സാമ്പത്തിക അരക്ഷിതാവസ്ഥ രൂക്ഷമായ ശ്രീലങ്കയില്‍ ജനങ്ങളുടെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് പെട്രോള്‍ പമ്പുകളില്‍ സൈനികരെ വിന്യസിച്ച് സര്‍ക്കാര്‍. ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശമായ സാമ്പത്തിക തകര്‍ച്ചയിലാണ് ഇപ്പോള്‍ ശ്രീലങ്ക. വൈദ്യുതി തടസ്സങ്ങളും ഭക്ഷണം, പാചക വാതകം എന്നിവയുടെ ദൗര്‍ലഭ്യവും ജനങ്ങളെ പ്രകോപിതരാക്കുന്നുണ്ട്.

തിങ്കളാഴ്ച മണ്ണെണ്ണ വാങ്ങാന്‍ കഴിയാത്തതിനാല്‍ രോഷാകുലരായ ജനക്കൂട്ടം തലസ്ഥാനമായ കൊളംബോയിലേക്കുള്ള പ്രധാന റോഡുകള്‍ തടയുകയും മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് സൈനികരെ വിന്യസിച്ചതെന്ന് സര്‍ക്കാര്‍ വക്താവ് രമേഷ് പതിരണ പറഞ്ഞു.

പാചകത്തിന് ആവശ്യമായ മണ്ണെണ്ണയുടെ ദൗര്‍ലഭ്യത്തില്‍ പ്രതിഷേധിച്ച് രോഷാകുലരായ ഒരു കൂട്ടം സ്ത്രീകള്‍ വിനോദസഞ്ചാരികളെ ഉപരോധിക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ‘വിനോദസഞ്ചാരികളെ തടഞ്ഞുനിര്‍ത്തുന്നത് ഞങ്ങള്‍ കണ്ടു, ചില ആളുകള്‍ എണ്ണ പൂഴ്ത്തിയിരിക്കാമെന്നും ഞങ്ങള്‍ കേള്‍ക്കുന്നു, അതിനാലാണ് സൈന്യത്തെ വിന്യസിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്’, പതിരണ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇന്ധനത്തിനായുള്ള നീണ്ട ക്യൂവിലെ തന്റെ സ്ഥലത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഡ്രൈവര്‍ മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരനെ കുത്തിക്കൊലപ്പെടുത്തിയതും സൈനികരെ വിന്യസിക്കുന്നതിന് കാരണമായി. ശനിയാഴ്ച മുതല്‍ മൂന്ന് പ്രായമായ ആളുകള്‍ ഇന്ധനത്തിനായുള്ള ക്യൂവില്‍ നില്‍ക്കവെ മരിച്ചു. രണ്ടുകോടിയിലധികം ജനങ്ങളുള്ള രാജ്യത്തെ ഇന്ധന റീട്ടെയില്‍ ബിസിനസിന്റെ മൂന്നില്‍ രണ്ട് ഭാഗവും നടത്തുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിലോണ്‍ പെട്രോളിയം കോര്‍പ്പറേഷന്റെ പമ്പിങ് സ്റ്റേഷനുകളില്‍ സൈനികരെ വിന്യസിച്ചതായി സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സാമ്പത്തിക പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ പ്രസിഡന്റ് ഗോതബായ രാജപക്സെയുടെ ഓഫീസ് ബുധനാഴ്ച എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗം വിളിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ബഹിഷ്‌കരിക്കുന്നതായി അറിയിച്ചു.

വിദേശ കറന്‍സിയുടെ ക്ഷാമമാണ് ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. കോവിഡ് വ്യാപനം ശ്രീലങ്കയുടെ പ്രധാന വിദേശനാണ്യ സ്രോതസ്സായ വിനോദസഞ്ചാര മേഖലയെ തകര്‍ത്തു. വിദേശത്ത് ജോലി ചെയ്യുന്ന ശ്രീലങ്കക്കാരില്‍ നിന്നുള്ള വരുമാനവും കുത്തനെ കുറഞ്ഞു.

സര്‍ക്കാരിന്റെ 51 ബില്യണ്‍ ഡോളറിന്റെ വിദേശ കടബാധ്യത താങ്ങാനാകാത്തതാണെന്നും അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്ന് രാജ്യം സഹായം തേടുമെന്നും രജപക്സെ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഉപദേശിക്കാന്‍ ഒരു അന്താരാഷ്ട്ര നിയമ സ്ഥാപനത്തെ അന്വേഷിക്കുകയാണെന്നും സര്‍ക്കാര്‍ ചൊവ്വാഴ്ച വ്യക്തമാക്കി.

വിദേശനാണ്യത്തിന്റെ ദൗര്‍ലഭ്യം ദൈനംദിന ജീവിതത്തിന്റെ എല്ലാ മേഖലകളിലും നാശം വിതച്ചിരിക്കുകയാണ്. കടലാസിന്റെയും മഷിയുടെയും അഭാവം കാരണം ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കുള്ള പരീക്ഷകള്‍ അധികൃതര്‍ കഴിഞ്ഞയാഴ്ച മാറ്റിവെക്കുന്ന സ്ഥിതി വരെയുണ്ടായിരുന്നു.