തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഉടൻ. ഡിസംബർ 17 ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും. വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് യോഗത്തിൽ പങ്കെടുത്തു. ഒൻപത് മാസത്തെ ഇടവേളയ്‌ക്കുശേഷമാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാധാരണ നിലയിൽ പ്രവർത്തനം ആരംഭിക്കാൻ പോകുന്നത്. ജനുവരിയോടെ സ്‌കൂളുകൾ തുറക്കാനാണ് സാധ്യത. ഇതു സംബന്ധിച്ച് അന്തിമ തീരുമാനം 17 ന് ചേരുന്ന യോഗത്തിൽ ഉണ്ടായേക്കും.

പത്ത്, പ്ലസ് ടു വിദ്യാർഥികൾക്ക് ജനുവരി ആദ്യ വാരത്തിൽ തന്നെ ക്ലാസുകൾ ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. ഒൻപത് വരെയുള്ള ക്ലാസുകളുടെ കാര്യത്തിലും പ്ലസ് വൺ ക്ലാസുകളുടെ കാര്യത്തിലും പിന്നീടേ തീരുമാനിക്കൂ. പത്ത്, പ്ലസ് ടു ക്ലാസുകളിലെ വിദ്യാർഥികൾക്ക് പൊതുപരീക്ഷയുണ്ടായിരിക്കും. പരീക്ഷയ്‌ക്ക് തയ്യാറാകേണ്ടതിനാലാണ് ജനുവരി ആദ്യ വാരത്തിൽ പത്ത്, പ്ലസ് ടു ക്ലാസുകൾ തുടങ്ങാൻ ആലോചിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഇത്തവണ പൊതു പരീക്ഷയുണ്ടാകില്ലെന്നാണ് സൂചന. ഒൻപത് വരെയുള്ള ക്ലാസുകളിൽ എല്ലാവർക്കും ഓൾപാസ് നൽകിയേക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒൻപതാം ക്ലാസ് വരെയുള്ളവർക്ക് സ്‌കൂളുകളിൽ അധ്യയനം നടത്തുന്നത് പ്രായോഗികമായി ബുദ്ധിമുട്ടുണ്ടെന്നാണ് വിലയിരുത്തൽ.

കോവിഡ് മാനദണ്ഡം പാലിച്ച് ക്ലാസുകൾ തുറക്കുന്ന കാര്യം 17 ലെ യോഗം ചർച്ച ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാൻ പറഞ്ഞു. സ്‌കൂൾ തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിനു മുൻപ് സർക്കാർ വിവിധ മാനേജ്‌മെന്റ് അസോസിയേഷനുകളുമായി ചർച്ച നടത്തും.