ന്യൂസ് ഡെസ്ക് , മലയാളം യുകെ

ബിർമിംഗ്ഹാം : കൊറോണകാലത്ത് സാന്ത്വനമായി സെന്റ് ബെനഡിക്ട് മിഷന്റെ മനോഹര സംഗീതം. ദുരിതകാലത്തിൽ പെട്ട് കഴിയുന്നവർക്ക് ആശ്വാസമാണ് സീറോ മലബാർ സഭയുടെ ബിർമിങ്ഹാമിലെ സെന്റ് ബെനഡിക്ട് മിഷൻ ക്വയറിന്റെ ഈ സംഗീത വിരുന്ന്. ക്വയറിലെ ഗായകർ തങ്ങളുടെ ഭവനങ്ങളിൽ നിന്ന് പാടി ഒരുക്കിയിരിക്കുന്ന ഈ ഗാനം ക്രൈസ്തവ സമൂഹത്തിന് ഏറെ പരിചിതമായ ഗാനങ്ങളിൽ ഒന്നാണ്.

160ഓളം കുടുംബങ്ങളുള്ള ഇടവകയുടെ വികാരിയായ ടെറിൻ മുല്ലക്കര അച്ഛന്റെ സന്ദേശം വീഡിയോയുടെ ആദ്യഭാഗത്തുണ്ട്. ഈ ദുരിതകാലത്ത് നമ്മുടെ മനസ്സുകളെ സ്വാന്തനസംഗീതത്തിലേക്ക് നയിക്കുന്നതോടൊപ്പം ദുഃഖം അനുഭവിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുവാനും അച്ഛൻ ആവശ്യപ്പെടുന്നു. “യൂദന്മാരുടെ രാജാവായ നസ്രായനാം ഈശോയെ ” എന്ന് തുടങ്ങുന്ന ഗാനം സെന്റ് ബെനഡിക്ട് മിഷൻ ക്വയറിലെ 13ഓളം ഗായകർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്.

മിഷൻന്റെ ഈ പരിപാടിയിലെ പാട്ടിന്റെ ആരംഭം കുറിക്കുന്ന ബിജു കൊച്ചുതെള്ളിയിൽ യുകെ മലയാളികൾക്ക് വളരെ സുപരിചിതനാണ്. യുകെയിൽ തന്നെ പല വേദികളിലും, സീറോ മലബാറിന്റെ ധ്യനങ്ങളിലെ നിറ സാന്നിധ്യമായ ബിജു നല്ലൊരു കീബോർഡ് പ്ലയെർ കൂടിയാണ്. ക്രൈസ്തവ ആത്മീയ ഗാനശാഖയിൽ നിരവധി കയ്യൊപ്പുകൾ പതിപ്പിച്ച വൈദികനായ ഷാജി തുമ്പേചിറയിൽ അച്ഛന്റെ ആൽബത്തിൽ പാടിയിട്ടുള്ള കുട്ടികളും മിഷന്റെ ഈ ഉദ്യമത്തിൽ പാടിയിട്ടുണ്ട്.

കൊറോണ ഭീതിയിൽ കഴിയുന്ന ഏവർക്കും സംഗീതത്തിലൂടെ സാന്ത്വനം പകരുകയാണ് ബിർമിങ്ഹാമിലെ ഇടവക വികാരി ടെറിൻ മുല്ലക്കര അച്ഛനും ക്വയർ സംഘവും.