രണ്ടാം ക്ലാസിലേയ്ക്ക് പോകേണ്ടിയിരുന്ന ഏഴ് വയസുകാരനെ ക്ലാസ് തുടങ്ങുന്നതിന്റെ തലേദിവസമാണ് യുഎസിലെ മിസൂറി സംസ്ഥാനത്തുള്ള സെന്റ് ലൂയിസില്‍ വെടി വച്ച് കൊന്നത്. സേവിയര്‍ ഉസാംഗ എന്ന ഏഴ് വയസുകാരനാണ് വീടിന് പുറത്ത് നടന്ന, ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.
സഹോദരിമാരായ ട്രിനിറ്റിയ്ക്കും (10) ഏഞ്ചലിനും (12) ഒപ്പം അയല്‍വീട്ടില്‍ നിന്ന് വീട്ടിലേയ്ക്ക് മടങ്ങിയതായിരുന്നു സേവ്യര്‍. വീടിന്റെ മുറ്റത്ത് നില്‍ക്കുമ്പോളാണ് വെടിയൊച്ച കേട്ടത്. പെണ്‍കുട്ടികള്‍ വീടിനകത്തേയ്ക്ക് ഓടിക്കയറി. സേവ്യര്‍ തങ്ങള്‍ക്കൊപ്പമില്ല എന്ന് അപ്പോളാണ് അവര്‍ ശ്രദ്ധിച്ചത്. കുറ്റിച്ചെടിയുടെ അടിയിലാണ് സേവ്യറുടെ മൃതദേഹം കിടന്നിരുന്നത്.
സെന്റ് ലൂയിസ് നഗരത്തില്‍ ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഇതുവരെ കൊല്ലപ്പെട്ടത് കറുത്ത വര്‍ഗക്കാരായ 13 കുട്ടികളാണ് ഇത്തരത്തില്‍ വെടിവയ്പില്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെടുന്നത് വെളുത്ത വര്‍ഗക്കാരാണെങ്കില്‍ കൂടുതല്‍ മാധ്യമ ശ്രദ്ധ കിട്ടുമായിരുന്നു എന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് പറയുന്നു. കറുത്തവര്‍ഗക്കാരായ പല മാതാപിതാക്കളും കുട്ടികളെ പുറത്തുവിടാന്‍ ധൈര്യപ്പെടുന്നില്ല. രണ്ട് വയസ് പ്രായമുള്ള കെയ്ഡന്‍ ജോണ്‍സണ്‍ മുതലുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. കെയ്ഡനേയും അമ്മ ട്രിനിറ്റി റിലേയേയും വീട്ടില്‍ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് മേയിലാണ്.
യുഎസിന്റെ വെടിവയ്പ് കൊലകളുടെ തലസ്ഥാനമെന്ന കുപ്രസിദ്ധി നേടിയിരിക്കുകയാണ് സെന്റ് ലൂയിസ്. 2014 മുതലുള്ള കണക്കെടുത്താല്‍ ഇക്കാര്യത്തില്‍ യുഎസിലെ മറ്റേത് നഗരങ്ങളേക്കാളും മുന്നില്‍. അക്രമത്തിനിരയായി കൊല്ലപ്പെടുന്നവരില്‍ കൂടുതലും കറുത്ത വര്‍ഗക്കാര്‍. ഈ വര്‍ഷം 13 കുട്ടികള്‍ തോക്കിനിരയായിരിക്കുന്നു. പൊലീസില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. തോക്കുകള്‍ വളരെ എളുപത്തില്‍ ലഭ്യമാകുന്ന അവസ്ഥ തുടരുകയാണ്.
യുവാക്കളുടെ പോക്കറ്റില്‍ പേഴ്‌സിനേക്കാള്‍ സാധാരണയായി തോക്ക് കാണുന്ന അവസ്ഥയാണുള്ളത് എന്ന് എന്‍ജിഒ പ്രവര്‍ത്തകനായ ജയിംസ് ക്ലാര്‍ക്ക് ഗാര്‍ഡിയനോട് പറഞ്ഞു. തൊഴിലില്ലായ്മയും ദാരിദ്ര്യവും മയക്കുമരുന്നിന് അടിപ്പെടുന്ന യുവത്വവും അടക്കമുള്ള പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യപ്പെടുന്നില്ല. എന്തുകൊണ്ട് ഈ തോക്ക് ഭീകരത ഇല്ലാതാക്കാന്‍ കഴിയുന്നില്ല എന്ന പ്രശ്‌നം അഭിസംബോധന ചെയ്യപ്പെടേണ്ടതുണ്ട് എന്ന് പറയുന്നു സെന്റ് ലൂയിസ് സിറ്റി സര്‍ക്യൂട്ട് അറ്റോണിയും നഗരത്തിലെ കറുത്ത വര്‍ഗക്കാരിയായ ആദ്യ അഭിഭാഷകയുമായ കിം ഗാര്‍ഡനര്‍. കഴിഞ്ഞ ഒരു പതിറ്റാണ്ടായി മിസൂറി സംസ്ഥാനം തോക്ക് നിയമങ്ങള്‍ കൂടുതല്‍ ഉദാരമാക്കുകയാണുണ്ടായത്. 19 വയസുള്ളയാള്‍ക്ക് തോക്ക് ലൈസന്‍ ലഭിക്കുമെന്നായി. ഉപയോഗിക്കാന്‍ പരിശീലനമോ പെര്‍മിറ്റുകളോ വേണ്ടെന്നായി. ഇത് ആറ് വര്‍ഷത്തിനിടെ വെടിവയ്പ് കൊലകളില്‍ 16 ശതമാനം വര്‍ദ്ധനവാണുണ്ടാക്കിയത്.
Leave a Reply