കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ കൂടുതല്‍ നിയമപാലകരുടെ കൈകളില്‍ വിലങ്ങു വീഴുമെന്ന് സൂചന. ശ്രീജിത്തിനെ മര്‍ദ്ദിച്ചവരുടെ എല്ലാം പേരില്‍ കൊലക്കുറ്റം ചുമത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ശ്രീജിത്തിന് പോലീസ് കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദ്ദനം ഏറ്റതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. നിലവില്‍ ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്ത മൂന്ന് ആര്‍.ടി.എഫ് ഉദ്യോഗസ്ഥരെയാണ് കൊലക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തിരിക്കുന്നത്. വരാപ്പുഴ സ്‌റ്റേഷന്‍ ലോക്കപ്പിലും ശ്രീജിത്തിന് ക്രൂരമായ മര്‍ദ്ദനമേറ്റ സ്ഥിതിക്ക് ഉത്തരവാദികളെ മുഴുവന്‍ അഴിക്കുള്ളിലാക്കാനുള്ള നീക്കമാണ് അന്വേഷണ സംഘം നടത്തുന്നത്.
ഇതിനു മുന്നോടിയായ റൂറല്‍ എസ്.പി എ.വി ജോര്‍ജ്, വടക്കന്‍ പറവൂര്‍ സി.ഐ ക്രിസ്പിന്‍, വരാപ്പുഴ എസ്.ഐ ദീപക് എന്നിവരെ അന്വേഷണ സംഘം വിളിച്ചുവരുത്തി മൊഴിയെടുക്കും. സി.ഐയ്ക്ക് ഗുരുതരമായ വീഴ്ച വന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. അതേസമയം, ശ്രീജിത്തിനെ മര്‍ദ്ദിച്ചവരില്‍ സി.ഐ ഇല്ല. വരാപ്പുഴ സ്‌റ്റേഷനില്‍ ഇദ്ദേഹം എത്തിയിരുന്നുവെങ്കിലും ശ്രീജിത്തിനെ നേരില്‍ കണ്ടിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
അതിനിടെ, കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ കുടുംബം സത്യാഗ്രഹത്തിന് ഒരുങ്ങുകയാണ്. വരാപ്പുഴ എസ്.ഐയെ അറസ്റ്റു ചെയ്യണമെന്നും അല്ലാത്തപക്ഷം എസ്.ഐയുടെ വീട്ടുപടിക്കല്‍ സത്യാഗ്രഹം നടത്തുമെന്നും ശ്രീജിത്തിന്റെ അമ്മ പറഞ്ഞു.
ശ്രീജിത്തിന് കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദ്ദനം ഏറ്റിരുന്നുവെന്ന് വ്യക്തമാക്കി പ്രദേശത്തെ സ്വകാര്യ ആശുപത്രി ഡോക്ടറും രംഗത്തെത്തി. അവശനിലയില്‍ ആയിരുന്ന ശ്രീജിത്തിനെ പ്രാഥമിക ചികിത്സയ്ക്കായി പ്രവേശിപ്പിച്ച വരാപ്പുഴ മെഡിക്കല്‍ സെന്ററിലെ ഡോ.ജോസ് സഖറിയാസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏഴിന് രാവിലെ എട്ടരയോടെ ശ്രീജിത്തിനെ തന്റെ ആശുപത്രിയില്‍ കൊണ്ടുവന്നിരുന്നു. റോഡില്‍ നിന്ന് ആശുപത്രിയിലേക്ക് നടന്നാണ് ശ്രീജിത്ത് വന്നത് എന്നതു ശരിയാണ്. പക്ഷേ കടുത്ത വയറുവേദനയും മൂത്രതടസ്സവും നടുവിന് വേദനയും ഉണ്ടെന്ന് ശ്രീജിത്ത് പറഞ്ഞിരുന്നു.
പ്രാഥമിക പരിശോധനയില്‍ ചെറുകുടലിന് ക്ഷതമേറ്റതായി കണ്ടെത്തിയില്ല. ആന്തരികമായ മുറിവുകള്‍ ഉണ്ടെന്ന് സംശയം തോന്നിയിരുന്നു. അതിനാല്‍ വിദഗ്ധമായ ചികിത്സ വേണമെന്നും സ്‌കാനിംഗ് അടക്കമുള്ള പരിശോധനകള്‍ക്ക് കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയില്‍ കൊണ്ടുപോകണമെന്നും നിര്‍ദേശിച്ചതായും ഡോ.ജോസ് സഖറിയാസ് മാധ്യമങ്ങളോട് പ്രതികരിച്ചു. ആറിന് രാത്രി പത്തരയോടെ ആര്‍.ടി.എഫ് കസ്റ്റഡിയില്‍ എടുത്ത് പോലീസിന് കൈമാറിയ ശ്രീജിത്തിന് അന്നു രാത്രി തന്നെ ലോക്കപ്പില്‍ ക്രൂരമായ മര്‍ദ്ദനം ഏറ്റിരുന്നു എന്ന സൂചനയാണ് ഡോക്ടറുടെ മൊഴിയും നല്‍കുന്നത്.
Leave a Reply