ശ്രീശാന്തിന് ബിസിസിഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് ഹൈക്കോടതി നീക്കി. വിലക്കേർപ്പെടുത്തിയത് സ്വാഭാവിക നീതിക്ക് വിരുദ്ധമാണെന്നും കുറ്റവിമുക്തനാക്കിയ പട്യാല സെഷൻസ് കോടതി വിധി കണക്കിലെടുക്കേണ്ടിയിരുന്നുവെന്നും ഹൈക്കോടതി വ്യക്തമാക്കി. ശ്രീശാന്തിനെതിരായ ആരോപണങ്ങൾ ശരിയല്ല. ശ്രീശാന്തിനെ ക്രിക്കറ്റിൽനിന്ന് മാറ്റി നിർത്തിയത് ശരിയായില്ല. ഒത്തുകളി കേസ് കോടതി തളളിയതിനാൽ ബിസിബിസിസിഐ വിലക്ക് നിലനിൽക്കില്ലെന്നും ഹൈക്കോടതി അറിയിച്ചു.

ഐപിഎല്‍ സീസണില്‍ വാതുവെപ്പു സംഘങ്ങളുമായി ചേര്‍ന്ന് ഒത്തുകളിച്ചുവെന്ന കേസിലാണ് 2013 സെപ്റ്റംബറിൽ ശ്രീശാന്തിനെതിരെ ബിസിസിഐയുടെ അച്ചടക്ക സമിതി ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. പട്യാല സെഷൻസ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് നീക്കാൻ ബിസിസിഐ തയാറായിരുന്നില്ല.

ഹൈക്കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് ശ്രീശാന്ത് പ്രതികരിച്ചു. അവസാനം സത്യം തിരിച്ചറിഞ്ഞതിൽ സന്തോഷമെന്നും കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ പിന്തുണയ്ക്ക് നന്ദിയെന്നും ശ്രീശാന്തിന്റെ ഭാര്യ പറഞ്ഞു. ശ്രീശാന്തിനെ പോലൊരു കളിക്കാരനെ അധികകാലം മാറ്റി നിർത്താനാകില്ലെന്നും അവർ പറഞ്ഞു.

സ്‌കോട്ട്‌ലാന്‍ഡ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതിന് അനുമതി തേടിയാണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചത്. ഒത്തുകളി വിവാദത്തിൽ ഡൽഹി പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രം അടിസ്ഥാനമാക്കിയാണ് ബിസിസിഐ വിലക്ക് ഏർപ്പെടുത്തിയത്. ഈ കുറ്റപത്രം വിചാരണ കോടതി റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിൽ വിലക്ക് തുടരുന്നത് അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ അച്ചടക്കസമിതി നടത്തിയ അന്വേഷണത്തിനൊടുവിലാണ് വിലക്ക് ഏർപ്പെടുത്തിയതെന്നും ഇത് പിൻവലിക്കാനാകില്ലെന്നുമുള്ള നിലപാടിലായിരുന്നു ബിസിസിഐ.

2013 ഐപിഎല്‍ സീസണില്‍ വാതുവെപ്പു സംഘങ്ങളുമായി ചേര്‍ന്ന് ഒത്തുകളിച്ചുവെന്നാരോപിച്ച് രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാന്‍ഡില എന്നിവരെ ഡൽഹി പൊലീസ് ചെയ്തത്. തുടർന്നാണ് ബിസിസിഐ ശ്രീശാന്തിനെ സസ്പെൻഡ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടത്. പിന്നീട് ശ്രീശാന്തിനെതിരായ കുറ്റങ്ങള്‍ക്ക് തെളിവില്ലെന്ന് കണ്ടെത്തി പട്യാല സെഷൻസ് കോടതി കുറ്റവിമുക്തനാക്കി.2013, സെപ്റ്റംബർ 13
ബിസിസിഐ ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്