പന്ത്രണ്ടാം ദിവസവും കടലിൽ നിന്നുകത്തുന്ന ചരക്കുകപ്പൽ ദ്വീപുരാജ്യമായ ശ്രീലങ്കയുടെ പരിസ്ഥിതിക്കു വലിയ ഭീഷണിയാകുന്നു. സിംഗപ്പൂരിൽ റജിസ്റ്റർ ചെയ്ത കപ്പലിന്റെ ജോലിക്കാരെ അന്വേഷണ സംഘം ചോദ്യം ചെയ്യാൻ തുടങ്ങി. മേയ് 20ന് കൊളംബോ തുറമുഖത്തു പ്രവേശിക്കാനിരിക്കെയാണ് എംവി എക്സ്-പ്രസ് പേൾ എന്ന കപ്പലിനു തീപിടിച്ചത്.
25 ടൺ നൈട്രിക് ആസിഡും ധാരാളം പ്ലാസ്റ്റിക് അസംസ്കൃത വസ്തുക്കളുമാണു കപ്പലിലുണ്ടായിരുന്നത്. 186 മീറ്റർ (610 അടി) നീളമുള്ള കപ്പലിന്റെ പിൻഭാഗത്തെ തീ കെടുത്താനായിട്ടില്ല. കപ്പലിന്റെ ഭൂരിഭാഗവും നശിച്ചു. ചരക്കുകളിൽ കുറെഭാഗം ഇന്ത്യൻ മഹാസമുദ്രത്തിലും വീണിട്ടുണ്ട്.
കപ്പലിലെ ടൺ കണക്കിനു മൈക്രോപ്ലാസ്റ്റിക് തരികളും അവയുടെ 1,500 ഓളം കണ്ടെയ്നറുകളും ശ്രീലങ്കയിലെ പ്രശസ്തമായ ബീച്ചുകളെ നശിപ്പിച്ചു.ഇതേത്തുടർന്നു മത്സ്യബന്ധനം നിരോധിച്ചു. പാരിസ്ഥിതിക നാശം എത്രത്തോളമുണ്ടെന്നു വിലയിരുത്തുന്നുണ്ടെങ്കിലും താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മോശമായ അവസ്ഥയാണെന്നു മറൈൻ എൻവയോൺമെന്റ് പ്രൊട്ടക്‌ഷൻ അതോറിറ്റി (എംഇപിഎ) മേധാവി ധർഷനി ലഹന്ദപുര പറഞ്ഞു.
തീപിടിത്തത്തെക്കുറിച്ചും പരിസ്ഥിതി നാശത്തെക്കുറിച്ചും അന്വേഷിക്കാൻ പൊലീസ് ഇൻസ്പെക്ടർ ജനറൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിനു നിർദേശം നൽകി.കപ്പലിലെ 25 അംഗ സംഘം ക്വാറന്റീൻ പൂർത്തിയാക്കിയെന്നും ഇനി ചോദ്യം ചെയ്യുമെന്നും പൊലീസ് വക്താവ് പറഞ്ഞു. മേയ് 11ന് കപ്പൽ ശ്രീലങ്കൻ കടലിൽ പ്രവേശിക്കുന്നതിനു വളരെ മുൻപുതന്നെ നൈട്രിക് ആസിഡ് ചോർച്ചയെക്കുറിച്ചു കപ്പലിന്റെ ക്യാപ്റ്റന് അറിയാമായിരുന്നുവെന്ന് എംഇപിഎ ചൂണ്ടിക്കാട്ടി. ഞായറാഴ്ച മുതൽ തീ നിയന്ത്രണവിധേയമാണെന്ന് അധികൃതർ പറഞ്ഞു.
Leave a Reply