ലെസ്റ്റർ: യു കെ യിലെ ആല്മീയ-സാംസ്കാരിക-സാമൂഹ്യ രംഗങ്ങളിൽ നിറസാന്നിദ്ധ്യമായ ലെസ്റ്റർ സെന്റ് തോമസ് ഫാമിലി സോഷ്യൽ ക്ലബ്ബിന്റെ ‘ഓണോത്സവം 2019 ‘ പ്രൗഢ ഗംഭീരമായി. മലയാളക്കരയിലെ പ്രതാപകാലത്തെ പൊന്നോണം തെല്ലും മങ്ങാതെ സദസ്സിൽ അനുഭവമാക്കിമാറ്റിയ മികച്ച സംഘാടകത്വവും, മികവുറ്റ അവതരണവും, കലാ ചാതുര്യവും, ഒത്തൊരുമയും STFSC ലെസ്റ്ററിന്റെ ഓണാഘോഷത്തെ അവിസ്മരണീയമാക്കി.

 

പതിറ്റാണ്ടുകളായി ലെസ്റ്റർ പാർലിമെന്റ് പ്രതിനിധിയായും, ബ്രിട്ടീഷ് രാഷ്ട്രീയ-സാമൂഹ്യ-നയതന്ത്ര രംഗങ്ങളിൽ ശ്രദ്ധേയമായ വ്യക്തിമുദ്ര പതിപ്പിക്കകുകയും, ന്യുന പക്ഷ വിഭാഗത്തിനായി ശക്തമായ നിലപാടുണർത്തുകയും ചെയ്തുപോരുന്ന കീത്ത് വാസ് M P, ലെസ്റ്റർ മദർ ഓഫ് ഗോഡ് ചർച്ച് വികാരിയും, ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വികാരിജനറാളുമായ മോൺ.ജോർജ്ജ് ചേലക്കൽ എന്നിവർ STFSC ന്റെ ഓണോത്സവത്തിൽ മുഖ്യാതിഥികളായി പങ്കു ചേർന്നു.

ഓണാഘോഷങ്ങളിൽ ഇന്ത്യയിലും ബ്രിട്ടനിലുമായി പങ്കെടുക്കുവാൻ ലഭിച്ച അവസരങ്ങളിൽ ഹൃദയത്തിൽ തട്ടിയ ആനന്ദവും, അസൂയാവഹമായ ഒത്തൊരുമയും, അവാച്യമായ സംസ്കാരിക സമ്പന്നതയും, മലയാള മനസ്സുകളിലെ സ്നേഹോഷ്മളതയും മറ്റെല്ലാ ആഘോഷങ്ങളെക്കാളും വേറിട്ടതായും, അർത്ഥപൂർണ്ണമായ അനുഭവവുമായതും കീത്ത് വാസ് തന്റെ ഉദ്ഘാടന സന്ദേശത്തിൽ ഓർമ്മിച്ചു.സെന്റ് തോമസ് ഫാമിലി സോഷ്യൽ ക്ലബ്ബിന്റെ പ്രവർത്തനങ്ങളെ മുക്തകണ്ഠം പ്രശംശിക്കുന്നതായും കീത്ത് വാസ് പറഞ്ഞു.

ദേശീയ സ്നേഹവും സാഹോദര്യവും തത്വസംഹിതകളിൽ അന്തർ ലയിച്ചിരിക്കുന്ന നന്മയുടെ പര്യായങ്ങളായ ഓണം പോലുള്ള ആഘോഷങ്ങൾ അവാച്യമായ സ്നേഹത്തിന്റെ നീരുറവയാണെന്നും കാലഘട്ടത്തിൽ പ്രതീക്ഷയും സ്വപ്നങ്ങളും നൽകുന്ന നേരിന്റെയും നെറിവിന്റെയും ഒരുത്സവമാണിതെന്നും ജോർജ് ചേലക്കൽ അച്ചൻ അനുസ്മരിച്ചു. ആല്മീയ വിശ്വാസത്തിന്റെ കുടക്കീഴിൽ നിന്ന് കൊണ്ട് സാംസ്കാരിക തലത്തിലും സാമൂഹിക തലത്തിലും പ്രതിബദ്ധത പുലർത്തുകയും ദേശീയ സ്നേഹത്തോടൊപ്പം സാഹോദര്യ മൈത്രിപുലർത്തുകയും ചെയ്യുന്ന നന്മയുടെ പ്രവർത്തനങ്ങൾ STFSC ൽ നിന്നും കൂടുതലായി പ്രതീക്ഷിക്കുന്നതായും ജോർജ്ജ് അച്ചൻ അഭിപ്രായപ്പെട്ടു.

ക്ലബംഗങ്ങൾ തന്നെ പാകം ചെയ്ത കേരളത്തനിമയിൽ സമ്പന്നവും വിഭവ സമൃദ്ധവും ഏറെ ആസ്വദിക്കുകയും ചെയ്ത ഓണ സദ്യ ഏവരുടെയും രുചികൂട്ടായത് ഈ ആഘോഷത്തിലെ ഹൈലൈറ്റായി.

ക്ലബ്ബിലെ വനിതാംഗങ്ങൾ ചേർന്ന് മനോഹരമായ ഓണപ്പൂക്കളം ഇട്ടുകൊണ്ട്‌ നാന്ദി കുറിച്ച ‘ഓണോത്സവം -2019’ ആഘോഷം കൊട്ടും കൊരവയും, ആർപ്പു വിളികളുമായി എഴുന്നള്ളിയെത്തിയ മഹാബലിയുടെ ആഗമനത്തോടെ ആവേശഭരിമായി. അഞ്ജലിറ്റ ജോസഫ് ഈശ്വര ഗാനം ആലപിച്ചുകൊണ്ട് ആഘോഷത്തിന് ആല്മീയ നിറവ് പകർന്നു. ആഘോഷത്തിലേക്ക് വിശിഷ്‌ടാതിഥികൾക്കും, ക്ലബ്ബ് അംഗങ്ങൾക്കും ഹൃദ്യമായ സ്വാഗതം എൽന സ്റ്റാൻലി ആശംശിച്ചു. വിശിഷ്‌ടാതിഥികളുടെ അനുഗ്രഹീത സാന്നിദ്ധ്യത്തിനും, സന്ദേശങ്ങൾക്കും കൂടാതെ ആഘോഷം വർണ്ണാഭമാക്കിയ ഓരോ വ്യക്തികൾക്കും ലിയോൺ ജോർജ്ജ് അകൈതവമായ നന്ദി പ്രകാശിപ്പിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മാവേലി മന്നനെ വരവേൽക്കാൻ ചെണ്ടമേളവും, മുത്തുക്കുടകളും, താലപ്പൊലിയുമായി നടത്തിയ സ്വീകരണവും ആഘോഷവും STFSC കുടുംബാംഗങ്ങൾക്ക് ഉത്സവ പ്രതീതിയുണർത്തുകയായിരുന്നു.

മാവേലി മന്നനോടൊപ്പം വിശിഷ്‌ടാഥിതികളും ചേർന്നു നിലവിളക്ക് കൊളുത്തിയതോടെ ഓണോത്സവത്തിന് ഗംഭീരമായ തുടക്കമായി. ലിയോ സുബിൻ ബൊക്കെ നൽകി മുഖ്യാതിഥിയായ കീത്ത് വാസ് എംപിയെ സ്വീകരിച്ചു. ടോയൽ ടോജോ നൽകിയ ഓണ സന്ദേശം അനുസ്‌മൃതികളുണർത്തുന്നതും, ഹൃദ്യവുമായി.

തുടർന്ന് അരങ്ങേറിയ കലാ വിരുന്നിൽ STFSC കുട്ടികളും അംഗങ്ങളും ചേർന്നു അവതരിപ്പിച്ച വൈവിദ്ധ്യങ്ങളായ മികച്ച കലാ പരിപാടികളും, ഓണക്കളികളും ഏറെ ശ്രദ്ധേയമായി. കേരളത്തനിമ നിറഞ്ഞ തനതായ കലാരൂപങ്ങളുടെ മികവുറ്റതാക്കിയ അവതരണങ്ങൾ, കലാകാരന്മാരും കലാകാരികളും ചേർന്ന് അവതരിപ്പിച്ച വിവിധ ഗ്രൂപ്പ്‌ ഡാന്‍സുകള്‍, നാടോടി നൃത്തം, ഓണ പാട്ട്, തിരുവാതിര, നാടൻ പാട്ട് ഡാൻസ്
എന്നിവ ആഘോഷത്തെ ഏറെ ആകർഷകമാക്കി.

കോവൻട്രി മേളപ്പെരുമയുടെ കലാകാർ അവതരിപ്പിച്ച ചെണ്ടമേളം ആഘോഷത്തെ വർണ്ണാഭമാക്കി. ശിങ്കാരിമേളത്തിന്റെ താളപ്പെരുമ സമ്മാനിച്ച ആവേശത്തിന്റെ പിരിമുറുക്കവും, നൃത്ത-താളങ്ങളുടെ ചുവടുവെപ്പുകളും ഏവരെയും ആനന്ദലഹരിയിൽ ആറാടിച്ചു.

സുബിൻ തോമസ്, സന്തോഷ് മാത്യു, ഷിബു, ജോമി ജോൺ, ജോബി എന്നിവർ ആഘോഷത്തിന് നേതൃത്വം വഹിച്ചു. സ്റ്റാൻലി പൈമ്പിള്ളി (ലൈഫ് ലൈൻ), പ്രിൻസ് (ഒക്കിനാവൻ ഷോരൻ റിയു, കരാട്ടെ ) എന്നിവർ പ്രായോജകരായിരുന്നു. ലൈറ്റ് ആൻഡ് സൗണ്ടിന് അഭിലാഷ് പോളും, ഓണ സദ്യക്കു ജോസഫ് ജോസ്, അബ്രാഹം ജോസ്, വിജയ്, ബിറ്റോ, ജിജി എന്നിവരും നേതൃത്വം നൽകി.

ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിയ കായിക മത്സരങ്ങൾക്കുള്ള ഉപഹാരങ്ങൾ കീത്ത് വാസ് വിതരണം ചെയ്തു. വൈകുന്നേരം ഒമ്പതര മണിയോടെ ഗംഭീരമായ ഓണോത്സവം സമാപിച്ചു.