കൊച്ചി: മഹാപ്രളയത്തിനു ശേഷമുള്ള ആദ്യ എസ്എസ്എല്‍സി ഫലമാണ് ഇന്ന് പ്രഖ്യാപിച്ചത്. പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ച പത്തനംതിട്ടയും കുട്ടനാടുമാണ് ഇത്തവണത്തെ എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതും. ഏറ്റവും കൂടുതല്‍ വിജയ ശതമാനമുള്ള റവന്യൂ ജില്ല എന്ന സ്ഥാനം പത്തനംതിട്ടയ്ക്ക് (99.33 ശതമാനം) ലഭിച്ചപ്പോള്‍ വിജയശതമാനം ഏറ്റവും കൂടുതലുളള വിദ്യാഭ്യാസ ജില്ല കുട്ടനാട്, 99.9 ശതമാനം. വിജയശതമാനം ഏറ്റവും കുറവുളള വിദ്യാഭ്യാസ ജില്ല വയനാട്, 93.22 ശതമാനം. ഏറ്റവും കൂടുതൽ വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് കിട്ടിയ വിദ്യാഭ്യാസ ജില്ല മലപ്പുറം. 2499 കുട്ടികൾക്കാണ് എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയത്.

പ്രളയത്തെ തുടര്‍ന്ന് നിരവധി പ്രവൃത്തി ദിനങ്ങള്‍ നഷ്ടപ്പെടുകയും പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും നശിക്കുകയും ചെയ്ത നിരവധി വിദ്യാര്‍ഥികളാണ് പത്തനംതിട്ടയിലും കുട്ടനാട്ടിലുമുണ്ടായിരുന്നത്. പ്രളയത്തെ അതിജീവിച്ച് നേടിയ വിജയമായതിനാല്‍ ഈ ഫലപ്രഖ്യാപനം പത്തനംതിട്ടയ്ക്കും കുട്ടനാടിനും അഭിമാന നിമിഷം കൂടിയാണ്. 2018 ലെ പ്രളയത്തെ തുടര്‍ന്ന് പത്തനംതിട്ടയിലെയും കുട്ടനാടിലെയും നിരവധി വിദ്യാലയങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിച്ചിരുന്നു. ഓണം അവധി കഴിഞ്ഞ് പലയിടത്തും സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിച്ചപ്പോഴും പ്രളയം രൂക്ഷമായി ബാധിച്ച പത്തനംതിട്ടയിലും കുട്ടനാട്ടിലും സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ സാധാരണ ഗതിയിലാകാന്‍ പിന്നെയും ദിവസങ്ങള്‍ വേണ്ടി വന്നു. വീടുകളില്‍ വെള്ളം കയറിയത് വിദ്യാര്‍ഥികളുടെ പാഠപുസ്‌കങ്ങളും പഠനോപകരണങ്ങളും നശിക്കാനും കാരണമായി. ഇത്തവണത്തെ SSLC ഫലം പത്തനംതിട്ടയ്ക്കും കുട്ടനാടിനും അതിജീവനത്തിന്റെ നേര്‍സാക്ഷ്യം കൂടിയാണെന്നതില്‍ സംശയമില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇന്ന് ഉച്ചയ്ക്ക് രണ്ടിനാണ് എസ്എസ്എല്‍സി ഫലപ്രഖ്യാപനം നടന്നത്. 98.11 ശതമാനമാണ് വിജയശതമാനം. കേരളത്തിലും ലക്ഷദ്വീപിലും, ഗള്‍ഫ് മേഖലകളിലുമായി 2939 സെന്ററുകളില്‍ 4,34,729 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവരുടെ എണ്ണം 4,26,513 ആണ്. എസ്എസ്എൽസി പരീക്ഷയിൽ ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ റവന്യൂജില്ല പത്തനംതിട്ടയാണ്, 99.33 ശതമാനം. ഏറ്റവും കുറവ് വിജയശതമാനം നേടിയ റവന്യൂ ജില്ല വയനാട്, 93.22 ശതമാനം. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർഥികളുടെ എണ്ണം 37,334 ആണ്. കഴിഞ്ഞ വർഷം എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർഥികളുടെ എണ്ണം 34,313 ആയിരുന്നു. ഈ വർഷം 3,021 കുട്ടികൾക്ക് കൂടുതലായി എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു.