ന്യൂസ് ഡെസ്ക് , മലയാളം യുകെ

ഏറ്റവും കൂടുതൽ പ്രവാസി മലയാളികൾ ജോലിചെയ്യുന്ന ആരോഗ്യമേഖലയിൽ തദ്ദേശീയരെയും മറ്റു സഹപ്രവർത്തകരെയും അത്ഭുതപ്പെടുത്തുന്ന അർപ്പണം കാഴ്ചവെച്ച നിഷ തോമസിന് അർഹിക്കുന്ന അംഗീകാരം. യുകെയിലെ ആരോഗ്യ മേഖലയിൽ പ്രശസ്‌തമായ സെന്റ് ജോൺസ് കെയർ ട്രസ്റ്റിന്റെ എംപ്ലോയി അവാർഡ്സ് 2020ൽ 1,235 നോമിനീസിൽ നിന്ന് മികച്ച നഴ്സ് ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് നിഷാ തോമസ്.

നഴ്‌സിങ് പഠനം ചങ്ങനാശ്ശേരിയിൽ പൂർത്തിയാക്കി. തന്റെ ആഗ്രഹങ്ങൾക്ക് ചിറകുമുളപ്പിച്ചു ഇംഗ്ലീഷ് ടെസ്റ്റ് വിജയിച്ചപ്പോൾ ഓ എൻ പി ചെയ്യാൻ ഏജൻസി വഴി നിഷാ തോമസ് 2007ൽ  ആദ്യമായി യുകെയിൽ എത്തിച്ചേർന്നു. സുന്ദർലാൻഡ് യൂണിവേഴ്സിറ്റിയിൽ പഠനം വിജയകരമായി പൂർത്തിയാക്കി. വർക്ക് പെർമിറ്റ് നേടി വിഗണിൽ നഴ്‌സിങ്‌ ജോലിയിൽ. അധികം താമസിക്കാതെ വിവാഹം.

തുടർന്ന് ലിങ്കൺഷെയറിലേക്ക് എത്തിച്ചേർന്നു. നോട്ടിങ്ഹാം എൻഎച്ച്എസിൽ പ്രാക്ടീസ് നേഴ്സ് ആയി സേവനമനുഷ്ഠിക്കുന്ന, അതിരമ്പുഴ പുതുശ്ശേരി കുടുംബത്തിലെ ജോമോൻ ജോസഫ് ആണ് ജീവിതപങ്കാളി. ആൽഫി(10) ഫീയ (8) എന്നിവർ മക്കളാണ്. ചങ്ങനാശ്ശേരിയിലെ ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റലിലായിരുന്നു നഴ്സിംഗ് പഠനം.

കൊറോണ വൈറസ് മഹാമാരി മൂലം ഇത്തവണത്തെ ലിങ്കൻഷെയർ 2020 റീജിയണൽ എംപ്ലോയി അവാർഡ് ചടങ്ങ് ഓൺലൈനായാണ് നടന്നത്. കഴിഞ്ഞ മാർച്ച് മാസത്തിൽ തന്നെ നിഷയെ ബേസ്ഡ് നഴ്‌സിനുള്ള പുരസ്‌കാരത്തിനായി സഹപ്രവർത്തകർ നോമിനേറ്റ് ചെയ്‌തിരുന്നു. മൂന്ന് ഇംഗ്ലീഷ് നഴ്സുമാർ ചേർന്ന് ആണ് നിഷയെ നോമിനേറ്റ് ചെയ്‌തത്‌. ഫൈനലിസ്റ് ആയി എത്തിയ മൂന്നു പേരിൽ ഒരാളാണ് താൻ എന്ന് നിഷ അറിയുന്നത് കഴിഞ്ഞ ആഴ്ച്ച. കാത്തിരിപ്പിന് അറുതി വരുത്തി ഇന്നലെ ലെറ്റർ കിട്ടിയപ്പോൾ ജേതാവായത് യുകെ മലയാളികൾക്ക് അഭിമാനമായി നിഷാ തോമസ്.

ഇത്തവണ 1235 ഓളം നോമിനേഷനുകൾ മൂന്ന് വിഭാഗങ്ങളിൽ ആയി ഉണ്ടായിരുന്നു. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് ആരോഗ്യമേഖലയിലെ എല്ലാ പ്രവർത്തകരും കൈമെയ് മറന്ന് പ്രവർത്തിച്ച സമയമാണ് കടന്നുപോയത്, അതിനാൽ തന്നെ ലഭിച്ച എൻട്രികളിൽ നിന്നും ഫൈനൽ ലിസ്റ്റിലേക്ക് തെരഞ്ഞെടുക്കുക എന്നത് തന്നെ അത്യന്തം ദുർഘടമായ അനുഭവമായിരുന്നുവെന്ന് സംഘാടകർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. കോവിഡ് പ്രോട്ടോകോൾ നിലനിക്കുന്നതുകൊണ്ട് അവാർഡ് ചടങ്ങ് ഇന്നലെ നടത്തുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിധികർത്താക്കൾ സൂമിൽ ചർച്ചചെയ് താണ് ഫൈനൽ ലിസ്റ്റ് തീരുമാനിച്ചത്. രോഗികളുടെയും, സഹപ്രവർത്തകരുടെയും വാക്കുകളിൽ നിന്നും അനുഭവങ്ങളിൽ നിന്നും നിഷയുടെ  അർപ്പണമനോഭാവവും ദയയും പരിചരണവും എത്രയാണെന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ടെന്ന് വിധികർത്താക്കൾ പറയുന്നു. നേഴ് സിങ് മേഖലയോടുള്ള നിഷയുടെ കാഴ് ചപ്പാട്, സീനിയർ മെമ്പർമാരോട് ഉള്ള മനോഭാവം, സഹപ്രവർത്തകർക്ക് അത്യാവശ്യമുള്ള ഘട്ടങ്ങളിൽ നിർദ്ദേശം നൽകൽ, പരിചരണത്തിലെ നൈപുണ്യം, മെഡിക്കൽ രംഗത്തെ അറിവ്, രോഗികളോട് വാക്കുകളിലൂടെയും പെരുമാറ്റത്തിലൂടെയും നൽകുന്ന കരുതൽ, ആത്മസംയമനം എന്നിവ നിഷ യുടെ അവാർഡിലേക്കുള്ള പ്രയാണത്തിൽ മുന്നിൽ എത്തിക്കാൻ സാധിച്ചു.

യുകെയിലെ മലയാളി നഴ്സുമാരുടെ പ്രതിനിധിയാണ് ഒരു കണക്കിൽ പറഞ്ഞാൽ നിഷ. ഇരുൾ മൂടി തുടങ്ങുന്ന ഒരു കാലഘട്ടത്തിന് പ്രകാശവാഹകരായ ഒരു പറ്റം മനുഷ്യരുടെ കരുതൽ ഉണ്ട് എന്നതിന് ഉദാഹരണം കൂടിയാണ് നിഷയുടെ നേട്ടം. മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ തേടി യുകെയിലേക്ക് കുടിയേറുമ്പോൾ കൊറോണ വൈറസ് ലോകവ്യാപകമായി നഷ്ടം വിതയ്ക്കും എന്നത് ഒരാളുടെയും വിദൂര സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല.

യുകെയിലെ പ്രവാസി മലയാളികളിൽ ഏറിയപങ്കും ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ ആണെന്നിരിക്കെ അവർ നേരിടുന്ന വെല്ലുവിളികളും അപകടം നിറഞ്ഞതാണ്. കോവിഡ് 19 നെ നേരിടുന്നതിന്റെ ഭാഗമായി പലർക്കും ജോലിസ്ഥലങ്ങളിൽ മാറ്റമുണ്ടായി, മിക്കവർക്കും ചെറിയ കുട്ടികളാണുള്ളത്, പലപ്പോഴും വീട്ടിൽ മറ്റാരും ഉണ്ടാവില്ല. പുതിയ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് വംശീയമായ വെല്ലുവിളികൾ നേരിടാൻ കാരണമാവുന്നുണ്ട്.

കോവിഡ് വാർഡുകളിലും അനുബന്ധ മേഖലകളിലും തദ്ദേശീയർ അപകടകരമായ ജോലികളിൽ നിന്നു വിട്ടു നിൽക്കുമ്പോൾ, മലയാളികൾ അത് ഏറ്റെടുക്കാൻ നിർബന്ധിതരാകുന്നു. അതിനുപുറമേ വ്യക്തി സുരക്ഷാ ഉപകരണങ്ങളുടെ അഭാവം, ഓവർ ടൈം ജോലി തുടങ്ങിയവ നാഷണൽ ഹെൽത്ത് സർവീസിൽ ജോലി ചെയ്യുന്ന മലയാളികളുടെ മാനസിക പിരിമുറുക്കം വർദ്ധിപ്പിക്കുന്നുണ്ട്. ഇത്രയേറെ വെല്ലുവിളികൾക്കിടയിൽ നിന്നാണ് നിഷയുടെ നേട്ടം എന്നത് ശ്രദ്ധേയമാണ്.

2020 ലെ ബേസ്ഡ് നഴ്‌സായി തിരഞ്ഞെടുക്കപ്പെട്ട നിഷ തോമസിന് മലയാളം യുകെയുടെ അഭിനന്ദനങ്ങൾ.