ദേവദൂതര്‍ ആര്‍ത്തുപാടിയ ആമോദരാവിന്റെ അനുസ്മരണം. വിണ്ണില്‍ നിന്നും മണ്ണില്‍ അവതരിച്ച ദൈവസുതന്റെ തിരുപ്പിറവിയുടെ സന്ദേശം അറിയിച്ചു കൊണ്ടുള്ള കരോള്‍ സന്ധ്യ – ‘ജോയ് ടു ദി വേള്‍ഡ് ‘ ന്റെ ഏഴാം പതിപ്പില്‍ ഉയര്‍ന്നു കേട്ടത് സന്തോഷത്തിന്റയും പ്രത്യാശയുടെയും സുവര്‍ണ്ണഗീതങ്ങള്‍. കരോള്‍ സംഗീതത്തിന്റെ അവിസ്മരണീയ നിമിഷങ്ങള്‍ സമ്മാനിച്ച് ഡിസംബര്‍ ഏഴിന് ശനിയാഴ്ച കവന്‍ട്രി വില്ലന്‍ഹാള്‍ സോഷ്യല്‍ ക്ലബില്‍ ഒരുക്കിയ ജോയ് ടു ദി വേള്‍ഡ് എക്യൂമെനിക്കല്‍ കരോള്‍ ഗാന മത്സരത്തിന്റെ ഏഴാം പതിപ്പില്‍ നിറഞ്ഞു നിന്നത് സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും ക്രിസ്മസ് കിരണങ്ങള്‍.

യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വിവിധ പള്ളികളെയും സംഘടനകളെയും ക്വയര്‍ ഗ്രൂപ്പുകളെയും പ്രതിനിധീകരിച്ച് എത്തിയ ഗായകസംഘങ്ങള്‍ മാറ്റുരച്ചപ്പോള്‍ കിരീടം ചൂടിയത് ബിര്‍മിങ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍. ഹെര്‍മോന്‍ മാര്‍ത്തോമാ ചര്‍ച്ച് മിഡ്‌ലാന്‍ഡ്‌സ് രണ്ടാം സ്ഥാനവും, കവന്‍ട്രി സെന്റ് ജോസഫ് സീറോ മലബാര്‍ മിഷന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സീനായ് മാര്‍ത്തോമാ ചര്‍ച്ച് ലണ്ടന്‍ നാലാം സ്ഥാനവും, സഹൃദയ ടണ്‍ബ്രിഡ്ജ് വെല്‍സ് അഞ്ചാം സ്ഥാനവും നേടി. ഏറ്റവും നല്ല അവതരണത്തിനുള്ള ‘ബെസ്റ്റ് അപ്പിയറന്‍സ്’ അവാര്‍ഡിന് ലെസ്റ്റര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അര്‍ഹരായി. ഒന്നാം സ്ഥാനം നേടിയ ടീമിന് ആയിരം പൗണ്ടും ട്രോഫിയും രണ്ടാം സ്ഥാനം നേടിയ ടീമിന് അഞ്ഞൂറ് പൗണ്ടും ട്രോഫിയും, മൂന്നാം സമ്മാനം നേടിയ ടീമിന് ഇരുനൂറ്റി അമ്പതു പൗണ്ടും ട്രോഫിയും, നാലും അഞ്ചും സ്ഥാനത്ത് എത്തിയവര്‍ക്ക് ട്രോഫികളും സമ്മാനിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കവന്‍ട്രി സെന്റ്. ജോണ്‍ വിയാനി കാത്തലിക് ചര്‍ച്ച് വികാരി ഫാ. സെബാസ്റ്റ്യന്‍ നാമറ്റത്തില്‍ ‘ജോയ് ടു ദി വേള്‍ഡ്- 7’ ന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിച്ചു. ഈ വര്‍ഷത്തെ പ്രോഗ്രാമിന്റെ വിശിഷ്ടാതിഥിയായി പങ്കെടുത്ത് ആശംസകള്‍ അര്‍പ്പിച്ചത് യുകെ മലയാളികളുടെ അഭിമാനമായി മാറിയ റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് (ആര്‍സിഎന്‍) ന്റെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യന്‍ ആയിരുന്നു. സ്റ്റോക്ക്-ഓണ്‍-ട്രെന്റ് സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളി വികാരി ഫാ. ടോം ജേക്കബ് ക്രിസ്തുമസ് സന്ദേശം നല്‍കി. കരോള്‍ മത്സരത്തോടനുബന്ധിച്ച് യുകെയിലെ മികവുറ്റ ഗായകരെ അണിനിരത്തി അവതരിപ്പിച്ച ലൈവ് മ്യൂസിക്കല്‍ നൈറ്റ് ഏറെ ശ്രദ്ധേയമായി.

മത്സരങ്ങള്‍ക്ക് ശേഷം നടന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് ഫാ. ടോം ജേക്കബ്, ബിജോയ് സെബാസ്റ്റ്യന്‍, ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍, ദീപേഷ് സ്‌കറിയ, മനോജ് തോമസ്, ജോമോന്‍ കുന്നേല്‍, ബിനു ജോര്‍ജ്, സുനീഷ് ജോര്‍ജ്, ജോയ് തോമസ്, ജോഷി സിറിയക്, സുമി സണ്ണി, പ്രവീണ്‍ ശേഖര്‍, ടെസ്സ ജോണ്‍, ജെയ്സ് ജോസഫ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജോയ് ടു ദി വേള്‍ഡിന്റെ എട്ടാം സീസണ്‍, 2025 ഡിസംമ്പര്‍ ആറിനു നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.