലെത്തി. എന്നാല്‍, നിരവധി തവണ ഡോര്‍ ബെല്‍ അടിച്ചിട്ടും അവര്‍ വാതില്‍ തുറന്നില്ല. എന്തോ കാര്യമായി കുഴപ്പമുണ്ടെന്ന് തോന്നിയ ഇയാള്‍ മറ്റു ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബലമായി വാതില്‍ തുറന്ന് റൂമില്‍ കയറിയ ജീവനക്കാര്‍ കണ്ടത് ബാത്റൂമിലെ തറയില്‍ വീണു കിടക്കുന്ന ശ്രീദേവിയെ ആണ്. അപ്പോള്‍ സമയം ഏതാണ്ട് പതിനൊന്ന് മണിയായിക്കാണും. അവരെ കണ്ടെത്തുമ്പോള്‍ അവര്‍ക്ക് നാഡീമിടിപ്പുണ്ടായിരുന്നു. ജീവനക്കാര്‍ അവരെ പെട്ടെന്ന് തന്നെ റാഷിദ് ഹോസ്പിറ്റലില്‍ എത്തിച്ചു എന്നാല്‍ യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു-

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കപൂര്‍ കുടുംബത്തിന്റെ വാദങ്ങള്‍ പാടേ തള്ളുന്നതാണ് ഹോട്ടല്‍ ജീവനക്കാരുടെ പുതിയ വെളിപ്പെടുത്തല്‍. ശ്രീദേവിയുടെ മരണ ദിവസം മുംബൈയില്‍ നിന്നും വൈകീട്ട് അഞ്ചരയോടെ ബോണി കപൂര്‍ ദുബൈയില്‍ മടങ്ങിയെത്തി എന്നും വൈകീട്ട് പത്തരയ്ക്ക് ശേഷം ബോണി കപൂര്‍ ഒരുക്കിയ സര്‍പ്രൈസ് ഡിന്നറിനായി പോകുന്നതിന് മുന്‍പ് ശുചിമുറിയില്‍ കയറിയ ശ്രീദേവിയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതിരുന്നതിനാല്‍ ചെന്ന് നോക്കിയപ്പോഴാണ് ബാത്റൂമില്‍ കുഴഞ്ഞ് വീണ നിലയില്‍ കിടക്കുന്നത് കണ്ടതെന്നുമായിരുന്നു കപൂര്‍ കുടുംബത്തിന്റെ വാദം.

ശ്രീദേവിയുടെ മരണ കാരണം ഹൃദയാഘാതമാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചതിന് തൊട്ട് പിന്നാലെയാണ് മരിച്ചത് ബാത്ടബ്ബിലെ വെള്ളത്തില്‍ വീണ് ശ്വാസകോശത്തില്‍ വെള്ളം കയറിയത്തിനാലാണെന്ന ഫോറന്‍സിക് ഫലം പുറത്തു വന്നത്.